ധനുഷ് നായകനായെത്തുന്ന ഏറ്റവും പുതിയ സിനിമയാണ് വാത്തി. ചിത്രത്തില്‍ നായികയായെത്തുന്നത് മലയാളി താരം സംയുക്ത മേനോനാണ്. ധനുഷിനോടൊപ്പമുള്ള തന്റെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് താരം. ഒരേസമയം രണ്ട് ഭാഷകളിലായൊരുങ്ങുന്ന സിനിമയായത് കൊണ്ട് തന്നെ തനിക്ക് ഒരുപാട് ടെന്‍ഷനുണ്ടായിരുന്നെന്നും അതിന്റെ ചെറിയ പ്രശ്‌നങ്ങള്‍ തുടക്കത്തിലുണ്ടായിരുന്നെന്നും താരം പറഞ്ഞു.

ഇത് തിരിച്ചറിഞ്ഞ ധനുഷ് തന്നോട് വന്ന് സംസാരിച്ചുവെന്നും ഇവിടെയെത്താന്‍ സ്വപ്‌നം കാണുന്ന ഒരുപാട് ആളുകളുണ്ടെന്നും ടെന്‍ഷനടിക്കാതെ ഇതൊക്കെ ആസ്വദിക്കാന്‍ തന്നോട് പറഞ്ഞെന്നും സംയുക്ത പറഞ്ഞു. ബിഹൈന്‍ഡ്‌വുഡ്‌സ് തമിഴിന് നല്‍കിയ അഭിമുഖത്തിലാണ് സംയുക്ത ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘ഈ സിനിമയില്‍ അഭിനയിക്കുമ്പോള്‍ എനിക്കൊരുപാട് സ്ട്രസുണ്ടായിരുന്നു. ഒന്നാമത് വലിയൊരു സിനിമ അതുപോലെ തന്നെ രണ്ട് ഭാഷകളിലായിട്ടാണ് ചിത്രം പുറത്തിറങ്ങുന്നത്. ഞാന്‍ ഉറപ്പായും അഭിനയം ആസ്വദിക്കുന്നുണ്ടായിരുന്നു. എന്നാല്‍ സീന്‍ പേപ്പര്‍ എവിടെയാണ്, അത് എവിടെയാണ് ഇത് എവിടെയാണ് എന്നൊക്ക ചോദിച്ച് വലിയ ചിന്തയിലൊക്കെ ആയിരുന്നു ഞാന്‍.

അതുകണ്ടപ്പോള്‍ ധനുഷ് സാര്‍ എന്നെ വിളിച്ച് സംസാരിച്ചു. നമ്മള്‍ എത്തി നില്‍ക്കുന്ന ഈ സ്ഥാനത്ത് എത്താന്‍ ആഗ്രഹിക്കുന്ന ഒരുപാട് ആളുകളുണ്ട്. നമ്മള്‍ അവിടെ ഇപ്പോള്‍ എത്തി കഴിഞ്ഞു. അതുകൊണ്ട് തന്നെ ഇങ്ങനെ ടെന്‍ഷനടിക്കുകയല്ല വേണ്ടത്. ഇതൊക്കെ ആസ്വദിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം എന്നോട് പറഞ്ഞു. അതിനുശേഷം ആ സിനിമ എനിക്ക് നന്നായി എഞ്ചോയ് ചെയ്യാന്‍ കഴിഞ്ഞു. ധനുഷ് സാറും ഞാനും തമ്മില്‍ നടത്തിയ സംഭാഷണങ്ങളിലൊന്ന് അതാണ്,’ സംയുക്ത പറഞ്ഞു.

സൂപ്പര്‍ സ്റ്റാര്‍ സിനിമകളില്‍ നായികമാര്‍ക്ക് ലഭിക്കുന്ന പ്രാധാന്യത്തെ കുറിച്ചും താരം പറഞ്ഞു. ‘ ഞാനൊക്കെ ഇപ്പോള്‍ വളര്‍ന്ന് വരുന്നതെയുള്ളു. നയന്‍താര മാമിന്റെയൊക്കെ സ്ഥാനത്തെത്തി കഴിയുമ്പോള്‍ ആളുകള്‍ നമ്മളെ കുറിച്ചും സംസാരിച്ച് തുടങ്ങും. കാരണം അതുപോലെയുള്ള യാത്രയായിരുന്നു അവരുടേത്,’ സംയുക്ത പറഞ്ഞു.

 

content highlight: actress samyuktha about experience with dhanush