ആലപ്പുഴ: നിരോധനാജ്ഞ നിലനില്‍ക്കെ ആലപ്പുഴയില്‍ യുവാവിന് വെട്ടേറ്റു. ഗുണ്ടകള്‍ തമ്മിലുള്ള ഏറ്റുമുട്ടലിലാണ് യുവാവിന് വെട്ടേറ്റെതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ രാഷ്ട്രീയമില്ലെന്നും പൊലീസ് പറഞ്ഞു.

ആര്യാട് കൈതകത്തായിരുന്നു സംഭവം.

രണ്ട് സംഘങ്ങള്‍ തമ്മിലുള്ള വൈരാഗ്യമാണ് പ്രശ്നത്തിലേക്ക് നയിച്ചത്. വിമല്‍ എന്നയാള്‍ക്കാണ് തലയ്ക്കും കാലിനും വെട്ടേറ്റത്. വെട്ടിയ ബിനു എന്നയാളുമായി വിമലിന് പ്രശ്നങ്ങളുണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്.

ബിനുവിന്റെ സഹോദരനെ വിമല്‍ മൂന്ന് മാസം മുമ്പ് ആക്രമിച്ചിരുന്നുവെന്നും ഇതിന്റെ വൈരാഗ്യത്തിലാണ് വിമലിന് വെട്ടേറ്റതെന്നുമാണ് പൊലീസ് പറയുന്നത്.

ഇരട്ട രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലാണ് ജില്ലയില്‍ രണ്ട് ദിവസത്തെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

ജില്ലയില്‍ സമാധാനാന്തരീക്ഷം ഉറപ്പാക്കുന്നതിനായി തിങ്കളാഴ്ച മൂന്നിനു കളക്ടറേറ്റില്‍ സര്‍വകക്ഷി യോഗം ചേരുമെന്ന് കളക്ടര്‍ എ. അലക്സാണ്ടര്‍ അറിയിച്ചിട്ടുണ്ട്. നിരോധനാജ്ഞ നീട്ടണോ എന്നത് ഈ യോഗത്തില്‍ തീരുമാനിക്കും.

മന്ത്രിമാരായ സജി ചെറിയാന്‍, പി. പ്രസാദ് എന്നിവരുടെ സാന്നിധ്യത്തിലാണ് യോഗം.

കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ ഇന്ന് അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ട്. കഴിഞ്ഞദിവസം കസ്റ്റഡിയിലായ ആളുകളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

ഷാനിനെ കൊലപ്പെടുത്താനെത്തിയ സംഘത്തിന് വാഹനം നല്‍കുക മാത്രമാണ് ചെയ്തതെന്ന് അറസ്റ്റിലായ രണ്ടുപേര്‍ മൊഴി നല്‍കിയിരുന്നു. കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വ്യാപകമായി പൊലീസ് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ആലപ്പുഴയില്‍ ബി.ജെ.പിയുടെ ഒ.ബി.സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസനും എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനും മണിക്കൂറുകളുടെ ഇടവേളയിലാണ് കൊല്ലപ്പെട്ടത്.

ശനിയാഴ്ച രാത്രിയാണ് എസ്.ഡി.പി.ഐയുടെ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനെ വെട്ടിക്കൊലപ്പെടുത്തുന്നത്. വീട്ടിലേക്ക് സ്‌കൂട്ടറില്‍ പോകുകയായിരുന്ന ഷാന്റെ പിന്നില്‍ കാര്‍ ഇടിപ്പിക്കുകയും റോഡില്‍ വീണ ഇദ്ദേഹത്തെ കാറില്‍ നിന്നിറങ്ങിയ നാലോളം പേര്‍ വെട്ടുകയുമായിരുന്നു. സംഭവത്തിന് പിന്നില്‍ ആര്‍.എസ്.എസ് ആണെന്നായിരുന്നു എസ്.ഡി.പി.ഐയുടെ ആരോപണം.

ബി.ജെ.പി നേതാവ് രഞ്ജിത്ത് ശ്രീനിവാസ് കഴിഞ്ഞദിവസം പുലര്‍ച്ചെയാണ് കൊല്ലപ്പെട്ടത്. വെട്ടേറ്റ രഞ്ജിത്തിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിന് പിന്നില്‍ എസ്.ഡി.പി.ഐ ആണെന്ന് ബി.ജെ.പി ആരോപിച്ചു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Alappuzha political Murder Goonda Attack Curfew