ആറ് മണിക്ക് ലൊക്കേഷനിലെത്തണം, അക്ഷയ് കുമാര്‍ അതിന് ഉപയോഗിച്ചത് ഹെലികോപ്റ്റര്‍, എന്റെ ഒരുപാട് പൈസ അതിന് വേണ്ടി ചെലവായി: ഫറ ഖാന്‍
Indian Cinema
ആറ് മണിക്ക് ലൊക്കേഷനിലെത്തണം, അക്ഷയ് കുമാര്‍ അതിന് ഉപയോഗിച്ചത് ഹെലികോപ്റ്റര്‍, എന്റെ ഒരുപാട് പൈസ അതിന് വേണ്ടി ചെലവായി: ഫറ ഖാന്‍
അമര്‍നാഥ് എം.
Tuesday, 16th June 2026, 9:54 pm

ബോളിവുഡിലെ മികച്ച നടന്മാരിലൊരാളാണ് അക്ഷയ് കുമാര്‍. ഖാന്‍ ത്രയങ്ങള്‍ ബോളിവുഡ് അടക്കിഭരിച്ചപ്പോള്‍ ഇന്‍ഡസ്ട്രിയില്‍ തന്റേതായ സ്ഥാനം നേടിയെടുക്കാന്‍ അക്ഷയ് കുമാറിന് സാധിച്ചു. കോമഡി. ആക്ഷന്‍ ഴോണറുകള്‍ അനായസമായി കൈകാര്യം ചെയ്യാനുള്ള കഴിവാണ് മറ്റുള്ളവരില്‍ നിന്ന് അക്ഷയ് കുമാറിനെ വ്യത്യസ്തനാക്കിയത്.

ഇപ്പോഴും ബോളിവുഡില്‍ മുന്‍നിരയില്‍ തിളങ്ങുകയാണ് അക്ഷയ് കുമാര്‍. ഇന്ത്യന്‍ സിനിമയിലെ മാസ്റ്റര്‍ ക്രാഫ്റ്റ്‌സ്മാന്‍ പ്രിയദര്‍ശനുമായി അക്ഷയ് കുമാര്‍ ബാക്ക് ടു ബാക്ക് സിനിമകള്‍ ചെയ്യുകയാണ്. ഭൂത് ബംഗ്ലാ വന്‍ ഹിറ്റായപ്പോള്‍ ഒപ്പത്തിന്റെ റീമേക്കായ ഹയ്‌വാന്‍ റിലീസിന് തയാറെടുക്കുകയാണ്. ഭൂത് ബംഗ്ലായുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് അണിയറപ്രവര്‍ത്തകര്‍ നടത്തുന്ന അഭിമുഖങ്ങള്‍ വൈറലായി.

ബോളിവുഡിലെ ഹിറ്റ് മേക്കറായ ഫറാ ഖാനുമായി അക്ഷയ് കുമാര്‍, പ്രിയദര്‍ശന്‍, രാജ്പാല്‍ യാദവ് എന്നിവര്‍ നെറ്റ്ഫ്‌ളിക്‌സില്‍ നല്‍കിയ അഭിമുഖമാണ് പ്രേക്ഷക ശ്രദ്ധ ആകര്‍ഷിക്കുന്നത്. കരിയറിലെ മികച്ച സിനിമകളെക്കുറിച്ചും അവയുടെ ഷൂട്ടിങ് അനുഭവങ്ങളെക്കുറിച്ചും അക്ഷയ് കുമാര്‍ സംസാരിച്ചു. കരിയറിലെ ഏറ്റവും വലിയ ഹിറ്റായ തേസ് മാര്‍ ഖാനെക്കുറിച്ച് സംവിധായിക പറഞ്ഞ വാക്കുകള്‍ ചിരി പടര്‍ത്തി.

‘മഹാരാഷ്ട്രയിലെ ഹൈറേഞ്ച് ഏരിയയായ മല്‍ഷേജിലായിരുന്നു സിനിമയുടെ ഷൂട്ട്. അവിടെ സ്റ്റേ ചെയ്യാന്‍ വലിയ സൗകര്യമൊന്നുമില്ല. അതുകൊണ്ട് അക്ഷയ് എല്ലാ ദിവസവും മുംബൈയില്‍ നിന്ന് ലൊക്കേഷനിലേക്ക് വരും. വണ്ടിയിലാണെങ്കില്‍ എങ്ങനെ പോയാലും മൂന്നോ നാലോ മണിക്കൂര്‍ യാത്രക്ക് മാത്രം വേണ്ടിവരും,’ ഫറാ ഖാന്‍ പറഞ്ഞു.

‘രാവിലെ ആറ് മണിക്ക് ലൊക്കേഷനിലെത്തണം. ഞാന്‍ കാരണം ഷൂട്ട് വൈകാന്‍ പാടില്ല. രാത്രി വൈകി എത്തിയിട്ട് രാവിലെ വീണ്ടും കാറില്‍ പോകാന്‍ പറ്റില്ല. അതുകൊണ്ട് ലൊക്കേഷനിലേക്ക് പോകാനായി ഒരു ഹെലികോപ്റ്റര്‍ ഏര്‍പ്പാടാക്കി. രാവിലെയും രാത്രിയും അതില്‍ പോയി വരുന്നതായിരുന്നു ശീലം. ഹെലികോപ്റ്ററിനെ ടാക്‌സി പോലെയായിരുന്നു ഉപയോഗിച്ചത്,’ അക്ഷയ് കുമാര്‍ പറഞ്ഞു.

ഇതിന് വേണ്ടി മാത്രം തന്റെ കൈയില്‍ നിന്ന് ഒരുപാട് പൈസ ചെലവായെന്ന് ഫറാ ഖാന്‍ തമാശരൂപത്തില്‍ പറഞ്ഞപ്പോള്‍ ആ സിനിമ കാരണം നിങ്ങള്‍ കുറെ പൈസയുണ്ടാക്കിയില്ലേ എന്ന് അക്ഷയ് തിരിച്ച് ചോദിക്കുകയും ചെയ്തു. പരസ്പരം കളിയാക്കിയും പഴയ തമാശകള്‍ ഓര്‍ത്തെടുത്തും നടത്തിയ അഭിമുഖം ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

Content Highlight: Akshay Kumar and Farah Khan’s interview viral

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം