ഉര്‍വശിയെ ആരാധിക്കുന്ന നിരവധി പേരുണ്ട്, റോള്‍ മോഡലായി കാണുന്ന താരങ്ങളുണ്ട്. എന്നാല്‍ ഉര്‍വശിക്ക് ഏറ്റവും ഇഷ്ടം ഏത് നടിയെയാണെന്ന ചോദ്യത്തിന് മറുപടി പറയുകയാണ് താരം.

ഇന്നുവരെ ആരെയും റോള്‍ മോഡലായി കണ്ടിട്ടില്ലെന്നും എന്നാല്‍, തനിച്ച് നില്‍ക്കുകയും സ്വന്തമായ ഇടം അടയാളപ്പെടുത്തുകയും ചെയ്യുന്നവരോട് തനിക്ക് വലിയ ആരാധനയാണെന്നുമാണ് ഉര്‍വശി മറുപടി നല്‍കിയത്.

ഒപ്പം പ്രവര്‍ത്തിച്ചവരും സമകാലീനരുമായ എല്ലാ അഭിനേതാക്കളിലും തനിക്ക് ഇഷ്ടപ്പെടുന്ന എന്തെങ്കിലും പ്രത്യേകതയുണ്ടെന്നും പോര്‍ട്രെയ്ല്‍സ് ബൈ ഗദ്ദാഫി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഉര്‍വശി വ്യക്തമാക്കി.

‘എനിക്ക് ഒപ്പം വര്‍ക്ക് ചെയ്തവരോടും എന്റെ സമകാലീനരായ എല്ലാവരോടും ഇഷ്ടമാണ്. അവരൊക്കെ എന്നേക്കാള്‍ ഏതെങ്കിലുമൊരു കാര്യത്തില്‍ വലിയവരാണ്,’ ഉര്‍വശി പറഞ്ഞു. നടി പാര്‍വതിയുടെ സൗന്ദര്യത്തെക്കുറിച്ചും താരം വാചാലയായി.

‘പാര്‍വതിയുടെ കാര്യമെടുത്താല്‍ അവള്‍ നല്ല പെണ്ണാണ്. സുന്ദരിയാണ് അവള്‍. മേക്കപ്പിടാതെ അവള്‍ വന്നാലും എത്ര സുന്ദരിയാണ്. അന്നും ഇന്നും എനിക്ക് സൗന്ദര്യസങ്കല്‍പ്പമില്ല. പക്ഷേ അവള്‍ വന്നാല്‍ ഞാന്‍ ഇങ്ങനെ നോക്കിക്കൊണ്ടിരിക്കും. എന്തൊരു ചന്തമാണെന്നറിയാമോ, ഭയങ്കര ചന്തമാണെന്ന് എന്റെ സുഹൃത്തുക്കളോട് പറയും,’ ഉര്‍വശി പറഞ്ഞു.

ശോഭനയുടെ അഭിനയം മാത്രമല്ല, അവര്‍ക്കുള്ള ഹ്യൂമര്‍ സെന്‍സും തനിക്ക് ഏറെ ഇഷ്ടമാണെന്നും ഉര്‍വശി പറഞ്ഞു. അഭിമുഖങ്ങളില്‍ ഗൗരവത്തോടെ സംസാരിക്കുന്ന ശോഭനയല്ല യഥാര്‍ത്ഥ ശോഭനയെന്നും ഉര്‍വശി പറയുന്നു.

‘ഇതുപോലെ സെന്‍സ് ഓഫ് ഹ്യൂമറുള്ള ഒരാളെ ഞാന്‍ കണ്ടിട്ടില്ല. ശശിയേട്ടന്റെ പടത്തിലാണെങ്കില്‍ അദ്ദേഹം വഴക്കുപറയും. ‘കഴുതക്കുട്ടി’ എന്നാണ് ദേഷ്യം വരുമ്പോള്‍ വിളിക്കുക. കഴുതക്കുട്ടി എന്നത് പുള്ളിയുടെ ഏറ്റവും വലിയ ചീത്തവാക്കാണ്. ‘മിണ്ടാതിരിക്ക്, മിണ്ടാതിരിക്ക്. സ്‌കൂളില്‍ നിന്ന് നേരെ ഇറക്കിക്കൊണ്ടുവന്നാല്‍ ഇങ്ങനെ ഇരിക്കും’ എന്ന് പറയും.

ഏകദേശം 40 ഓളം ആര്‍ട്ടിസ്റ്റുകള്‍ ഒരുമിച്ചുള്ള സമയത്തുപോലും ശോഭനയുടെ തമാശകള്‍ തന്നെ ചിരിപ്പിക്കാറുണ്ടായിരുന്നുവെന്നും ഉര്‍വശി പറയുന്നു.

‘ശോഭന സംസാരിക്കാന്‍ തുടങ്ങിയാല്‍ ഞാന്‍ ചിരിക്കും. നിങ്ങള്‍ ഈ അഭിമുഖങ്ങളില്‍ കാണുന്ന ആളല്ല ശോഭന. അതേ അല്ല. നിങ്ങള്‍ ശോഭന ഗൗരവത്തില്‍ സംസാരിക്കുന്നതേ കണ്ടിട്ടുള്ളൂ. ശോഭനയുടെ കൂടെ ഇരുന്ന് അത്രയും സംസാരിച്ചിട്ടുള്ള എനിക്കറിയാം. ഉഗ്രനായി അവള്‍ക്ക് ഹ്യൂമര്‍ ചെയ്യാന്‍ പറ്റും. പേഴ്സണലി ഹ്യൂമര്‍ പറയുന്ന ആളാണ്,’ ഉര്‍വശി പറഞ്ഞു.

മമ്മൂട്ടിയുടെ നിഷ്‌കളങ്കമായ ഹ്യൂമര്‍ ആസ്വാദനത്തെക്കുറിച്ചും ഉര്‍വശി അഭിമുഖത്തില്‍ പറയുന്നുണ്ട്. ചെറിയൊരു തമാശ കേട്ടാല്‍ പോലും മനസുതുറന്ന് ചിരിക്കുന്ന ആളാണ് മമ്മൂട്ടിയെന്നും, ആരാണ് തമാശ പറഞ്ഞതെന്നത് നോക്കാതെ അത് ആസ്വദിക്കുന്ന സ്വഭാവമാണ് അദ്ദേഹത്തിനെന്നും ഉര്‍വശി പറയുന്നു.

സ്‌ക്രീനില്‍ പ്രേക്ഷകര്‍ കാണുന്ന വ്യക്തിത്വത്തില്‍ നിന്ന് തികച്ചും വ്യത്യസ്തമായ നിരവധി മുഖങ്ങളാണ് സിനിമാ മേഖലയിലുള്ള പല കലാകാരന്മാര്‍ക്കുമുള്ളതെന്നും ഉര്‍വശി പറയുന്നു. ഓരോരുത്തരുടെയും കഴിവുകളെ അടുത്തുനിന്ന് കാണുമ്പോഴാണ് അവരുടെ പ്രത്യേകതകള്‍ മനസിലാകുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു.

Content Highlight: Actress Urvashy about Parvathy and Shobhana