മലയാള സിനിമയിൽ എയർ കാലങ്ങളായി വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നടിയാണ് ലെന. സ്പിരിറ്റ്, ട്രാഫിക്, എന്ന് നിന്റെ മൊയ്തീൻ, ആർട്ടിക്കിൾ 21, ഓളം, ആതിര തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ അഭിനയമികവ് തെളിയിച്ച താരം. അഭിനേത്രി എന്നതിലുപരി എഴുത്തുകാരി, മോട്ടിവേഷണൽ സ്പീക്കർ എന്ന നിലയിലും ശ്രദ്ധേയയാണ്.
സെലിബ്രിറ്റിയാകാൻ ഇന്ന് കഴിവും അധ്വാനിക്കാനുള്ള ഒരു മനസും മതിയെന്നും അതിനുള്ള അവസരം സോഷ്യൽ മീഡിയ ഒരുക്കുന്നുണ്ടെന്നും നടി ലെന. മുൻകാലങ്ങളിൽ പൊതുസമൂഹത്തിന്റെ ശ്രദ്ധ നേടണമെങ്കിൽ പത്രങ്ങളിലോ ടെലിവിഷനിലോ ഇടംപിടിക്കേണ്ടിയിരുന്നുവെന്നും ഇന്ന് ആ സാഹചര്യം മാറിയെന്നും ലെന പറയുന്നു.

ലെന.Photo. Screengrab/Pink Prodcast/ Youtube.com
തന്റെ പുസ്തകം കൂടുതൽ വായനക്കാരിലേക്ക് എത്തിയതിലും സോഷ്യൽ മീഡിയയ്ക്ക് വലിയ പങ്കുണ്ടായിരുന്നുവെന്ന് താരം ചൂണ്ടിക്കാട്ടി. തന്റെ ഏറ്റവും പുതിയ ചിത്രമായ ധനുഷ്‌കോടി എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി മൂവി വേൾഡ് ഒർജിനൽസിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
‘പണ്ട് നാലാളുകൾ അറിയണമെങ്കിൽ നിങ്ങൾ പവർഫുൾ ആയിട്ടുള്ള ഒരാളായിരിക്കണം. ന്യൂസ് പേപ്പറിലോ മറ്റെവിടെയെങ്കിലുമോ വന്നാലല്ലേ ആളുകൾ അറിയൂ. ന്യൂസിൽ വരണമെങ്കിൽ ദൂരദർശനിലൊക്കെ വരേണ്ടതുണ്ടായിരുന്നു. എന്നാൽ ഇന്ന് അതിനേക്കാൾ വലിയ ഇംപാക്ടിൽ, ലക്ഷക്കണക്കിന് ആളുകൾ കാണുന്ന രീതിയിൽ നിങ്ങളുടെ അഭിപ്രായം അറിയിക്കാം. ആരുടെയെങ്കിലും ഒരു പോസ്റ്റിന്റെ താഴെ കമന്റ് ഇട്ടാൽ മതി. ആർക്കും എന്തും പ്രകടിപ്പിക്കാവുന്ന ഒരു പൊതുവേദി ഇന്ന് നമുക്കുണ്ട്. ലോകത്ത് ഇതിന് മുമ്പ് ഇങ്ങനെയൊരു സാഹചര്യം ഉണ്ടായിട്ടില്ല,’ ലെന പറഞ്ഞു.
കഴിവുള്ളവർക്ക് മാത്രം സെലിബ്രിറ്റിയാകാൻ അവസരം ലഭിക്കുന്ന കാലമല്ല ഇന്നത്തേതെന്നും ലെന പറയുന്നു. മുൻകാലങ്ങളിൽ കഴിവിനൊപ്പം ഭാഗ്യവും ബന്ധങ്ങളും ഉൾപ്പെടെ പല ഘടകങ്ങളും ഒരാളുടെ വളർച്ചയെ സ്വാധീനിച്ചിരുന്നെങ്കിൽ, ഇന്ന് സ്വന്തം കഴിവുകൾ നേരിട്ട് ആളുകളിലേക്ക് എത്തിക്കാൻ സോഷ്യൽ മീഡിയ സഹായിക്കുന്നുണ്ട് എന്നും താരം കൂട്ടിച്ചേർത്തു. സിനിമ ചെയ്യാനും എഴുത്തുകൾ പ്രസിദ്ധീകരിക്കാനും വലിയ സംവിധാനങ്ങളുടെ പിന്തുണ കാത്തുനിൽക്കേണ്ടതില്ലെന്നും താരം വ്യക്തമാക്കി.
‘കഴിവുണ്ടെങ്കിൽ ആർക്കും സെലിബ്രിറ്റിയാകാം എന്നതാണ് ഇന്നത്തെ പ്രത്യേകത. കഴിവിനൊപ്പം അധ്വാനിക്കാനുള്ള മനസുമുണ്ടെങ്കിൽ സോഷ്യൽ മീഡിയ നിങ്ങൾക്ക് മുന്നിലുണ്ട്. സിനിമയെടുത്ത് യൂട്യൂബിൽ അപ്‌ലോഡ് ചെയ്യാം, എഴുതാൻ കഴിവുണ്ടെങ്കിൽ എഴുതാം. അങ്ങനെയുള്ള സാഹചര്യമാണ് ഇപ്പോഴുള്ളത്,’ ലെന പറഞ്ഞു.
തന്റെ പുസ്തകം കൂടുതൽ വായനക്കാരിലേക്ക് എത്തിയതും സോഷ്യൽ മീഡിയയുടെ സ്വാധീനത്തിലൂടെയാണെന്ന് ലെന വ്യക്തമാക്കി. സോഷ്യൽ മീഡിയയിലെ അഭിമുഖങ്ങളിലൂടെ പുസ്തകത്തെക്കുറിച്ച് അറിഞ്ഞ് കൂടുതൽ ആളുകൾ അത് വായിക്കാനെത്തിയതോടെ പുസ്തകം ബെസ്റ്റ് സെല്ലർ പട്ടികയിലേക്ക് എത്തിയെന്നും താരം പറഞ്ഞു.

ലെന.photo.screen grab/News 18 malayalam/youtube/indywood
ഇന്നത്തെ ലോകത്തെക്കുറിച്ച് സംസാരിക്കുമ്പോൾ സോഷ്യൽ മീഡിയയുടെ സ്വാധീനം അവഗണിക്കാനാകില്ലെന്നും സോഷ്യൽ മീഡിയ ഇല്ലാത്തൊരു ജീവിതത്തെക്കുറിച്ച് ചിന്തിച്ചാൽ മാത്രമേ അത് നമ്മുടെ ജീവിതത്തിൽ എത്രത്തോളം ഇടപെട്ടുകഴിഞ്ഞുവെന്ന് മനസിലാകൂ എന്നും ലെന കൂട്ടിച്ചേർത്തു.
Content Highlight: Actress Lena says that today, talent and a willingness to work hard are all it takes to become a celebrity, and social media provides the opportunity for that
