വിക്കറ്റ് വലിച്ചെറിഞ്ഞുകൊടുക്കുന്നതില്‍ യാതൊരു കാര്യവുമില്ല; രൂക്ഷ വിമര്‍ശനവുമായി അജിന്‍ക്യാ രഹാനെ
Cricket
വിക്കറ്റ് വലിച്ചെറിഞ്ഞുകൊടുക്കുന്നതില്‍ യാതൊരു കാര്യവുമില്ല; രൂക്ഷ വിമര്‍ശനവുമായി അജിന്‍ക്യാ രഹാനെ
ശ്രീരാഗ് പാറക്കല്‍
Tuesday, 18th August 2026, 12:17 pm

ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിലെ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജെയ്‌സ്വാള്‍ പൂജ്യം റണ്‍സിന് പുറത്തായതിന് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി മുന്‍ താരം അജിന്‍ക്യാ രഹാനെ. തുടക്കത്തില്‍ തന്നെ വിക്കറ്റ് നഷ്ടപ്പെടുന്നത് ഇന്ത്യയെ സമ്മര്‍ദത്തിലാക്കുമെന്ന് രഹാനെ പറഞ്ഞു. മാത്രമല്ല താരത്തിന്റെ ഫൂട് വര്‍ക്ക് പോലും കൃത്യമായിരുന്നില്ലെന്നും വിക്കറ്റ് വെറുതെ വലിച്ചെറിഞ്ഞെന്നും രഹാനെ കൂട്ടിച്ചേര്‍ത്തു. ഇന്നിങ്‌സ് ആരംഭിച്ച് മൂന്നാം പന്തിലാണ് ജെയ്‌സ്വാള്‍ പുറത്തായത്. അസിതാ ഫര്‍ണാണ്ടോയാണ് താരത്തെ പുറത്താക്കിയത്.

ബാറ്റ് ചെയ്യുന്ന യശസ്വി ജെയ്‌സ്വാൾ ,കടപ്പാട്: ബി.സി.സി.ഐ/എക്സ്

‘ഇന്നിങ്‌സിന്റെ ആദ്യ ഓവറില്‍ തന്നെ ഇത്തരത്തില്‍ ഒരു വിക്കറ്റ് നഷ്ടപ്പെടുന്നത് എല്ലായ്‌പ്പോഴും ടീമിനെ സമ്മര്‍ദത്തിലാക്കും. കുറച്ചുകൂടി സമയം എടുത്ത് കളിക്കാമായിരുന്നു. അവന്റെ ഫൂട്‌വര്‍ക്ക് പോലും ശരിയായിരുന്നില്ല. ദൂരത്തുനിന്ന് പന്തിലേക്ക് ബാറ്റ് വെറുതെ വീശുകയായിരുന്നു.

വിക്കറ്റ് നഷ്ടപ്പെടുകയും ചെയ്തു. പ്രത്യേകിച്ച് ഈ പിച്ചില്‍ ഇടംകൈ ബാറ്ററിന് വളരെ പ്രധാനപ്പെട്ട പങ്കുള്ളപ്പോള്‍, ഇത്തരത്തില്‍ വിക്കറ്റ് വലിച്ചെറിഞ്ഞുകൊടുക്കുന്നതില്‍ യാതൊരു കാര്യവുമില്ല. ഇത്രയും നിര്‍ണായകമായ മത്സരത്തില്‍ ഇത്തരമൊരു രീതിയില്‍ വിക്കറ്റ് നഷ്ടപ്പെടുത്തുന്നത് യുക്തിസഹമല്ല,’ അജിന്‍ക്യാ രഹാനെ കമന്ററി ബോക്‌സില്‍ പറഞ്ഞു.

നിലവില്‍ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 29 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 116 റണ്‍സാണ് നേടിയത്. ദേവ്ദത്ത് പടിക്കല്‍ ഇന്നിങ്‌സ് മുന്നോട്ട് കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും 44 റണ്‍സിന് പുറത്തായി. കെ.എല്‍. രാഹുല്‍ 35 റണ്‍സിനും ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ എട്ട് റണ്‍സിനും കൂടാരം കേറി. നിലവില്‍ ക്രീസിലുള്ളത്21 റണ്‍സ് നേടിയ റിഷബ് പന്തും അഞ്ച് റണ്‍സ് നേടിയ ധ്രുവ് ജുറെലുമാണ്.

അതേസമയം ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 462 റണ്‍സിന് ഓള്‍ ഔട്ട് ആയപ്പോള്‍ ലങ്ക 284 റണ്‍സിനും പുറത്തായിരുന്നു.

ഇന്ത്യന്‍ ബൗളിങ്ങില്‍ നാല് വിക്കറ്റുകള്‍ നേടി മാനവ് സുതര്‍ തിളങ്ങിയപ്പോള്‍ രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റും നേടി ശ്രീലങ്കന്‍ ബാറ്റിങ് നിരയെ തകര്‍ത്തു. മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ ഓരോ വിക്കറ്റും കൈപ്പിടിയിലാക്കി.

ശ്രീലങ്കന്‍ നിരയില്‍ മികച്ച ബാറ്റിങ് പ്രകടനം നടത്തിയത് സോനല്‍ ദിനുഷയാണ്. 168 പന്തുകളില്‍ നിന്നും 100 റണ്‍സ് നേടിയാണ് താരം തിളങ്ങിയത്. നാല് ഫോറുകളും രണ്ട് സിക്സുകളുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. നിരോഷന്‍ ഡിക്‌വെല്ല അര്‍ധ സെഞ്ച്വറിയും സ്വന്തമാക്കി. 115 പന്തില്‍ 80 റണ്‍സാണ് താരം നേടിയത്. ഏഴ് ഫോറുകളായിരുന്നു താരം നേടിയത്.

ഇന്ത്യന്‍ നിരയില്‍ ദേവ്ദത്ത് പടിക്കല്‍ സെഞ്ച്വറി നേടി കരുത്തുകാട്ടി. 230 പന്തുകളില്‍ നിന്നും 15 ഫോറുകളും ഒരു സിക്‌സും അടക്കം 167 റണ്‍സാണ് പടിക്കല്‍ സ്വന്തമാക്കിയത്.

കെ.എല്‍ രാഹുല്‍ 10 ഫോറുകളും ഒരു സിക്‌സും അടക്കം 80 റണ്‍സും ധ്രുവ് ജുറെല്‍ നാല് ഫോറുകളും ഒരു സിക്‌സും അടക്കം 51 റണ്‍സും നേടി. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഷിറബ് പന്ത് 62 പന്തില്‍ നാല് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 39 റണ്‍സ് നേടിയാണ് പുറത്തായത്.

ശ്രീലങ്കന്‍ ബൗളിങ്ങില്‍ പ്രഭാത് ജയസൂര്യ നാല് വിക്കറ്റും കേഷാര നുവന്ത മൂന്ന് വിക്കറ്റും അസിത ഫെര്‍ണാണ്ടോ രണ്ട് വിക്കറ്റും നേടി തിളങ്ങി.

Content Highlight: Ajinkya Rahane Criticize Indian Opener Yashasvi Jaiswal

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ