കൂലിക്ക് ശേഷം പല വമ്പന്‍ പ്രൊജക്ടുകളും ഡ്രോപ്പായി ട്രോള്‍ പേജുകളുടെ സൈബര്‍ അറ്റാക്ക് നേരിടേണ്ടി വന്ന സംവിധായകനാണ് ലോകേഷ് കനകരാജ്. നീണ്ടകാലം സോഷ്യല്‍ മീഡിയയില്‍ നിന്ന് വിട്ടുനിന്ന ലോകേഷ് ഡി.സിയിലൂടെ പലരുടെയും വായടപ്പിച്ചു. കൂലി റിലീസായി ഒരു വര്‍ഷം പിന്നിടുമ്പോഴും ലോകേഷിന്റെ സംവിധാനത്തില്‍ പുതിയ പ്രൊജക്ടുകളൊന്നും ഇതുവരെ ആരംഭിച്ചിട്ടില്ല.

കൈതി 2 പ്രതീക്ഷിച്ച് നിന്നവര്‍ക്ക് മുന്നിലേക്ക് അല്ലു അര്‍ജുനുമൊത്തുള്ള തെലുങ്ക് പ്രൊജക്ട് അനൗണ്‍സ് ചെയ്ത് ആരാധകരെ ഞെട്ടിച്ചു. പുഷ്പക്ക് ശേഷം പാന്‍ ഇന്ത്യന്‍ ഹീറോയായി മാറിയ അല്ലുവിനെ ലോകേഷിന്റെ ഫ്രെയിമില്‍ കാണാന്‍ പ്രേക്ഷകര്‍ കാത്തിരിക്കുകയായിരുന്നു. എന്നാല്‍ അനൗണ്‍സ് ചെയ്ത് ആറ് മാസമായിട്ടും ചിത്രത്തിന്റെ ഷൂട്ട് ആരംഭിക്കാത്തതോടെ ഈ പ്രൊജക്ട് ഉപേക്ഷിച്ചെന്ന് ചിലര്‍ റിപ്പോര്‍ട്ട് ചെയ്തു.

രജിനി- കമല്‍ റീയൂണിയന്‍, ആമിര്‍ ഖാനൊപ്പമുള്ള പ്രൊജക്ട് എന്നിവ കൈവിട്ടുപോയതുപോലെ AA 23യും ലോകേഷിന്റെ കൈയില്‍ നിന്ന് പോയെന്ന് പലരും ഇതോടെ അഭിപ്രായപ്പെട്ടു. എന്നാല്‍ ഇത്തരം റൂമറുകള്‍ അടിസ്ഥാനരഹിതമാണെന്ന് തെളിയിച്ചിരിക്കുകയാണ് ലോകേഷ്. AA 23 ഡ്രോപ്പായില്ലെന്ന് പറഞ്ഞുകൊണ്ടുള്ള പോസ്റ്റ് ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്.

അല്ലു അര്‍ജുനൊപ്പമിരിക്കുന്ന ഫോട്ടോ ‘ഇന്‍ട്രസ്റ്റിങ്ങായിട്ടുള്ള അപ്‌ഡേറ്റുകള്‍ വൈകാതെ വരും’ എന്ന ക്യാപ്ഷനോടെ തന്റെ സോഷ്യല്‍ മീഡിയ പേജില്‍ ലോകേഷ് പങ്കുവെച്ചിരിക്കുകയാണ്. വലിയ പ്രതീക്ഷയുള്ള പ്രൊജക്ട് ഡ്രോപ്പായില്ലെന്ന് അറിഞ്ഞതിന്റെ സന്തോഷത്തിലാണ് സിനിമാപ്രേമികള്‍. വിമര്‍ശിച്ചവരുടെയും കളിയാക്കിയവരുടെയും വായ ലോകേഷ് അടപ്പിച്ചെന്നാണ് കമന്റുകള്‍.

നിലവില്‍ അറ്റ്‌ലീ സംവിധാനം ചെയ്യുന്ന റാക്കയുടെ ഷൂട്ടിലാണ് അല്ലു അര്‍ജുന്‍. വന്‍ ബജറ്റില്‍ മോഷന്‍ ക്യാപ്ചര്‍ ടെക്‌നോളജി ഉപയോഗിച്ച് ഒരുക്കുന്ന റാക്ക അടുത്ത മാസത്തോടെ പൂര്‍ത്തിയാകുമെന്നും അതിന് ശേഷം വൈകാതെ തന്നെ AA 23 ആരംഭിക്കുമെന്നാണ് സിനിമാപേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഡിസംബറിലായിരിക്കും ചിത്രത്തിന്റെ ഷൂട്ട് ആരംഭിക്കാന്‍ സാധ്യതയെന്നും റിപ്പോര്‍ട്ടിലുണ്ട്.

തന്റെ നായകന്മാരെ മാക്‌സിമം സ്‌റ്റൈലിഷായി അവതരിപ്പിക്കുന്ന ലോകേഷ് ഐക്കണ്‍ സ്റ്റാറിനെ എങ്ങനെ പ്രസന്റ് ചെയ്യുമെന്ന് കാണാനാണ് പലരും കാത്തിരിക്കുന്നത്. വന്‍ ബജറ്റിലൊരുങ്ങുന്ന ആക്ഷന്‍ ത്രില്ലര്‍ ലോകേഷിനും വലിയൊരു പരീക്ഷയാണ്. സൂപ്പര്‍സ്റ്റാറുകളെ വെച്ച് സിനിമ ചെയ്യാന്‍ കഴിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് AA 23ലൂടെ ലോകേഷ് മറുപടി നല്‍കുമെന്നാണ് പ്രതീക്ഷ. 2027ല്‍ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlight: Allu Arjun Lokesh movie not dropped