തന്റെ മനസിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ ഉര്‍വശിയാണെന്ന് നടി മഞ്ജു പിള്ള. ആരെയൊക്കെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നുവിളിച്ചാലും ഉര്‍വശി എന്ന നടിയെ കടത്തിവെട്ടാന്‍ മലയാളം ഇന്‍ഡസ്ട്രിയില്‍ ആരുമുണ്ടായിട്ടില്ലെന്നും നായികാസ്ഥാനത്ത് അവര്‍ തന്നെയാണ് മികച്ച നടിയെന്നും മഞ്ജു പിള്ള പറഞ്ഞു.

അത് തന്റെ മാത്രം അഭിപ്രായമാണെന്നും നാളെ ഉര്‍വശിയെ പോലൊരു നടി ഉണ്ടാകുമോയെന്ന് തനിക്ക് സംശയമുണ്ടെന്നും മഞ്ജു പറഞ്ഞു. ബിഹൈന്‍ഡ് വുഡ്‌സ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് മഞ്ജു പിള്ള ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”ഞാന്‍ എന്റെ ഇഷ്ടമാണ് പറയുന്നത്. ആരെയൊക്കെ എത്രയൊക്കെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നുവിളിച്ചാലും ഉര്‍വശി എന്ന നടിയെ കടത്തിവെട്ടാന്‍ മലയാളം ഇന്‍ഡസ്ട്രിയില്‍ ആരുമുണ്ടായിട്ടില്ല. നായികാസ്ഥാനത്തെ കുറിച്ചാണ് ഞാന്‍ പറയുന്നത്.

ഇനി നാളെ അങ്ങനൊരു നടിയുണ്ടാകുമോയെന്ന് എനിക്കറിയില്ല. എന്റെ മനസില്‍ അന്നും ഇന്നും എന്നും ലേഡി സൂപ്പര്‍സ്റ്റാര്‍ ഉര്‍വശിയാണ്. മിഥുനമാണ് ഉര്‍വശിച്ചേച്ചിയുടെ എനിക്ക് ഏറ്റവും പ്രിയപ്പെട്ട ചിത്രം. ഷീലാമ്മ, ശാരദമ്മ അവരൊക്കെ അന്നത്തെ സൂപ്പര്‍ സ്റ്റാര്‍സ് ആണ്. അവരെയും ഇഷ്ടമാണ്.

പക്ഷെ ലേഡി സൂപ്പര്‍സ്റ്റാറായിട്ട് തോന്നിയത് ഉര്‍വശിയെയാണ്. അത് എന്റെ ഇഷ്ടമാണ്. എന്നാല്‍ എനിക്ക് ഉര്‍വശിയെക്കാള്‍ ഇഷ്ടം കെ.പി.എ.സി ലളിതയെയാണ്. പക്ഷെ അത് ക്യാരക്ടര്‍ റോളിലാണ്. നായിക ഉര്‍വശി തന്നെയാണ്. അതില്‍ ഞാന്‍ ഇപ്പോഴും ഉറച്ച് നില്‍ക്കുന്നു.

ഓ മൈ ഡാര്‍ലിങ്ങാണ് മഞ്ജുവിന്റെ ഏറ്റവും പുതിയ ചിത്രം. ബാലതാരമായി ശ്രദ്ധിക്കപ്പെട്ട അനിഘയാണ് ചിത്രത്തിലെ നായിക. ലെന, ജോണി ആന്റണി, ഡെയ്ന്‍, മെല്‍വിന്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

content highlight: actress manjupillai about urvashi