ടീമില്‍ അദ്ദേഹത്തെപ്പോലുള്ള താരങ്ങള്‍ ആവശ്യമാണ്; തുറന്നടിച്ച് രഹാനെ
Cricket
ടീമില്‍ അദ്ദേഹത്തെപ്പോലുള്ള താരങ്ങള്‍ ആവശ്യമാണ്; തുറന്നടിച്ച് രഹാനെ
ശ്രീരാഗ് പാറക്കല്‍
Sunday, 9th August 2026, 5:12 pm

ഇന്ത്യന്‍ സൂപ്പര്‍ താരം രോഹിത് ശര്‍മയെക്കുറിച്ച് സംസാരിച്ച് മുന്‍ താരം അജിന്‍ക്യാ രഹാനെ. 2027 ലോകകപ്പില്‍ രോഹിത്തിന്റെ സ്ഥാനത്തെക്കുറിച്ച് ചര്‍ച്ചകള്‍ ഉണ്ടാകാന്‍ പാടില്ലെന്ന് രഹാനെ പറഞ്ഞു. രോഹിത് ടീമിന് നല്‍കിയ സംഭാവനകള്‍ വളരെ വലുതാണെന്നും രോഹിത്തിനെ പോലെ അനുഭവസമ്പത്തുള്ള ഒരു താരം ടീമില്‍ ഉണ്ടാകണമെന്നും രഹാനെ ചൂണ്ടിക്കാട്ടി.

‘രോഹിത്തിനെപ്പോലൊരു താരത്തോട് 2027ലെ ഏകദിന ലോകകപ്പില്‍ അദ്ദേഹം കളിക്കാനുണ്ടെന്ന് ഉറപ്പിച്ച് പറയേണ്ടത് പ്രധാനമാണ്. വര്‍ഷങ്ങളായി അദ്ദേഹം ടീമിന് നല്‍കിയ സംഭാവനകള്‍ വളരെ വലുതാണ്. അദ്ദേഹം മികച്ച പ്രകടനമാണ് കാഴ്ചവെച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ ലോകകപ്പ് പോലൊരു വലിയ ടൂര്‍ണമെന്റില്‍ അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് നിങ്ങള്‍ക്ക് ആവശ്യമാണ്.

അദ്ദേഹം ടീമിന്റെ പദ്ധതികളുടെ ഭാഗമാണെന്ന് ഒരിക്കല്‍ വ്യക്തമാക്കിയാല്‍, പിന്നീട് ഇക്കാര്യത്തില്‍ വീണ്ടും ചര്‍ച്ചകള്‍ ഉണ്ടാകാന്‍ പാടില്ല. ഓരോ പരമ്പര കഴിയുമ്പോഴും അദ്ദേഹത്തിന്റെ സ്ഥാനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നത് ശരിയല്ല. കാരണം, അദ്ദേഹം വലിയൊരു താരമാണ്. ഒരു താരം പരിചയസമ്പന്നനായാലും പുതുമുഖമായാലും, സ്വതന്ത്രമായി കളിക്കാനാകണം.

രോഹിത് ശര്‍മയുടെ അനുഭവസമ്പത്തിനെക്കുറിച്ചോ മികവിനെക്കുറിച്ചോ പ്രത്യേകം പറയേണ്ടതില്ല. ടീമില്‍ അദ്ദേഹത്തെപ്പോലുള്ള താരങ്ങള്‍ ആവശ്യമാണ്. ഇത് ചര്‍ച്ച ചെയ്യേണ്ട ഒരു വിഷയമാകരുത്. ടീം മാനേജ്മെന്റായാലും ക്യാപ്റ്റനായാലും അതില്‍ കാര്യമില്ല.

രോഹിത് അടുത്ത ലോകകപ്പില്‍ കളിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കില്‍, അദ്ദേഹം കളിക്കും. അദ്ദേഹത്തിന്റെ തീവ്രതയെയോ സമീപനത്തെയോ നിങ്ങള്‍ക്ക് സംശയിക്കാനാകില്ല. പ്രകടനം ചിലപ്പോള്‍ മാറിമറിയാം. എന്നാല്‍ ഞാന്‍ നേരത്തെ പറഞ്ഞതുപോലെ, നിര്‍ണായക നിമിഷങ്ങളിലും പ്രധാന മത്സരങ്ങളിലും അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് ഏറെ വിലപ്പെട്ടതാണ്,’ രഹാനെ പറഞ്ഞു.

2027ല്‍ സൗത്ത് ആഫ്രിക്കയില്‍ വെച്ച് നടക്കുന്ന ലോകകപ്പിന് മുന്നോടിയായുള്ള ഏകദിന പരമ്പരകളാണ് രോഹിത്തിന്റെ മുന്നിലുള്ളത്. ടെസ്റ്റില്‍ നിന്നും ടി-20യില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച രോഹിത് ഏകദിനത്തില്‍ മാത്രമാണ് നിലവില്‍ കളിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ അടുത്തിടെ രോഹിത്തിന്റെ 2027ലെ ലോകകപ്പ് സ്ഥാനത്തെക്കുറിച്ച് വലിയ ചര്‍ച്ചകള്‍ നടന്നിരുന്നു.

അടുത്തിടെ അവസാനിച്ച ഇംഗ്ലണ്ടിനെതിരായ മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരയില്‍ രോഹിത് ഇന്ത്യക്കായി കളത്തിലിറങ്ങിയിരുന്നു. ഇംഗ്ലണ്ടിനെതിരെ ലോര്‍ഡ്‌സില്‍ നടന്ന അവസാന ഏകദിനത്തില്‍ രോഹിത് സെഞ്ച്വറി നേടി തിളങ്ങിയിരുന്നു. 110 പന്തില്‍ 17 ഫോറുകളും അഞ്ച് സിക്സുകളും അടക്കം 138 റണ്‍സാണ് രോഹിത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

ലോര്‍ഡ്‌സില്‍ നടന്ന ഏകദിന മത്സരത്തിന് മുന്നോടിയായി രോഹിത് ഏകദിനത്തില്‍ നിന്നും വിരമിക്കുമെന്ന വാര്‍ത്തകള്‍ നിലനിന്നിരുന്നു. ഈ സമയത്താണ് രോഹിത്തിന്റെ ബാറ്റില്‍ നിന്നും സെഞ്ച്വറി പിറന്നതെന്നതും ശ്രദ്ധേയമാണ്.

സെപ്റ്റംബറിലാണ് ഇന്ത്യ അടുത്ത ഏകദിന പരമ്പര കളിക്കുക. തിരുവനന്തപുരമടക്കം വേദിയാകുന്ന മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ കരിബീയിന്‍ കരുത്തരായ വെസ്റ്റ് ഇന്‍ഡീസാണ് എതിരാളികള്‍. ഈ പരമ്പരയില്‍ രോഹിത് വീണ്ടും ഇന്ത്യന്‍ ജേഴ്‌സിയണിയും.

അതേസമയം ഒക്ടോബര്‍ നാല് മുതല്‍ നവംബര്‍ 21 വരെയാണ് ഏകദിന ലോകകപ്പ്. നമീബിയ, സൗത്ത് ആഫ്രിക്ക, സിംബാബ്‌വേ എന്നിവരാണ് ആതിഥേയര്‍. ആതിഥേയ രാജ്യങ്ങളടക്കം 14 ടീമുകള്‍ ടൂര്‍ണമെന്റിന്റെ ഭാഗമാകും.

Content Highlight: Ajinkya Rahane Talking About Indian Super Player Rohit Sharma

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ