ക്രിക്കറ്റ് ലോകം ഐ.പി.എല്‍ ആവേശത്തിലേക്ക് കടന്നിരിക്കുകയാണ്. ടൂര്‍ണമെന്റിന്റെ രണ്ടാം ദിവസമായ ഇന്ന് (മാര്‍ച്ച് 29) മുന്‍ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മില്‍ ഏറ്റുമുട്ടും. മുംബൈയുടെ തട്ടകമായ വാംഖഡെ സ്റ്റേഡിയമാണ് ഈ മത്സരത്തിന്റെ വേദി.
ഇപ്പോള്‍ ഈ മത്സരത്തിന് മുന്നോടിയായി മുംബൈ ഇന്ത്യന്‍സിന്റെ ബൗളിങ് കോമ്പിനേഷനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. വില്‍ ജാക്സിനും മിച്ചല്‍ സാന്റ്‌നറിനും പകരം ഷെര്‍ഫെയ്ന്‍ റൂഥര്‍ഫോര്‍ഡിനെയും അല്ലാഹ് ഗസന്‍ഫറിനെയും കളിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ആകാശ് ചോപ്ര. Photo: Mahi Patel/x.com
ഗസന്‍ഫറിനെ കളിപ്പിക്കുമ്പോള്‍ ട്രെന്റ് ബോള്‍ട്ടിനെ ഒഴിവാക്കി കോര്‍ബിന്‍ ബോഷിന് അവസരം നല്‍കാമെന്നും അത് ടീമിന് ബാലന്‍സ് നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ചോപ്ര.
‘വില്‍ ജാക്സും മിച്ചല്‍ സാന്റ്‌നറും ഇപ്പോള്‍ ടീമിലില്ല. അവരുടെ സ്ഥാനത്ത് ഷെര്‍ഫെയ്ന്‍ റൂഥര്‍ഫോര്‍ഡിനെയും അല്ലാഹ് ഗസന്‍ഫറിനെയും കളിപ്പിക്കണം. ഗസന്‍ഫറിനെ ടീമില്‍ ഉള്‍പ്പെടുത്തുകയാണെങ്കില്‍ ട്രെന്റ് ബോള്‍ട്ടിന് പകരം കോര്‍ബിന്‍ ബോഷിന് അവസരം നല്‍കണമെന്നാണ് എന്റെ അഭിപ്രായം.
നിങ്ങള്‍ക്ക് നാല് ഓവറിലും വിക്കറ്റെടുക്കാന്‍ സാധിക്കുന്ന ജസ്പ്രീത് ബുംറയുണ്ട്. ഗസന്‍ഫറും വിക്കറ്റ് വീഴ്ത്തും. കൂടാതെ, ന്യൂബോളില്‍ വിക്കറ്റെടുക്കുന്ന ദീപക് ചഹറും പിന്നെ ഹര്‍ദിക് പാണ്ഡ്യയുമുണ്ട്.
മായങ്ക് മാര്‍ക്കണ്ഡേയെയോ അല്ലെങ്കില്‍ മറ്റേതെങ്കിലും ബൗളര്‍മാരെ പരീക്ഷിക്കാം. കോര്‍ബിന്‍ ബോഷ് വിക്കറ്റുകള്‍ വീഴ്ത്തുന്നതിനൊപ്പം ടീമിന് ബാറ്റിങ്ങിലും വലിയ സംഭാവന നല്‍കാന്‍ കഴിയുന്ന താരമാണ്. ഇത് അത്ര പോപ്പുലറായ തീരുമാനമാണെങ്കിലും ടീമിന് ബാലന്‍സിന് നല്‍കും,’ ചോപ്ര പറഞ്ഞു.
വിദേശ താരങ്ങളായ വില്‍ ജാക്സും മിച്ചല്‍ സാന്റ്‌നറും ടീമിനൊപ്പം ചേര്‍ന്നിട്ടില്ലെന്ന് മുംബൈ കോച്ച് മഹേല ജയവര്‍ധനെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇരുവരും ടീമിനോട് കൂടുതല്‍ ആവശ്യപ്പെട്ടെന്നും മുംബൈ അവരുടെ ആവശ്യം അംഗീകരിച്ചുവെന്നുമായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.
Content Highlight: Akash Chopra suggests that Mumbai should play Corbin Bosch in place of Trent Boult against KKR