ന്യൂദല്‍ഹി: അതിതീവ്ര ശേഷിയുള്ള ഉംപുണ്‍ ചുഴലിക്കാറ്റ് തീരത്തോടടുക്കുന്നു. ഉച്ചയോടു കൂടി കാറ്റ് ബംഗാള്‍ തീരത്തെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

നിലവില്‍ കാറ്റ് ഒഡീഷയിലെ പാരാദ്വീപിന് 180 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. ഒഡീഷ തീരത്തും ബംഗാള്‍ തീരത്തും കനത്ത കാറ്റും മഴയും തുടരുകയാണ്. മണിക്കൂറില്‍ 90 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റടിക്കുന്നത്. ഇരു സംസ്ഥാനങ്ങളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

 

പശ്ചിമ ബംഗാളിന്റെയും ഒഡീഷയുടെയും ജനവാസ കേന്ദ്രങ്ങളില്‍ നിന്നും ആളുകളെ മുഴുവന്‍ മാറ്റി പാര്‍പ്പിച്ചതായി ഇരു സംസ്ഥാനങ്ങളും അറിയിച്ചു. ബംഗാള്‍ തീരത്തു നിന്നും മൂന്നു ലക്ഷം പേരെയും ഒഡീഷന്‍ തീരത്തു നിന്നും 11 ലക്ഷം പേരെയുമാണ് ഒഴിപ്പിച്ചതെന്ന് സര്‍ക്കാര്‍ അധികൃതര്‍ വ്യക്തമാക്കി.

തീരപ്രദേശത്ത് കനത്ത നാശനഷ്ടങ്ങളുണ്ടാവാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. ഇരു സംസ്ഥാനങ്ങളിലും കനത്ത ജാഗ്രത പാലിക്കാന്‍ നിര്‍ദേശമുണ്ട്.

സൈക്ലോണിന്റെ പ്രഭാവത്തില്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും മഴയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. അസം, ത്രിപുര, മേഘാലയ എന്നീ സംസ്ഥാനങ്ങള്‍ക്കാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുള്ളത്.

അടിയന്തര സാഹചര്യത്തെ നേരിടാന്‍ ഇരു സംസ്ഥാനങ്ങളുമായി 3000ത്തോളം ദുരന്ത നിവാരണ സേനയെ വിന്യസിച്ചിട്ടുണ്ട്. നാവിക സേനയുടെ വിദഗ്ധ സംഘം കൊല്‍ക്കത്തയില്‍ എത്തിയിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.