അവന്റെ കാര്യത്തില്‍ ഇനി അങ്ങനെയൊരു സാധ്യതയില്ല; സൂപ്പര്‍ താരത്തെ കുറിച്ച് ചോപ്ര
Cricket
അവന്റെ കാര്യത്തില്‍ ഇനി അങ്ങനെയൊരു സാധ്യതയില്ല; സൂപ്പര്‍ താരത്തെ കുറിച്ച് ചോപ്ര
ഫസീഹ പി.സി.
Saturday, 4th July 2026, 1:20 pm

ഒരു മത്സരത്തില്‍ കൂടി മലയാളി താരം സഞ്ജു സാംസണിന് അവസരം നല്‍കണമെന്ന് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. സഞ്ജു ഇന്ത്യയില്‍ മികച്ച പ്രകടനം നടത്തുമ്പോഴും വിദേശത്ത് ഒന്നെങ്കില്‍ സെഞ്ച്വറി അല്ലെങ്കില്‍ ഡക്ക് എന്ന സാഹചര്യമാണെന്നും മൂന്ന് മത്സരങ്ങളില്‍ കളിപ്പിച്ചതിനാല്‍ ഒരു അവസരം കൂടി കൊടുക്കാമെന്നും അദ്ദേഹം പറഞ്ഞു.

വൈഭവ് സൂര്യവംശിക്ക് തുടര്‍ച്ചയായ അഞ്ച് മത്സരങ്ങള്‍ കൊടുക്കാനുള്ള സാധ്യത അവസാനിച്ചുവെന്നും അതിനാല്‍ മറ്റുള്ളവരോട് നീതിപുലര്‍ത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ചോപ്ര.

ആകാശ് ചോപ്ര. Photo: Mahi Patel/x.com

‘സഞ്ജുവിന്റെ കാര്യത്തില്‍ ഒരു പാറ്റേണ്‍ കണ്ടുതുടങ്ങിയിട്ടുണ്ട്. സ്വന്തം നാട്ടില്‍ മികച്ച പ്രകടനം പുറത്തെടുക്കുമ്പോഴും വിദേശ സാഹചര്യങ്ങളില്‍ സ്ഥിതി വളരെ വ്യത്യസ്തമാണ്. ഒന്നുകില്‍ സെഞ്ച്വറി, അല്ലെങ്കില്‍ പൂജ്യം എന്ന അവസ്ഥയിലാണ് കാര്യങ്ങള്‍. കഴിഞ്ഞ കുറച്ചു മത്സരങ്ങളായി റണ്‍സ് കണ്ടെത്താന്‍ അവന് സാധിച്ചിട്ടില്ല.

വിദേശത്ത് രണ്ട് സെഞ്ച്വറികള്‍ സഞ്ജു നേടിയിട്ടുണ്ടെങ്കിലും, ദക്ഷിണാഫ്രിക്കയിലെ പ്രകടനം മാറ്റിനിര്‍ത്തിയാല്‍ ബാക്കിയുള്ള കണക്കുകള്‍ വളരെ സാധാരണമാണ്. എന്നിരുന്നാലും, അയര്‍ലാന്‍ഡില്‍ രണ്ട് മത്സരങ്ങള്‍ നല്‍കിയതിനാലും ഇവിടെയും ഒരു മത്സരം നല്‍കിയതിനാലും, അവന് ഒരു അവസരം കൂടി നല്‍കൂ. വൈഭവിന് നിങ്ങള്‍ അഞ്ച് മത്സരങ്ങള്‍ നല്‍കിയില്ലല്ലോ.

വൈഭവിന് തുടര്‍ച്ചയായി അഞ്ച് മത്സരങ്ങള്‍ നല്‍കാന്‍ സാധിക്കുമോ എന്നതായിരുന്നു ആദ്യ ചിന്ത. ആ സാധ്യത ഇപ്പോള്‍ ഇല്ലാതായിക്കഴിഞ്ഞു. അതിനാല്‍ മറ്റുള്ളവരോട് നീതി പുലര്‍ത്തുക. നീതിയുടെ പാതയിലാണ് നിങ്ങള്‍ സഞ്ചരിക്കുന്നതെങ്കില്‍ അത് തുടരുക. ടീമില്‍ മാറ്റങ്ങള്‍ വരുത്തരുത്. അഭിഷേക് ശര്‍മയെ സഞ്ജുവിനൊപ്പം ഓപ്പണറാക്കുക. ഇഷാന്‍ കിഷനെ മൂന്നാം നമ്പറില്‍ കളിപ്പിക്കുക,’ ചോപ്ര പറഞ്ഞു.

ടി – 20 ലോകകപ്പിന് ശേഷം സഞ്ജുവിന് ഇതുവരെ തിളങ്ങാന്‍ സാധിച്ചിട്ടില്ല. അയര്‍ലാന്‍ഡിനെതിരെ രണ്ട് മത്സരങ്ങളില്‍ നിന്ന് വെറും ഒരു റണ്‍സ് മാത്രം നേടിയ വിക്കറ്റ് കീപ്പര്‍ ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ടി – 20യില്‍ വെറും ഒരു റണ്‍സ് മാത്രമാണ് എടുത്തത്. അതേസമയം, ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ടി – 20 ഇന്ന് ഓള്‍ഡ് ട്രാഫോര്‍ഡ് സ്റ്റേഡിയത്തില്‍ നടക്കും.

Content Highlight: Akash Chopra says India should persist on Sanju Samson for one more match as they won’t able to feature Vaibhav Sooryavanshi in five consecutive matches

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍.