കിരീടത്തിന്റെ കാര്യത്തില്‍ എനിക്കൊരു കടംവീട്ടാനുണ്ടായിരുന്നു, ഇത്രയും വര്‍ഷമായിട്ട് ഞാനാരോടും ഒരു നന്ദിവാക്ക് പറഞ്ഞില്ല: പാര്‍വതി
Movie Day
കിരീടത്തിന്റെ കാര്യത്തില്‍ എനിക്കൊരു കടംവീട്ടാനുണ്ടായിരുന്നു, ഇത്രയും വര്‍ഷമായിട്ട് ഞാനാരോടും ഒരു നന്ദിവാക്ക് പറഞ്ഞില്ല: പാര്‍വതി
അക്ഷര
Tuesday, 23rd June 2026, 10:02 am

മലയാള സിനിമയിലെ എവര്‍ഗ്രീന്‍ ക്ലാസിക്കുകളിലൊന്നാണ് മോഹന്‍ലാല്‍-സിബി മലയില്‍-ലോഹിതദാസ് കൂട്ടുകെട്ടില്‍ 1989 ല്‍ പുറത്തിറങ്ങിയ കിരീടം. സേതുമാധവനും ദേവിയും ഉള്‍പ്പെടെ സിനിമയിലെ ഓരോ കഥാപാത്രങ്ങളും ഇന്നും മലയാളികളുടെ മനസില്‍ മായാതെ കിടപ്പുണ്ട്. നീണ്ട 37 വര്‍ഷങ്ങള്‍ക്ക് ശേഷം കിരീടം വീണ്ടുമെത്തുകയാണ്.

ഡോള്‍ബി അറ്റ്മോസ് 4 കെ ദൃശ്യ മികവോടെയാണ് കിരീടത്തിന്റെ റീ-റിലീസ്. അതിന് മുന്നോടിയായി കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തു വിട്ടിരുന്നു.

കീരീടത്തില്‍ എല്ലാവരുടേയും പ്രിയപ്പെട്ട കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു നടി പാര്‍വതി അവതരിപ്പിച്ച ദേവി. കിരീടം സിനിമയെ കുറിച്ചും എന്തുകൊണ്ടാണ് താന്‍ ഈ ചടങ്ങില്‍ വന്നതെന്നുമൊക്കെ പറയുയാണ് പാര്‍വതി. വര്‍ഷങ്ങളായി തനിക്ക് ഒരു കടംവീട്ടാനുണ്ടെന്നാണ് പാര്‍വതി പറഞ്ഞത്.

കിരീടം സിനിമയില്‍ നിന്നുള്ള രംഗം Photo: Facebook

‘കിരീടം 37 വര്‍ഷമായി റിലീസായിട്ട്. പക്ഷേ ഇപ്പോഴും ഞാന്‍ എവിടെ പോകുകയാണെങ്കിലും അതിലെ ദേവി എന്ന കഥാപാത്രത്തെ പറ്റിയാണ് പലരും എന്നോട് സംസാരിക്കാറുള്ളത്.

അന്ന് തൊട്ട് ഇന്ന് വരെ എനിക്ക് അഭിനന്ദനം കിട്ടിക്കൊണ്ടിരിക്കുന്ന കഥാപാത്രമാണ് ദേവി. എന്നെ രണ്ട് മൂന്ന് ദിവസം മുന്‍പ് സിബി സാര്‍ വിളിച്ചപ്പോള്‍ ഞാന്‍ ഉറപ്പായും വരാമെന്ന് പറഞ്ഞു.

കാരണം എനിക്കൊരു കടം വീട്ടാനുണ്ട്. ഞാന്‍ ഇത്രയും വര്‍ഷമായിട്ട് ആരോടും ഒരു നന്ദി ഇതുവരെ പറഞ്ഞിട്ടില്ല. എന്നെ വിശ്വസിച്ച് ഇത്രയും നല്ലൊരു ക്യാരക്ടര്‍ എനിക്ക് തന്നതിന് സിബിസാറിനോട്, ദിനേശ് പണിക്കര്‍, വിജയകുമാര്‍ സാര്‍ എല്ലാവരോട് എനിക്ക് നന്ദിയുണ്ട്.

കിരീടം സിനിമയില്‍ നിന്നുള്ള രംഗം Photo: Millenium Cinemas

ഏറ്റവും കൂടുതല്‍ ലാലേട്ടനോടാണ് നന്ദി പറയാനുള്ളത്. ഏറ്റവും നല്ല സപ്പോര്‍ട്ടിങ് കോ സ്റ്റാര്‍ ആയി നിന്നതിന്. എന്താണ് കൂടുതല്‍ പറയേണ്ടത് എന്നറിയില്ല. എല്ലാവരെ വീണ്ടും കാണാന്‍ സാധിച്ചതിനും ഇവിടെ നില്‍ക്കാന്‍ പറ്റിയതിലും നന്ദി,’ പാര്‍വതി പറഞ്ഞു.

കൃപ ഫിലിംസിന്റെ ബാനറില്‍ എന്‍ കൃഷ്ണകുമാറും ദിനേശ് പണിക്കരും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. ലോഹിതദാസ് തിരക്കഥയെഴുതിയ സിനിമയുടെ സംഗീതം ജോണ്‍സണ്‍ മാസ്റ്ററായിരുന്നു.

Content Highlight: Actress parvathy about Kireedam Movie re release and Mohanlal