ലഖ്‌നൗ: ബാങ്ക് വിളിയുടെ ശബ്ദം കൂടുതലാണെന്നാരോപിച്ച് പള്ളിയിലെ മുഅദ്ദീനെ അറസ്റ്റ് ചെയ്ത് പൊലീസ്. ഉത്തര്‍പ്രദേശിലെ ബിജ്‌നോറിലാണ് സംഭവം. നജീബാബാദിലെ നജീബ്-ഉദ്-ദൗല പള്ളിയിലെ മുഅദ്ദിനായ മുഹമ്മദ് ഫൈസനാണ് 14 ദിവസത്തെ ജയില്‍വാസം അനുഭവിക്കേണ്ടി വന്നത്.

കഴിഞ്ഞ ഒക്ടോബര്‍ 11-ന് ഉച്ചയ്ക്ക് ഫൈസന്‍ ദുഹ്ര്‍ നമസ്‌കാരത്തിനായി ബാങ്ക് വിളിച്ചിരുന്നു. ഈ സമയത്ത് ഇതുവഴി കടന്നുപോവുകയായിരുന്ന ബിജ്നോര്‍ സൂപ്രണ്ട് ഓഫ് പോലീസ് (എസ്.പി) കിഷന്‍ കുമാര്‍ ബിഷ്‌നോയ് ബാങ്ക് വിളി കേള്‍ക്കുകയും, പള്ളിയില്‍ പരിശോധന നടത്താന്‍ കീഴുദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു.

അനുവദനീയമായ ഡെസിബെല്‍ പരിധി ലംഘിച്ചാണ് ലൗഡ് സ്പീക്കര്‍ പ്രവര്‍ത്തിപ്പിച്ചത് എന്ന് ആരോപിച്ച പൊലീസ്, പള്ളിയിലെ ഉച്ചഭാഷിണി പിടിച്ചെടുക്കുകയും ഫൈസനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

തുടര്‍ന്ന് സബ് ഡിവിഷണല്‍ മാജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ അദ്ദേഹത്തെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്യുകയായിരുന്നു.ലൗഡ് സ്പീക്കര്‍ പള്ളിക്കുള്ളില്‍ സ്ഥാപിച്ചിരിക്കുകയാണെന്നും, അതിന്റെ അമിത ശബ്ദം പ്രദേശവാസികള്‍ക്ക്, പ്രത്യേകിച്ച് രോഗികള്‍ക്കും കുട്ടികള്‍ക്കും പ്രായമായവര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നുമാണ് പൊലീസ് എഫ്.ഐ.ആറില്‍ വ്യക്തമാക്കുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് വീഴ്ച വരുത്തിയതിന് പ്രദേശത്തെ ബീറ്റ് കോണ്‍സ്റ്റബിളിനെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെ, തങ്ങളുടെ പരിധിയിലെ ആരാധനാലയങ്ങളില്‍ ഉപയോഗിക്കുന്ന ലൗഡ് സ്പീക്കറുകള്‍ നിര്‍ദിഷ്ട ശബ്ദപരിധിക്കുള്ളിലാണെന്ന് ബീറ്റ് കോണ്‍സ്റ്റബിള്‍മാര്‍ വഴി ഉറപ്പുവരുത്തി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ബിജ്നോറിലെ മുഴുവന്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍-ചാര്‍ജുമാര്‍ക്കും ഉത്തരവ് നല്‍കി. വീഴ്ച വരുത്തുന്ന പൊലീസുകാര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Content Highlight: Allegation of excessive volume during the call to prayer; Muezzin arrested in Uttar Pradesh, loudspeakers seized.