മമ്മൂട്ടിയുടെ കൂടെ അഴകിയ രാവണന്‍ സിനിമയില്‍ അഭിനയിച്ചതിനെ പറ്റി സംസാരിക്കുകയാണ് നടി അഞ്ജു അരവിന്ദ്. മമ്മൂട്ടി വളരെ സിമ്പിളായിട്ടുള്ള വ്യക്തിയാണെന്നും കൂടെ വര്‍ക്ക് ചെയ്താല്‍ മാത്രമേ മമ്മൂട്ടിയെ മനസിലാക്കാന്‍ സാധിക്കുകയുള്ളുവെന്നും താരം പറയുന്നു. ഒപ്പം അഴകിയ രാവണന്‍ സിനിമാ ലൊക്കേഷനിലെ അനുഭവങ്ങളും പങ്കുവെക്കുന്നുണ്ട്. മാസ്റ്റര്‍ ബിന്നിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അഞ്ജു അരവിന്ദ്.

‘മമ്മൂക്കയോട് എനിക്ക് ഭയങ്കര സ്‌നേഹമാണ്. അദ്ദേഹം നമ്മള്‍ മലയാളികള്‍ക്ക് അഭിമാനമാണ്. വേണമെങ്കില്‍ അഹങ്കാരമാണെന്നും പറയാം. മമ്മൂക്കയുടെ കൂടെ ഞാന്‍ ആദ്യമായി അഭിനയിക്കുന്നത് ‘അഴകിയ രാവണന്‍’ സിനിമയിലാണ്. അതന്ന് വലിയ ഹിറ്റായിരുന്നു.

അതിന് ശേഷം മമ്മൂക്കയെ കണ്ടപ്പോള്‍ അടുത്ത സിനിമയില്‍ എന്നെ വിളിക്കണമെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ടായിരുന്നു. അഴകിയ രാവണനില്‍ ഹിറ്റായ നടിയാണെന്ന് പറഞ്ഞിട്ടാണ് അടുത്ത സിനിമയില്‍ വിളിക്കണമെന്ന് ഞാന്‍ പറഞ്ഞത്. അതിന് ശേഷം ഞാന്‍ മമ്മൂക്കയുടെ കൂടെ പത്തേമാരിയിലും സിദ്ധാര്‍ഥയിലും ഒരുമിച്ച് അഭിനയിച്ചിരുന്നു.

എല്ലാവരും മമ്മൂക്കയെ പേടിയാണെന്ന് പറയാറുണ്ട്. എന്നാല്‍ മമ്മൂക്കയെ പേടിക്കാന്‍ മാത്രമായി ഒന്നുമില്ല. പക്ഷെ എനിക്ക് ആദ്യം അഴകിയ രാവണന്‍ ചെയ്യുമ്പോള്‍ ഭയങ്കര പേടിയായിരുന്നു. മമ്മൂക്കയുടെ അടുത്ത് പോലും ഇരിക്കില്ലായിരുന്നു. എന്നാല്‍ പത്തടി മാറി ദൂരെ നിന്ന് നോക്കുമായിരുന്നു. അത്രയും ആരാധനയായിരുന്നു അന്ന്.

അഴകിയ രാവണനിന്റെ ലൊക്കേഷനില്‍ വിനീതും (വിനീത് കുമാര്‍) ഞാനും ഒരുമിച്ചായിരുന്നു ഇരിക്കാറുള്ളത്. അവന്‍ എന്നെക്കാള്‍ ചെറുതായിരുന്നു. കുട്ടിയായിരുന്നു അവന്‍. സിനിമയില്‍ ഭാനുപ്രിയയായിരുന്നു നായിക. ഭാനുപ്രിയയുടെ അനിയത്തിയായിട്ടാണ് ഞാന്‍ അഭിനയിച്ചത്. വിനീത് ഞങ്ങളുടെ അനിയനും. ഞാനും വിനീതും കണ്ണൂരില്‍ നിന്ന് വരുന്നവരായത് കൊണ്ട് നല്ല കൂട്ടായിരുന്നു.

ഞങ്ങള്‍ ലൊക്കേഷനില്‍ ചെന്നാല്‍ രണ്ടുപേരും മാത്രമായി മാറിയിരിക്കും. ഒരുദിവസം ഞങ്ങള്‍ അങ്ങനെ മാറിയിരിക്കുന്നത് കണ്ടിട്ട് മമ്മൂക്ക ഞങ്ങളുടെ നേരെ നോക്കി. പിന്നെ എഴുന്നേറ്റ് വന്ന് ഞങ്ങളുടെ അടുത്തിരുന്നു. ആ സമയം ഞങ്ങള്‍ ഇരുന്നയിടത്ത് നിന്ന് അറിയാതെ എഴുന്നേറ്റ് പോയി. പെട്ടെന്ന് മമ്മൂക്ക എവിടെ പോകുന്നു, അവിടെയിരിക്ക് എന്ന് പറഞ്ഞു.

അതുകേട്ട് ഞങ്ങളാകെ പേടിച്ച് വിറച്ചു. മമ്മൂക്ക ഞാന്‍ നിങ്ങളുടെ അടുത്തിരിക്കാന്‍ വന്നതാണെന്ന് പറഞ്ഞു. അത്രയും സിമ്പിളായിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. മമ്മൂക്കയുടെ കൂടെ വര്‍ക്ക് ചെയ്താല്‍ മാത്രമെ മമ്മൂക്കെയെ മനസിലാക്കാന്‍ പറ്റുകയുള്ളു. പലപ്പോഴും മമ്മൂക്ക ഫ്രീഡം തരികയാണ്. അങ്ങനെ പറയാന്‍ പറ്റുമെന്ന് തോന്നുന്നില്ല. നമ്മള്‍ ഫ്രീഡം എടുക്കുകയാണ് ചെയ്യുന്നത്,’ അഞ്ജു അരവിന്ദ് പറഞ്ഞു.

Content Highlight: Anju Aravind Talks About Mammootty