രാഷ്ട്രീയഭാവിയ്ക്ക് തടസ്സമാകുമെന്ന് ഭയം; രണ്ടുവയസ്സുകാരിയെ പിതാവ് കഴുത്ത് ഞെരിച്ച് കൊന്നു
Crime
രാഷ്ട്രീയഭാവിയ്ക്ക് തടസ്സമാകുമെന്ന് ഭയം; രണ്ടുവയസ്സുകാരിയെ പിതാവ് കഴുത്ത് ഞെരിച്ച് കൊന്നു
ന്യൂസ് ഡെസ്‌ക്
Wednesday, 14th October 2020, 9:21 pm

ബംഗളൂരു: രാഷ്ട്രീയഭാവിയ്ക്ക് തടസ്സമാകുമെന്ന് ഭയന്ന് പിതാവ് രണ്ടു വയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തി. കര്‍ണ്ണാടകയിലെ ചിത്രദുര്‍ഗ്ഗ ജില്ലയിലാണ് സംഭവം.

കുട്ടിയെ കാണാതായെന്ന് പറഞ്ഞ് അമ്മ നല്‍കിയ പരാതി പൊലീസ് അന്വേഷിച്ച് വരികെയാണ് കൊല്ലപ്പെട്ട വിവരം പുറത്തറിയുന്നത്. പിതാവായ നിംഗപ്പയാണ് കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു.

കുട്ടിയുടെ അമ്മയായ ശശികലയെ നാല് വര്‍ഷം മുമ്പാണ് നിംഗപ്പ പരിചയപ്പെടുന്നത്. ഇവരുടെ വിവാഹം വീട്ടുകാര്‍ എതിര്‍ത്തിരുന്നു. തുടര്‍ന്ന് ഇരുവരും രഹസ്യമായി വിവാഹം കഴിയ്ക്കുകയായിരുന്നു.

കുട്ടി ജനിച്ച വിവരം അറിഞ്ഞതോടെ ബന്ധം പരസ്യമാക്കാന്‍ ശശികലയുടെ വീട്ടുകാര്‍ നിംഗപ്പയെ നിര്‍ബന്ധിച്ചിരുന്നു. എന്നാല്‍ വിവാഹിതനായ വിവരം പുറത്തറിയിക്കേണ്ടെന്ന നിലപാടിലായിരുന്നു നിംഗപ്പ.

വിവരം പുറത്തറിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തനിക്ക് മത്സരിക്കാന്‍ കഴിയില്ലെന്നും വിജയിച്ച ശേഷം ഈ വിവരം പറയാമെന്നും ഇയാള്‍ പറഞ്ഞു.

പിന്നീട് ഭാര്യയോട് സ്വന്തം ഗ്രാമത്തിലേക്ക് പോകാന്‍ ഇയാള്‍ ആവശ്യപ്പെട്ടു. കുട്ടിയെ താന്‍ നോക്കിക്കോളാമെന്നും ഇയാള്‍ ഭാര്യയോട് പറഞ്ഞിരുന്നു.

തുടര്‍ന്നാണ് ഇയാള്‍ കുട്ടിയെ കൊലപ്പെടുത്താനുള്ള പദ്ധതിയിട്ടതെന്ന് പൊലീസ് പറഞ്ഞു. ഗ്രാമത്തിലെ വിജനമായ സ്ഥലത്ത് കുട്ടിയുമായി എത്തിയ ശേഷം ഇയാള്‍ കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. പിന്നീട് കുട്ടിയെ ആളൊഴിഞ്ഞ പ്രദേശത്ത് അടക്കം ചെയ്യുകയും ചെയ്തു.

കുട്ടിയെപ്പറ്റി അന്വേഷിക്കാന്‍ ഭാര്യ വിളിക്കുമ്പോഴെല്ലാം ഇയാള്‍ കുഞ്ഞിന് കുഴപ്പമൊന്നുമില്ലെന്നും ഉറങ്ങുകയാണെന്നും പറഞ്ഞിരുന്നു. ഈ മാസം ആദ്യം കുട്ടിയുടെ ശബ്ദം കേള്‍ക്കണമെന്ന് പറഞ്ഞ് ഭാര്യ ബഹളം വെച്ചിരുന്നു.

അപ്പോള്‍ കുഞ്ഞിനെ മറന്നേക്കുവെന്നും തിരിച്ചുവരില്ലെന്നും ഇയാള്‍ ഭാര്യയോട് പറഞ്ഞു. തുടര്‍ന്ന് കുഞ്ഞിനെ കാണാനില്ലെന്ന് പറഞ്ഞ് ശശികല പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കുട്ടി കൊല്ലപ്പെട്ട വിവരം പുറത്തറിഞ്ഞത്. തെരഞ്ഞെടുപ്പ് പരാജയം ഭയന്നാണ് ഈ കൃത്യം ചെയ്തതെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Father Murdered 2 Year old daughter