‘ബെത്‌ലഹേം കുടുംബ യൂണിറ്റില്‍’ മമിത ബൈജു അവതരിപ്പിച്ച ആഷ്ലിയുടെ അമ്മ ബിജിയായി എത്തി പ്രേക്ഷകരുടെ ശ്രദ്ധ നേടിയിരിക്കുകയാണ് നടി മഞ്ജു ശ്രീ നായര്‍.

മകളുടെ ജീവിതത്തിലെ നിര്‍ണായക തീരുമാനങ്ങളില്‍ ഇടപെടുന്ന, സ്വന്തം അനുഭവങ്ങളുടെയും ചിന്തകളുടെയും അടിസ്ഥാനത്തില്‍ മകളുടെ ഭാവിയെക്കുറിച്ച് തീരുമാനമെടുക്കുന്ന കഥാപാത്രമാണ് ബിജി.

ചിത്രത്തിലെ മഞ്ജുശ്രീയുടെ പ്രകടനത്തിന് വലിയ കയ്യടി ലഭിക്കുമ്പോള്‍ തന്നെ ജസ്റ്റിനും ആഷ്ലിക്കും ഇടയിലുള്ള ബന്ധത്തിന് തടസ്സമായ അവരുടെ നിലപാടുകളാണ് സിനിമയില്‍ ചര്‍ച്ചയായത്. മക്കളുടെ പ്രണയത്തിന് തടസം നില്‍ക്കുന്ന മാതാപിതാക്കളുടെ പ്രതിനിധിയാണ് ബിജിയെന്നായിരുന്നു ചിലര്‍ പറഞ്ഞത്.

ചില രസകരമായ പ്രതികരണങ്ങളാണ് സോഷ്യല്‍മീഡിയയില്‍ തനിക്ക് ലഭിച്ചതെന്ന് മഞ്ജു പറയുന്നു. ബിജിയോട് നേരിട്ട് ചോദിക്കുന്നതുപോലെയാണ് ഇന്‍സ്റ്റഗ്രാമില്‍ വരുന്ന പല മെസ്സേജുകളുമെന്ന് മഞ്ജു പറയുന്നു.

‘എന്നാലും എന്റെ ബിജി ചേച്ചീ, ആ കൊച്ചിനെ വിട്ടുകൂടെ. ജസ്റ്റിന്‍ ഒരു നല്ല പയ്യനല്ലേ’ എന്നൊക്കെയാണ് ഇന്‍സ്റ്റഗ്രാമില്‍ മെസേജുകള്‍ വരുന്നത്. ‘എന്താണ് ചേച്ചീ, ജസ്റ്റിന് ഒരു കുറവ്? എന്തായിരുന്നു ചേച്ചിയുടെ പ്രശ്നം?’ എന്നൊക്കെയാണ് ചോദിക്കുന്നത്.

ജാതിയൊക്കെ പറഞ്ഞിട്ടാണ് ചില മെസേജുകള്‍. ‘ക്രിസ്ത്യാനിയാണ്, നല്ല പയ്യനാണ്, വീടിന്റെ തൊട്ടടുത്ത്. നല്ല ജോലിയുണ്ട്. ഇങ്ങനെയൊക്കെയായിട്ടും എന്താണ് ബിജി ചേച്ചിക്ക് പ്രശ്നം?’ എന്നൊക്കെയാണ് ആളുകള്‍ ചോദിക്കുന്നത്,’ മഞ്ജു പറഞ്ഞു.

എന്നാല്‍ ബിജിയുടെ തീരുമാനത്തെ ഒരു കഥാപാത്രമെന്ന നിലയില്‍ നോക്കുമ്പോള്‍ അതിന് കൃത്യമായ കാരണങ്ങളുണ്ടെന്നും മഞ്ജു പറയുന്നു. ബിജി കടന്നുപോയ ജീവിതവും അതിന്റെ സ്വാധീനവും കഥാപാത്രത്തിന്റെ തീരുമാനങ്ങളില്‍ നിര്‍ണായകമാണെന്നാണ് മഞ്ജു പറയുന്നത്.

‘ഇതൊരു ക്യാരക്ടറാണല്ലോ. അവര്‍ കടന്നുപോയ ഒരു ജീവിതം അവര്‍ അതില്‍ പറയുന്നുണ്ടല്ലോ. അതുകൊണ്ടൊക്കെ കൂടിയാണ് അവര്‍ അങ്ങനെ ഒരു തീരുമാനമെടുക്കുന്നത്. പിന്നെ വയസും ഒരു പ്രധാന ഘടകമാണ്. അത്രയും വയസിന്റെ വ്യത്യാസത്തില്‍ മകളെ വിവാഹം കഴിപ്പിച്ചയക്കാന്‍ അവര്‍ തയ്യാറല്ല. ടിപ്പിക്കല്‍ അമ്മയാണ് അവര്‍,’ മഞ്ജു പറയുന്നു.

ബിജി ചില ഘട്ടങ്ങളില്‍ ആത്മഹത്യ ചെയ്യുമെന്ന് വരെ ഭീഷണിപ്പെടുത്തുന്നുണ്ട്. അച്ഛന്റെ കാര്യവും മറ്റും പറഞ്ഞാണ് മകളെ ആ തീരുമാനത്തിലേക്ക് എത്തിക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ ഒടുവില്‍ ജസ്റ്റിനും ആഷ്ലിയും ഒന്നിക്കുമ്പോള്‍ ബിജിക്ക് അങ്ങനെ തന്നെ കിട്ടണമെന്നാണ് പ്രേക്ഷകരില്‍ വലിയൊരു വിഭാഗവും മഞ്ജു പറഞ്ഞത്,’ മഞ്ജുശ്രീ പറഞ്ഞു.

‘ബെത്ലഹേം കുടുംബ യൂണിറ്റിലെ’ ബിജി തനിക്ക് ലഭിച്ചത് ഒരു ലോട്ടറി പോലെയായിരുന്നുവെന്നും മഞ്ജു ശ്രീ നായര്‍ പറയുന്നു. സംവിധായകന്‍ ഗിരീഷ് എ.ഡിയോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതും വലിയ അനുഭവമായിരുന്നുവെന്ന് താരം പറയുന്നു.

‘ബെത്ലഹേം കുടുംബ യൂണിറ്റിലെ കഥാപാത്രം എനിക്ക് ശരിക്കും ലോട്ടറി പോലെ കിട്ടിയതാണ്. ഗിരീഷിന്റെ കൂടെ വര്‍ക്ക് ചെയ്യുക എന്നത് ഏതൊരു ആര്‍ട്ടിസ്റ്റും ആഗ്രഹിക്കുന്നതാണ്. തൊട്ടതെല്ലാം ഹിറ്റാക്കുന്ന സംവിധായകനാണ് അദ്ദേഹം. പിന്നെ ഏത് സിനിമ എടുത്തുനോക്കിയാലും റീ വാച്ചിന് സാധ്യതയുണ്ട്. ‘പ്രേമലു’വൊക്കെ കണ്ട് ഞാന്‍ ആഗ്രഹിച്ചിട്ടുണ്ട്. പക്ഷേ ഇങ്ങനെയൊരു സിനിമയില്‍ ഞാനും ഉണ്ടാകുമെന്ന് വിചാരിച്ചിട്ടില്ല,’ മഞ്ജു പറഞ്ഞു.

തനിക്ക് ലഭിക്കാന്‍ പോകുന്ന കഥാപാത്രത്തിന് ഇത്രയും ആഴമുണ്ടെന്ന് തുടക്കത്തില്‍ അറിയില്ലായിരുന്നുവെന്നും മഞ്ജു പറയുന്നു. ‘ഈ കഥാപാത്രത്തിന് ഇത്രയും ഡെപ്തുണ്ടെന്നൊന്നും തുടക്കത്തില്‍ അറിയില്ലായിരുന്നു. ആ സിനിമ എനിക്ക് ഭയങ്കര എക്‌സ്പീരിയന്‍സായിരുന്നു. ഗിരീഷിന് എന്താണ് വേണ്ടതെന്ന് കൃത്യമായി അറിയാം. ഒരു ആര്‍ട്ടിസ്റ്റില്‍ നിന്ന് ഏത് മീറ്ററില്‍ കാര്യങ്ങള്‍ വരണമെന്നും അദ്ദേഹത്തിന് അറിയാം.

മക്കളുടെ അടുത്ത് എല്ലാ ഫ്രസ്‌ട്രേഷനും തീര്‍ക്കുന്ന അമ്മമാരുണ്ടാകുമെന്നും ബിജിയെന്നകഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ ആ വ്യത്യാസം കൃത്യമായി മനസിലാക്കിയിരുന്നുവെന്നും മഞ്ജു പറയുന്നു.

”മക്കളുടെ അടുത്ത് എല്ലാ ഫ്രസ്‌ട്രേഷനും തീര്‍ക്കുന്ന അമ്മമാരുണ്ടാകും. പക്ഷേ ഞാന്‍ അങ്ങനെയുള്ള അമ്മയല്ല. ചില സീനുകളില്‍ ദേഷ്യം കുറച്ചുകൂടി വേണമെങ്കില്‍ ഗിരീഷ് പറയും, ‘ചേച്ചീ, അങ്ങനെ പോര’ എന്നൊക്കെ. കഥാപാത്രത്തിന് ആവശ്യമായ രീതിയില്‍ അത് മാറ്റാന്‍ അദ്ദേഹം കൃത്യമായി ഗൈഡ് ചെയ്യുമായിരുന്നു,’ മഞ്ജു പറഞ്ഞു.

Content Highlight: Actress manju Sree nair about Her Character on Bethlahem Kudumba Unit