പ്രകടനങ്ങളിലൂടെ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടാന്‍ അര്‍ഹനാണെന്ന് അവന്‍ തെളിയിച്ചു; സൂപ്പര്‍ താരത്തെക്കുറിച്ച് അഗാര്‍ക്കര്‍
Cricket
പ്രകടനങ്ങളിലൂടെ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടാന്‍ അര്‍ഹനാണെന്ന് അവന്‍ തെളിയിച്ചു; സൂപ്പര്‍ താരത്തെക്കുറിച്ച് അഗാര്‍ക്കര്‍
ശ്രീരാഗ് പാറക്കല്‍
Thursday, 25th June 2026, 9:05 pm

യുവ താരം വൈഭവ് സൂര്യവംശിയെ ടി-20 ടീമിലെടുത്തതിനെക്കുറിച്ച് സംസാരിച്ച് ഇന്ത്യന്‍ മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കര്‍. വൈഭവിന്റെ പ്രകടനങ്ങളാണ് അദ്ദേഹത്തെ ടീമിലേക്ക് തെരഞ്ഞെടുക്കാന്‍ ഞങ്ങളെ നിര്‍ബന്ധിതരാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിനായി കളിക്കുമ്പോള്‍ കൂടുതല്‍ കടുത്ത വെല്ലുവിളികള്‍ ഉണ്ടാകുമെന്നും എന്നാല്‍ വൈഭവ് വലിയ പ്രതീക്ഷകള്‍ നല്‍കുന്ന താരമാണെന്നും അഗാക്കര്‍ കൂട്ടിച്ചേര്‍ത്തു.

വൈഭവ് സൂര്യവംശി. Photo: BCCI/x.com

‘വൈഭവിന്റെ പ്രകടനങ്ങളാണ് അദ്ദേഹത്തെ ടീമിലേക്ക് തെരഞ്ഞെടുക്കാന്‍ ഞങ്ങളെ നിര്‍ബന്ധിതരാക്കിയത്. അദ്ദേഹം വളരെ ചെറുപ്പമാണെന്നും കരിയറിന്റെ തുടക്കഘട്ടത്തിലാണെന്നും എനിക്കറിയാം. എന്നാല്‍ തുടര്‍ച്ചയായ രണ്ട് ഐ.പി.എല്‍ സീസണുകളിലെ പ്രകടനവും അണ്ടര്‍ 19 തലത്തില്‍ അദ്ദേഹം കാഴ്ചവെച്ച മികവും അവഗണിക്കാന്‍ കഴിയാത്തതായിരുന്നു.

ഐ.പി.എല്ലിനേക്കാള്‍ താഴെയുള്ള തലമായിരുന്നാലും അവിടെ അദ്ദേഹം എന്താണ് ചെയ്തതെന്ന് എല്ലാവരും കണ്ടതാണ്. അദ്ദേഹത്തിനുള്ള പ്രതിഭ എത്രത്തോളം വലുതാണെന്ന് നമുക്കെല്ലാവര്‍ക്കും വ്യക്തമായി കാണാന്‍ കഴിയും.

രാജ്യത്തിനായി കളിക്കുമ്പോള്‍ കൂടുതല്‍ കടുത്ത വെല്ലുവിളികള്‍ ഉണ്ടാകും. എന്നാല്‍ വൈഭവ് വലിയ പ്രതീക്ഷകള്‍ നല്‍കുന്ന താരമാണ്. അതുകൊണ്ടുതന്നെ എല്ലാവരെയും പോലെ ഞങ്ങളും അദ്ദേഹത്തെക്കുറിച്ച് വലിയ പ്രതീക്ഷകളാണ് വെച്ചിരിക്കുന്നത്. തന്റെ പ്രകടനങ്ങളിലൂടെ അദ്ദേഹം തന്നെ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടാന്‍ അര്‍ഹനാണെന്ന് തെളിയിച്ചു,’ അജിത് അഗാര്‍ക്കര്‍ പറഞ്ഞു.

വൈഭവ് സൂര്യവംശി. Photo: The Cricket Panda/x.com

ഐ.പി.എല്ലിലൂടെ ശ്രദ്ധ നേടിയ യുവ താരം വൈഭവ് 2026ലെ സീസണില്‍ ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയും ലോകത്തെ അമ്പരപ്പിച്ചു. 16 മത്സരങ്ങളില്‍ നിന്ന് 776 റണ്‍സാണ് 15 വയസുകാരന്‍ അടിച്ചെടുത്തത്. ഓറഞ്ച് ക്യാപ്പിന് പിന്നാലെ 2026ലെ പല റെക്കോഡുകളും തിരുത്തി വൈഭവ് അമ്പരപ്പിച്ചിരുന്നു.

മോസ്റ്റ് വാല്യുബിള്‍ പ്ലെയര്‍, സൂപ്പര്‍ സ്ട്രൈക്കര്‍ (237.3), മോസ്റ്റ് സിക്‌സ് (72), എമര്‍ജിങ് പ്ലെയര്‍ തുടങ്ങിയ അവാര്‍ഡുകളാണ് താരം സ്വന്തം പേരിലാക്കിയത്. 2025ല്‍ രാജസ്ഥാന് വേണ്ടി അരങ്ങേറ്റം കുറിച്ച താരം ഇതുവരെ 23 മത്സരത്തില്‍ നിന്ന് 1028 റണ്‍സാണ് സ്വന്തമാക്കിയത്. രണ്ട് സെഞ്ച്വറികളും ആറ് അര്‍ധ സെഞ്ച്വറികളും താരത്തിനുണ്ട്. മാത്രമല്ല ത്രിരാഷ്ട്ര പരമ്പരയില്‍ ഇന്ത്യ എയ്ക്ക് വേണ്ടി മിന്നും പ്രകടനമാണ് താരം കാഴ്ചവെച്ചത്.

Content Highlight: Ajit Agarkar Talking About Vaibhav Sooryavanshi

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ