മുഴുവന്‍ സനാതനികളും ഗോരക്ഷകരും ദല്‍ഹി ഉപരോധിക്കും: സി.ജെ.പി പ്രതിഷേധത്തിനെതിരെ ഭീഷണിയുമായി ഹിന്ദുത്വര്‍
India
മുഴുവന്‍ സനാതനികളും ഗോരക്ഷകരും ദല്‍ഹി ഉപരോധിക്കും: സി.ജെ.പി പ്രതിഷേധത്തിനെതിരെ ഭീഷണിയുമായി ഹിന്ദുത്വര്‍
നിഷാന. വി.വി
Friday, 24th July 2026, 8:01 am

ന്യൂദല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ജന്തര്‍ മന്ദറില്‍ നടക്കുന്ന സി.ജെ.പി പ്രതിഷേധത്തിന് നേരെ ഭീഷണിയുമാായി ഹിന്ദുത്വര്‍. യാഥാര്‍ത്ഥ ഗുണ്ടായിസം എന്താണെന്ന് കാണിച്ച് തരാം എന്ന് പറഞ്ഞായിരുന്നു സി.ജെ.പി പ്രതിഷേധക്കാര്‍ക്ക് നേരെയുള്ള ഹിന്ദുത്വരുടെ ഭീഷണി.

പ്രതിഷേധ സമരത്തിന് നേരെ പൊലീസ് അതിക്രമത്തില്‍ പുറത്ത് നിന്നുള്ളവരും ഉണ്ടായിരുന്നുവെന്ന പ്രതിഷേധക്കാര്‍ പറഞ്ഞിരുന്നു. പിന്നാലെയാണ് പ്രതിഷേധ സ്ഥലത്ത് എത്തി ഹിന്ദുത്വരുടെ പരാമര്‍ശം.

പ്രതിഷേധ സ്ഥലത്ത് സാധാരണ വേഷത്തില്‍ എത്തിയത് പൊലീസുകാര്‍ തന്നെയാണെന്നും യാഥാര്‍ത്ഥ ഗുണ്ടകള്‍ ഇപ്പോഴാണ് എത്തിയതെന്നും സ്വയം പ്രഖ്യാപിത ഗോരക്ഷകന്‍ സ്വതന്ത്ര ഭരതരാജ് പറഞ്ഞു. ജന്തര്‍ മന്ദറില്‍ നിന്നുള്ള വീഡിയോ സന്ദേശത്തിലൂടെയായിരുന്നു ഇയാളുടെ പരാമര്‍ശം.

‘ ദല്‍ഹി പൊലീസിനോടുള്ള ബഹുമാനം കൊണ്ടാണ് സനാതനികള്‍ ഇപ്പോള്‍ സംയമനം പാലിക്കുന്നത്. വരും ദിവസങ്ങളില്‍ എല്ലാ സനാതനികളെയും ഗോരക്ഷകരെയും അണിനിരത്തി ദല്‍ഹി ഉപരോധിക്കും,’ അയാള്‍ പറഞ്ഞു.

തങ്ങള്‍ ഒരു തിയതിയും സമയവും നിശ്ചയിക്കാന്‍ പോവുകയാണെന്നും എല്ലാ ഗോരക്ഷകരും സനാതനി സഹോദരങ്ങളും ദല്‍ഹി ഉപരോധിക്കുമെന്നും എല്ലാവരും ജാഗ്രത പാലിച്ചോളുവെന്നും ഹിന്ദുത്വ പ്രവര്‍ത്തകന്‍ പറഞ്ഞു.

അതേസമയം പ്രതിഷേധത്തില്‍ പങ്കെടുത്ത പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ പിതാവിനെ തലയ്ക്കടിച്ച് പരിക്കല്‍പ്പിച്ചത് ഇതേ സ്വതന്ത്ര ഭരദ്വാജ് ആണെന്ന് സി.ജെ.പി വക്താവ് സൗരവ് ദാസ് പറഞ്ഞു. ഇയാളുടെ വീഡിയോ പങ്കുവെച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഗുരുതരമായി പരിക്കേറ്റ വ്യക്തിക്ക് നീതി ലഭിക്കണമെന്നും അക്രമിക്കെതിരെ പട്ടികജാതി/പട്ടികവര്‍ഗ അതിക്രമ നിരോധന നിയമപ്രകാരം കേസെടുക്കണമെന്നും സി.ജെ.പി ആവശ്യപ്പെട്ടു.
കുറ്റവാളിയെ കരുതല്‍ തടങ്കലില്‍ എടുക്കാന്‍ ദല്‍ഹി പോലീസ് തയ്യാറാകുന്നില്ലെന്നും, അധികൃതര്‍ ഇയാളെ സംരക്ഷിക്കുകയാണെന്നും സൗരവ് ദാസ് കുറിച്ചു.

കഴിഞ്ഞ ജൂലൈ 20-ന് നടന്ന ‘സംസദ് ചലോ’ മാര്‍ച്ചിനിടെ സാധാരണ വസ്ത്രം ധരിച്ച വ്യക്തികള്‍ ലാത്തികളും മറ്റ് ആയുധങ്ങളുമായി വിദ്യാര്‍ത്ഥികളെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. സംഘര്‍ഷം ബോധപൂര്‍വം സൃഷ്ടിക്കാന്‍ യൂണിഫോം ധരിക്കാതെ എത്തിയ പൊലീസ് ഉദ്യോഗസ്ഥരാണ് അക്രമത്തിന് പിന്നിലെന്ന് പ്രതിഷേധക്കാര്‍ പറയുന്നു.

Content Highlight: All Sanatanis and cow protectors will lay siege to Delhi: Hindutva groups issue threats against CJP protest.

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.