ഇന്ന് തമിഴ് സിനിമയിലെ ഏറ്റവും മികച്ച സംഗീത സംവിധായകന്‍ ആരെന്ന ചോദ്യത്തിന് സംശയമില്ലാതെ പറയാന്‍ പറ്റുന്ന പേരാണ് അനിരുദ്ധിന്റേത്. ചെയ്യുന്ന പാട്ടുകളെല്ലാം ചാര്‍ട്ട്ബസ്റ്ററാക്കുന്ന ചുരുക്കം സംഗീത സംവിധായകരിലൊരാളാണ് അനിരുദ്ധ്. വൈ ദിസ് കൊലവെറി എന്ന സെന്‍സേഷണല്‍ ഹിറ്റിലൂടെയാണ് അനി തന്റെ സംഗീത ജീവിതം ആരംഭിച്ചത്.
തിയേറ്ററുകളില്‍ ഗംഭീര മുന്നേറ്റം നടത്തുന്ന ഡി.സിയില്‍ പലരും എടുത്തുപറയുന്ന പോസിറ്റീവ് അനിരുദ്ധിന്റെ സംഗീതമാണ്. കംപ്ലീറ്റായി ട്രാക്ക് മാറി അനി ഒരുക്കിയ സ്‌കോര്‍ പലരുടെയും പ്ലേലിസ്റ്റ് ഭരിക്കുന്നുണ്ട്. കരിയറില്‍ താന്‍ ചെയ്ത പാട്ടുകളെക്കുറിച്ചും അതിന്റെ പിന്നാമ്പുറ കഥകളെക്കുറിച്ചും സംസാരിക്കുകയാണ് അനിരുദ്ധ്.
സൂപ്പര്‍താരങ്ങള്‍ക്ക് വേണ്ടി ഒരുപാട് ഹിറ്റ് പാട്ടുകളൊരുക്കിയ അനിരുദ്ധ് തന്റെ ഇഷ്ടനടന് വേണ്ടി ഒരുക്കിയ പാട്ടുകളിലൊന്നാണ് ‘ആലുമാ ഡോലുമാ’. അജിത് നായകനായ വേതാളത്തിലെ ഹിറ്റ് ഗാനം തനിക്ക് ആദ്യം ഒട്ടും സംതൃപ്തി തന്നിരുന്നില്ലെന്ന് പറയുകയാണ് അനിരുദ്ധ്. ബില്‍ബോര്‍ഡ് ഇന്ത്യയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ആലുമാ ഡോലുമാ റെക്കോഡിങ്ങെല്ലാം തീര്‍ത്ത് ഡയറക്ടറെ ഏല്പിച്ചു. പക്ഷേ, കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ എനിക്ക് ആ പാട്ടില്‍ അത്രക്ക് തൃപ്തി തോന്നിയില്ല. ഇതൊന്നും തിയേറ്ററില്‍ വര്‍ക്കാകില്ല, ഫാന്‍സ് ഈ പാട്ട് കേള്‍ക്കുമ്പോള്‍ കൂവിപ്പൊളിക്കാന്‍ ചാന്‍സുണ്ടെന്ന് തോന്നി. ഈ പാട്ട് ഡിലീറ്റ് ചെയ്ത് വേറൊന്ന് കമ്പോസ് ചെയ്താലോ എന്നുവരെ ആലോചിച്ചു.
ഇത് ഞാന്‍ ഡയറക്ടറെ വിളിച്ച് പറയുകയും ചെയ്തു. തൊട്ടടുത്ത ദിവസം ഈ പാട്ട് ഷൂട്ട് ചെയ്യാന്‍ അവരെല്ലാം റെഡിയായി നില്‍ക്കുകയായിരുന്നു. പാട്ടിന്റെ ഷൂട്ട് രണ്ടുമൂന്ന് ദിവസത്തേക്ക് മാറ്റിവെക്കാന്‍ പറ്റുമോ എന്ന് ചോദിച്ചു. ‘നോക്കട്ടെ’ എന്ന് പറഞ്ഞ് അദ്ദേഹം ഫോണ്‍ കട്ട് ചെയ്തു. സെറ്റില്‍ ഇത് ഡിസ്‌കസ് ചെയ്യുന്നത് കണ്ട് അജിത് സാര്‍ കാര്യം അന്വേഷിച്ചു. ശിവ സാര്‍ കാര്യം വിശദീകരിച്ചു. ‘ഈ പാട്ട് ഡിലീറ്റ് ചെയ്യരുത്, സൂപ്പര്‍ഹിറ്റാകും’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അത് സത്യമായി,’ അനിരുദ്ധ് പറയുന്നു.
ഒരുമിച്ച് വര്‍ക്ക് ചെയ്തതില്‍ തനിക്ക് ആരും ഒരുപാട് പ്രഷര്‍ തന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരുമായും നല്ല രീതിയില്‍ വര്‍ക്ക് ചെയ്യാന്‍ സാധിച്ചിട്ടുണ്ടെന്നും ലോകേഷ്, നെല്‍സണ്‍ കാര്‍ത്തിക് സുബ്ബരാജ്, അറ്റ്‌ലീ എന്നിവരുമായെല്ലാം പ്രവര്‍ത്തിക്കുന്നത് നല്ല സന്തോഷം നല്‍കാറുണ്ടെന്നും അനിരുദ്ധ് കൂട്ടിച്ചേര്‍ത്തു.
Content Highlight: Anirudh shares the experience of Aaluma Doluma song