മലയാള സിനിമയിലെ ബാലതാരമായി എത്തി പിന്നീട് നായികയായും സഹനടിയായും ശ്രദ്ധ നേടിയ നടിയാണ് സോണിയ. മൂന്ന് വയസിൽ ‘ഒരു നാടോടി’ എന്ന ചിത്രത്തിലൂടെയാണ് ബാലതാരമായി നടി സിനിമയിലെത്തുന്നത്. ബേബി സോണിയ എന്ന പേരിൽ നിരവധി മലയാള സിനിമകളിൽ അഭിനയിച്ച താരം ബാലതാരമായി തന്നെ ദേശീയ-സംസ്ഥാന പുരസ്കാരങ്ങളും സ്വന്തമാക്കിയിട്ടുണ്ട്.

‘മൈ ഡിയർ കുട്ടിച്ചാത്തൻ’ എന്ന ചിത്രത്തിലെ അഭിനയത്തിന് 1984ലെ മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്കാരവും ‘നൊമ്പരത്തിപ്പൂവ്’ എന്ന ചിത്രത്തിലൂടെ 1987ലെ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും നേടി.

സോണിയ. Phot. Screen Grab/ Youtube

ഇപ്പോഴിതാ മലയാള സിനിമയിൽ അഭിനയിക്കാൻ തനിക്ക് ഒരുകാലത്ത് പേടിയായിരുന്നെന്നും അമ്മയോട് കരഞ്ഞുപോലും മലയാള സിനിമകൾ വേണ്ടെന്ന് പറഞ്ഞിട്ടുണ്ടെന്നും പറയുകയാണ് നടി സോണിയ. അച്ഛന്റെ സുഹൃത്തായ സംവിധായകൻ ജോഷിയുടെ സിനിമയിലൂടെയും ലിസി ചേച്ചിയുടെ ശുപാർശയിൽ പ്രിയദർശന്റെ സിനിമയിലൂടെയുമാണ് മലയാളത്തിൽ അഭിനയിച്ചതെന്നും സോണിയ പറയുന്നു.

‘മലയാള സിനിമ എനിക്ക് എന്തോ പേടിയായിരുന്നു. എന്താണ് ആ പേടിയെന്ന് എനിക്ക് അറിയില്ല. അമ്മയോട് കരഞ്ഞുകൊണ്ട് ഞാൻ പറയുമായിരുന്നു, ‘അമ്മാ, എനിക്ക് മലയാളം സിനിമ വേണ്ട, ആ പടം വേണ്ട, ഈ പടം വേണ്ട’ എന്നൊക്കെ. ജോഷി അങ്കിൾ അച്ഛന്റെ സുഹൃത്തായതുകൊണ്ടാണ് അദ്ദേഹത്തിന്റെ സിനിമ ചെയ്തത്. ലിസി ചേച്ചിയുടെ റെക്കമൻഡേഷനിലാണ് പ്രിയേട്ടന്റെ സിനിമ ചെയ്തത്,’ സോണിയ പറഞ്ഞു.

ഒരിക്കലും ഓഡിഷനുകൾക്ക് പോയി അവസരങ്ങൾ തേടിപ്പിടിച്ചിട്ടില്ലെന്നും സിനിമകൾ സ്വാഭാവികമായി തന്നെ തേടിയെത്തുകയായിരുന്നെന്നും താരം പറയുന്നു. എന്നാൽ ഒരു സിനിമയിൽ അഭിനയിച്ചുകഴിഞ്ഞാൽ അതിലെ നായകന്മാരോ മറ്റു അഭിനേതാക്കളോ തങ്ങളുടെ അടുത്ത സിനിമകളിലേക്ക് തന്നെ വിളിച്ചിരുന്നില്ലെന്നും സോണിയ കൂട്ടിച്ചേർത്തു.

‘ഞാൻ കഷ്ടപ്പെട്ട് ഓഡിഷന് പോയി ഒരു സിനിമ പോലും ചെയ്തിട്ടില്ല. സിനിമകൾ ഓരോന്നും എന്നെ തേടിവരുകയായിരുന്നു. ഞാൻ പോയി അഭിനയിക്കും, തിരിച്ചുവരും. പക്ഷേ, എന്തുകൊണ്ടാണെന്ന് അറിയില്ല, ആ സിനിമകളിലെ ഹീറോസും ആക്ടേഴ്‌സും അവരുടെ അടുത്ത സിനിമകളിലേക്ക് എന്നെ വിളിച്ചിരുന്നില്ല. വിളിച്ചിരുന്നെങ്കിൽ എനിക്ക് പോകാമായിരുന്നു,’ സോണിയ പറഞ്ഞു.

മമ്മൂട്ടിയുമായുള്ള അടുത്ത ബന്ധം കാരണമാണ് തന്നെ നായികയായി കാണാൻ അദ്ദേഹത്തിന് ബുദ്ധിമുട്ടുണ്ടായിരുന്നതെന്നും താരം ഓർത്തെടുക്കുന്നു. ചെറുപ്പം മുതൽ അറിയാവുന്ന കുട്ടിയായതിനാൽ മമ്മൂട്ടിക്ക് തന്നെ ജോഡിയായി സങ്കൽപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. സൈന്യം സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചപ്പോഴും ഇതേ അനുഭവമാണ് ഉണ്ടായിരുന്നതെന്നും നടി പറഞ്ഞു.

‘സൈന്യത്തിൽ അഭിനയിക്കാൻ അവസാന നിമിഷമാണ് ഞാൻ ഓക്കെ പറഞ്ഞത്. ജോഷി അങ്കിളിന് ഡേറ്റ് പ്രശ്നം വന്നപ്പോൾ പെട്ടെന്ന് ഹൈദരാബാദിലേക്ക് വരാൻ പറഞ്ഞു. ഞാൻ അന്ന് 16 വയസുള്ള ഒരു കുട്ടിയായിരുന്നു. എന്നെ കണ്ടപ്പോൾ തന്നെ മമ്മൂക്ക പറഞ്ഞു, ‘സോണിയ ശരിയാവില്ല, മുകേഷിന്റെ ഭാര്യയായിട്ട് അവൾ ശരിയാവില്ല’ എന്ന്. മമ്മൂക്കയുടെ മനസിൽ ഞാൻ അപ്പോഴും ഒരു കുഞ്ഞായിരുന്നു,’ സോണിയ പറഞ്ഞു.

സോണിയ. Phot. Screen Grab/ Youtube

എന്നാൽ വേഷവും കോസ്റ്റ്യൂമും അണിയിച്ച് കണ്ടപ്പോൾ മമ്മൂട്ടിക്ക് സമ്മതമായെന്നും താരം പറഞ്ഞു. ശരീരം മുഴുവൻ മറയ്ക്കുന്ന കൈയുള്ള ബ്ലൗസും തട്ടവുമായിരുന്നു കഥാപാത്രത്തിനായി അണിയിച്ചത്. ആദ്യം എതിർപ്പ് പറഞ്ഞ മമ്മൂട്ടി കോസ്റ്റ്യൂമിൽ കണ്ടശേഷം ഒന്നും പറയാതെ മടങ്ങുകയായിരുന്നെന്നും സോണിയ കൂട്ടിച്ചേർത്തു.

‘മമ്മൂക്ക തറപ്പിച്ചുതന്നെ പറഞ്ഞിരുന്നു, ‘സോണിയ വേണ്ട’ എന്ന്. ദ കിങ് സിനിമയിൽ അദ്ദേഹത്തിന്റെ സഹോദരിയായി അഭിനയിക്കുമ്പോഴും എന്നെ നോക്കി ‘നീ ശരിയാവില്ല എന്ന് പറയും’. മമ്മൂക്ക എന്റെ അച്ഛന്റെ സുഹൃത്താണ്. ചെറുപ്പം മുതൽ എന്നെ അറിയാം, വീട്ടിൽ വരും, ഭക്ഷണം കഴിക്കും. ഷൂട്ടിങ് ലൊക്കേഷനിൽ അദ്ദേഹത്തിന്റെ മുറിയിൽ എനിക്ക് പ്രത്യേക സ്വാതന്ത്ര്യമുണ്ടായിരുന്നു. അത്രയും അടുത്ത ബന്ധമായിരുന്നു ഞങ്ങൾ തമ്മിൽ. അതുകൊണ്ട് തന്നെ ഞാൻ വലിയ കഥാപാത്രങ്ങളും അദ്ദേഹത്തിന്റെ പെയറായും അഭിനയിക്കുന്നത് അദേഹത്തിന് ഉൾകൊള്ളാൻ പറ്റുമായിരുന്നില്ല,’ സോണിയ പറഞ്ഞു.

Content Highlight: Actress Sonia says she was once afraid to act in Malayalam cinema