അന്ന് എല്‍.ജെ.പി, ഇന്ന് പൃഥ്വി... രണ്ടാള്‍ക്കും ഇഷ്ടപ്പെട്ട മമ്മൂട്ടി ചിത്രം ഭൂതക്കണ്ണാടി; ഒരു ലോഹിതദാസ് മാജിക്
Malayalam Cinema
അന്ന് എല്‍.ജെ.പി, ഇന്ന് പൃഥ്വി... രണ്ടാള്‍ക്കും ഇഷ്ടപ്പെട്ട മമ്മൂട്ടി ചിത്രം ഭൂതക്കണ്ണാടി; ഒരു ലോഹിതദാസ് മാജിക്
അമര്‍നാഥ് എം.
Thursday, 25th June 2026, 6:30 pm

മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ഏറ്റവും മികച്ച സിനിമ ഏതെന്ന് ചോദിച്ചാല്‍ ആരായാലും കുറച്ച് നേരം ആലോചിക്കും. അര നൂറ്റാണ്ടിനടുത്തായി ഇരുവരും ഓരോ സിനിമയിലും പ്രേക്ഷകരെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ്. കഥാപാത്രത്തിലേക്ക് മാറുന്ന മമ്മൂട്ടിയും കഥാപാത്രത്തെ താനായി മാറ്റുന്ന മോഹന്‍ലാലും പകരം വെക്കാനില്ലാത്ത വിസ്മയങ്ങളാണ്.

മമ്മൂട്ടിയുടെ ഏറ്റവും മികച്ച സിനിമ ഏതെന്ന കാര്യത്തില്‍ പലരും പല സിനിമകളുടെ പേരാണ് ചൂണ്ടിക്കാണിക്കാറുള്ളത്. കഴിഞ്ഞദിവസം ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ പൃഥ്വിരാജ് തനിക്ക് ഇഷ്ടപ്പെട്ട സിനിമയായി പറഞ്ഞത് ഭൂതക്കണ്ണാടിയാണ്. മമ്മൂട്ടിയെ നായകനാക്കി ലോഹിതദാസ് സംവിധാനം ചെയ്ത ചിത്രം വ്യത്യസ്തമായ സിനിമാനുഭവമായിരുന്നു.

ഇതാദ്യമായല്ല ഒരാള്‍ ഭൂതക്കണ്ണാടിയെക്കുറിച്ച് സംസാരിക്കുന്നത്. സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയും തന്റെ ഫേവറെറ്റ് ഭൂതക്കണ്ണാടിയാണെന്ന് പറഞ്ഞിരുന്നു. മമ്മൂട്ടിയെ വെച്ച് ഏത് തരത്തിലുള്ള സിനിമ ചെയ്യണമെന്ന ചോദ്യത്തിനായിരുന്നു അദ്ദേഹം ഭൂതക്കണ്ണാടിയെ ഉദാഹരണമാക്കിയത്. 29 വര്‍ഷം മുമ്പ് പുറത്തിറങ്ങിയ ചിത്രം ഇന്നും സംസാരിക്കപ്പെടുകയാണ്.

ചെയ്ത തെറ്റിന്റെ പേരില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന വിദ്യാധരന്‍ തന്റെ കൈയിലുള്ള ഭൂതക്കണ്ണാടിയിലൂടെ കാണുന്ന കാഴ്ചകളും പിന്നീട് അത് അയാളുടെ ജീവിതത്തെ ബാധിക്കുന്നതുമാണ് ചിത്രത്തിന്റെ കഥ. മമ്മൂട്ടിയുടെ പകരം വെക്കാനില്ലാത്ത പ്രകടനവും ഹൃദയസ്പര്‍ശിയായ ലോഹിതദാസിന്റെ എഴുത്തും ഭൂതക്കണ്ണാടിയെ കൂടുതല്‍ മനോഹരമാക്കി.

അതുവരെ തിരക്കഥാരചനയില്‍ മാത്രം ശ്രദ്ധ നല്‍കിയിരുന്ന ലോഹിതദാസ് ആദ്യമായി സംവിധായക കുപ്പായമണിഞ്ഞ ചിത്രം കൂടിയായിരുന്നു ഭൂതക്കണ്ണാടി. മമ്മൂട്ടി കൈപിടിച്ചുകൊണ്ടുവന്ന സംവിധായകരുടെ ലിസ്റ്റില്‍ ലോഹിതദാസും ഈ സിനിമയിലൂടെ ഇടംപിടിച്ചു. ലോഹിതദാസിന്റെ ആദ്യ തിരക്കഥയായ തനിയാവര്‍ത്തനത്തിലും മമ്മൂട്ടി തന്നെയായിരുന്നു നായകന്‍.

മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്‌കാരം ഈ ചിത്രത്തിലൂടെ ലോഹിതദാസ് സ്വന്തമാക്കിയിരുന്നു. സംസ്ഥാന അവാര്‍ഡിലും ഭൂതക്കണ്ണാടി തിളങ്ങി. മികച്ച സിനിമ, തിരക്കഥ, നടി എന്നീ പുരസ്‌കാരങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. മമ്മൂട്ടിയുടെ ഏറ്റവും മികച്ച പെര്‍ഫോമന്‍സ് ഭൂതക്കണ്ണാടിയിലാണെന്ന് പറയാനാകില്ല. എന്നാല്‍ സ്റ്റാര്‍ഡത്തിന് അപ്പുറം തന്നിലെ നടനെ അദ്ദേഹം പരീക്ഷിച്ച സിനിമയായിരുന്നു ഭൂതക്കണ്ണാടി. ഇത്തരം സൃഷ്ടികള്‍ മലയാളത്തില്‍ മാത്രമേ സംഭവിക്കുകയുള്ളൂ എന്ന് അഭിമാനത്തോടെ പറയാനാകും.

Content Highlight: After Lijo Jose Pellissery Prithviraj selects Bhoothakkannadi as his favorite movie

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം