ആലിന്‍ ഷെറിന്റെ മാതാപിതാക്കള്‍ മനുഷ്യ സ്‌നേഹത്തിന്റെ ഉദഹാരണം; പ്രണാമവുമായി മോഹന്‍ലാല്‍
Kerala
ആലിന്‍ ഷെറിന്റെ മാതാപിതാക്കള്‍ മനുഷ്യ സ്‌നേഹത്തിന്റെ ഉദഹാരണം; പ്രണാമവുമായി മോഹന്‍ലാല്‍
നിഷാന. വി.വി
Saturday, 14th February 2026, 2:53 pm

തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി പുതുചരിത്രം കുറിച്ച പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി ആലിന്‍ ഷെറിന്‍ എബ്രഹാമിന്റെ മാതാപിതാക്കള്‍ക്ക് അഭിനന്ദനവുമായി നടന്‍ മോഹന്‍ ലാല്‍.

തന്റെ സഹജീവികളായ ചില കുരുന്നു ജീവനുകള്‍ക്ക് പുനര്‍ജന്മത്തിന്റെ പ്രതീക്ഷകള്‍ നല്‍കിയാണ് ആലിന്‍ ഷെറിന്‍ എന്ന കുഞ്ഞുമാലാഖ ഈ ലോകത്തോട് വിടപറഞ്ഞതെന്നും ആലിന്‍ മോളുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ തീരുമാനമെടുത്ത മാതാപിതാക്കളായ അരുണും ഷെറിനും മനുഷ്യസ്‌നേഹത്തിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

‘ഈ ലോകം മനോഹരമായി നിലനില്‍ക്കുന്നതു തന്നെ ഇതുപോലെയുള്ള നിസ്വാര്‍ത്ഥ സ്‌നേഹങ്ങളുടെ നിറവെളിച്ചം കൊണ്ടാണ്. ആലിന്‍ ഇനിയും ജീവിക്കും അവളുടെ പ്രിയപ്പെട്ടവരുടെ ഓര്‍മ്മകളില്‍ മാത്രമല്ല, കോടിക്കണക്കിന് മനുഷ്യരുടെ ഹൃദയങ്ങളില്‍ കൂടിയും,’ അദ്ദേഹം കുറിച്ചു.

ഫേസ് ബുക്ക് പേജിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മസ്തിഷ്‌ക മരണം സംഭവിച്ച ആലിന്‍ ഷെറിന്റെ വൃക്കകളുള്‍പ്പടെയുള്ള അവയവങ്ങള്‍ ദാനം ചെയ്യുന്നതിന് കുടുംബം സന്നദ്ധത അറിയിക്കുകയായിരുന്നു.

റോഡപകടത്തില്‍പ്പെട്ട് ഗുരുതരാവസ്ഥയിലായ കുഞ്ഞ് എറണാകുളം അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതിനിടെ മസ്തിഷ്‌ക മരണം സംഭവിച്ചു. തുടര്‍ന്നാണ് കുടുംബം അവയവദാനത്തിന് സന്നദ്ധത അറിയിച്ചത്.

കുഞ്ഞിന്റെ രണ്ട് വൃക്കകള്‍ തിരുവനന്തപുരം പീഡിയാട്രിക്-നെഫ്രോളജി വാര്‍ഡില്‍ ചികിത്സയിലുള്ള കുഞ്ഞുങ്ങള്‍ക്ക് നല്‍കും. ഹൃദയ വാല്‍വ് തിരുവനന്തപുരം ശ്രീചിത്രയില്‍ ചികിത്സയില്‍ തുടരുന്ന കുഞ്ഞിനും കരള്‍ തിരുവനന്തപുരം കിംസില്‍ ചികിത്സയിലുള്ള കുട്ടിക്കുമാണ് ദാനം ചെയ്യുന്നത്. നേത്ര പടലങ്ങള്‍ കൊച്ചി അമൃത ആശുപത്രിയില്‍ സൂക്ഷിക്കും.

തീവ്രദുഖത്തിലും മറ്റുള്ളവരുടെ ജീവന്‍ നിലനിര്‍ത്തുന്നതിന് വേണ്ടി മാതാപിതാക്കള്‍ എടുത്ത തീരുമാനത്തിന് നന്ദി അറിയിക്കുന്നുവെന്നും കുടുംബത്തിന്റെ ദുഖത്തില്‍ പങ്കുചേരുന്നുവെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജും പ്രതികരിച്ചിരുന്നു.

Content Highlight: Alin Sherin’s parents are the greatest examples of human love; Mohanlal pays tribute to Kurunnu, who created history in organ donation

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.