ഇപ്പോഴും പറമ്പിൽ പോയി ആക്രി സാധനങ്ങൾ പെറുക്കാറുണ്ട്; മമിത ബൈജു
Malayalam Cinema
ഇപ്പോഴും പറമ്പിൽ പോയി ആക്രി സാധനങ്ങൾ പെറുക്കാറുണ്ട്; മമിത ബൈജു
അജ്മല്‍ കെ
Saturday, 15th August 2026, 11:06 am

സൂപ്പർ ശരണ്യ, പ്രേമലു തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ നടിയാണ് മമിത ബൈജു. പ്രേമലുവിന് ശേഷം തമിഴിലും സജീവമായ മമിത ഡ്യൂഡ്, ജന നായകൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടി. ഇപ്പോഴിതാ ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന ‘ബത്‌ലഹേം കുടുംബ യൂണിറ്റ്’ലൂടെ വീണ്ടും മലയാളത്തിൽ സജീവമാകുകയാണ് താരം.

അഭിനയത്തിനപ്പുറം തന്റെ കുട്ടിക്കാലത്തെ ചില ശീലങ്ങൾ ഇപ്പോഴും തനിക്കൊപ്പമുണ്ടെന്ന് പറയുകയാണ് മമിത. താൻ ഇപ്പോഴും കുട്ടിക്കാലത്തെ ചില ശീലങ്ങൾ പിന്തുടരാറുണ്ടെന്നും ചെറിയ കാര്യങ്ങളിലൊക്കെ തനിക്ക് അൽപം ചൈൽഡിഷ് സ്വഭാവമുണ്ടെന്നും, വീട്ടിലെത്തിയാൽ പറമ്പിൽ കിടക്കുന്ന വേസ്റ്റ് മെറ്റീരിയലുകളും ആക്രി സാധനങ്ങളും പെറുക്കി അവയിൽ നിന്ന് എന്തെങ്കിലും ഉണ്ടാക്കാൻ ശ്രമിക്കാറുണ്ടെന്നും മമിത പറയുന്നു.

മമിത ബൈജു.Photo.Screengerab/ FTQ with Rekha Menon/ Youtube.com

‘ഞാൻ വീട്ടിൽ പോയിക്കഴിഞ്ഞാൽ പാട്ട പെറുക്കാൻ പോകും. വേസ്റ്റ് മെറ്റീരിയലൊക്കെയില്ലേ, അങ്ങനെയുള്ള സാധനങ്ങൾ പറമ്പിൽ പോയി പെറുക്കും. അതുകൊണ്ട് എന്തെങ്കിലും ഉണ്ടാക്കാൻ പറ്റുമോ, എന്തെങ്കിലും ചെയ്യാൻ പറ്റുമോ എന്നൊക്കെ നോക്കും. ഞാൻ ചെറിയ കുട്ടിയായിരുന്നപ്പോഴും ഇത് സ്ഥിരമായി ചെയ്തിരുന്ന കാര്യമാണ്,’ മമിത പറഞ്ഞു.

കുട്ടിക്കാലത്ത് വീട്ടിലുള്ള ഓരോ സാധനങ്ങളെക്കുറിച്ചും തനിക്ക് കൃത്യമായി അറിയാമായിരുന്നുവെന്നും മമിത ഓർത്തെടുക്കുന്നു. വീട്ടിലെ ആരുടെയെങ്കിലും എന്തെങ്കിലും സാധനം കാണാതായാൽ എവിടെയാണെന്ന് കണ്ടെത്തി കൊടുക്കുന്നതും തന്റെ പതിവായിരുന്നുവെന്നും താരം പറയുന്നു.

‘ഈ വീട്ടിൽ എന്ത് സാധനങ്ങൾ ഉണ്ടെങ്കിലും എനിക്കറിയാം. പപ്പയുടെ എന്തെങ്കിലും മിസ്സായോ, അമ്മയുടെ എന്തെങ്കിലും മിസ്സായോ, വേറെ ആരുടെയെങ്കിലും എന്തെങ്കിലും മിസ്സായോ എന്നൊക്കെ ചോദിച്ചാൽ എന്നോട് ചോദിച്ചാൽ മതി. എനിക്കറിയാം. അത് എവിടെപ്പോയാലും പെറുക്കിയിട്ട് കൊണ്ടുവന്ന് തരും,’ എന്നും മമിത പറഞ്ഞു.

ബത്‌ലഹേം കുടുംബ യൂണിറ്റ്.മമിത ബൈജു.Photo.Screengerab/ FTQ with Rekha Menon/ Youtube.com

കുട്ടിക്കാലത്ത് ഏറെ ഇഷ്ടപ്പെട്ടിരുന്ന ഈ ശീലങ്ങളിൽ പലതും ഇപ്പോഴും തനിക്കുള്ളിലുണ്ടെന്നാണ് മമിതയുടെ വാക്കുകളിൽ നിന്ന് വ്യക്തമാകുന്നത്. കരച്ചിലോ മറ്റോ ഇല്ലെങ്കിലും ചില ചെറിയ കാര്യങ്ങളിൽ തനിക്ക് ഇപ്പോഴും ആ കുട്ടിത്തം നിലനിൽക്കുന്നുണ്ടെന്നും താരം പറയുന്നു.

ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ഒരു റൊമാന്റിക് കോമഡി ചിത്രമാണ്. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ നിവിൻ പോളിയും മമിത ബൈജുവുമാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ചിത്രം ഓഗസ്റ്റ് 21 ന് തിയേറ്ററിൽ എത്തും.

Content highlight: Actress Mamitha Baiju opens up about still having her childhood habits and being a little childish

അജ്മല്‍ കെ
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.