എറണാകുളം : നടിയെ പീഡിപ്പിച്ച വിഷയത്തില്‍ എ എം എം എ ദിലീപിനെ സംരക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ നടന്‍ മുകേഷിനെതിരെയുള്ള ആരോപണങ്ങളെകുറിച്ചന്വേഷിക്കാന്‍ സംഘടനയ്ക്ക് സമയം കിട്ടുമോ എന്ന് തനിക്ക് സംശയമുണ്ടെന്നു നടി റിമ കലിങ്കല്‍. ഇന്ന് വൈകിട്ടു എറണാകുളം പ്രസ്സ് ക്ലബ്ബില്‍ നടത്തിയ ചേര്‍ന്ന ഡബ്ലിയൂ സി സിയുടെ പത്രസമ്മേളനത്തിലാണ് പരിഹാസരൂപേണ റിമ ഇക്കാര്യം പറഞ്ഞത്.

ഈയടുത്തായി വന്ന ഒരു ലൈംഗികാരോപണം തന്റെ ശ്രദ്ധയില്‍പ്പെട്ടുവെന്നു നടന്‍ മുകേഷിനെതിരെയുള്ള മീടൂ ആരോപണത്തെ സൂചിപ്പിച്ചുകൊണ്ടു റിമ പറഞ്ഞു. ആരോപണത്തെകുറിച്ച ചോദ്യമുയര്‍ന്നപ്പോള്‍ അദ്ദേഹത്തിനെതിരെ തീര്‍ച്ചയായും അന്വേഷണം വേണം എന്ന് റിമ മറുപടി നല്‍കി. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ തീരുമാനത്തെകുറിച്ചറിയാന്‍ തനിക്ക് താല്പര്യമുണ്ട്. കാരണം അദ്ദേഹം ഒരു എം എല്‍ എ ആണ്. എന്നാല്‍ “ചാര്‍ജ്ഷീറ്റ് ചെയ്യപ്പെട്ട ഒരു കുറ്റാരോപിതന് വേണ്ടി പോരാടുമ്പോള്‍ “അമ്മ”യ്ക്ക് ഇക്കാര്യത്തില്‍ നടപടി എടുക്കാന്‍ സമയം കിട്ടുമോ എന്നറിയില്ല” റിമ കൂട്ടിച്ചേര്‍ത്തു.

ഡബ്ലിയൂ സി സി അംഗങ്ങളും നടിമാരുമായ രേവതി, പദ്മപ്രിയ, പാര്‍വതി, രമ്യ നമ്പീശന്‍, തുടങ്ങിയവരും പീഡിപ്പിക്കപ്പെട്ട നടിയുടെ കാര്യത്തിലുള്ള എ എം എം എയുടെ നിലപാടിനെ കുറിച്ച സംസാരിച്ചു. ഇന്ത്യയിലാകമാനം ചൂഷണങ്ങള്‍ക്കെതിരെയുള്ള സ്ത്രീകളുടെ സമരം നടക്കുകയാണ്. പക്ഷെ കേരളത്തില്‍ തങ്ങളെ പരിഹസിക്കുകയും പൊള്ളവാക്കുകള്‍ പറഞ്ഞു കണ്ണില്‍ പൊടിയിടുകയുമാണ് എ എം എം എ ചെയ്യുന്നതെന്നും ഡബ്ലിയൂ സി സി ഭാരവാഹികള്‍ ആരോപിച്ചു.