മലയാളികളുടെ നൊസ്റ്റാള്‍ജിയയിലെ മധുരമുള്ള ഓര്‍മയാണ് ജോമോള്‍. മമ്മൂട്ടി നായകനായ ഒരു വടക്കന്‍ വീരഗാഥയിലൂടെ ബാലതാരമായി വെള്ളിത്തിരയിലെത്തിയ ജോമോള്‍, നിരവധി ചിത്രങ്ങളില്‍ ബാലതാരമായ ശേഷം ജയറാമിനൊപ്പം സ്‌നേഹത്തിലൂടെയാണ് നായികാ പദവിയിലെത്തിയത്.

നിറം, മയില്‍പ്പീലിക്കാവ്, പഞ്ചാബി ഹൗസ്, ദീപസ്തംഭം മഹാശ്ചര്യം തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ ജോമോള്‍, വിവാഹശേഷം സിനിമയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു.

സിനിമയില്‍ നിന്നും മാറി നിന്നെങ്കിലും സോഷ്യല്‍ മീഡിയയില്‍ താരം സജീവമാണ്. തന്റെ വിശേഷങ്ങളെല്ലാം തന്നെ താരം സോഷ്യല്‍ മീഡിയയിലുടെ പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ ജോമോളുടെ പഴയ ഒരു അഭിമുഖമാണ് ചര്‍ച്ചയാവുന്നത്. കൈരളി ടി.വിയിലെ ജെ.ബി ജങ്ഷന്‍ എന്ന പരിപാടിയിലെ താരത്തിന്റെ വാക്കുകളാണ് വൈറലാവുന്നത്.

താന്‍ അഭിനയിച്ച ചിത്രങ്ങള്‍ ഇപ്പോള്‍ കാണാറില്ലെന്നും കുട്ടികളെ കാണിക്കാറില്ലെന്നും താരം പറയുന്നു.

‘ഞാന്‍ അഭിനയിച്ച സിനിമകള്‍ ഇപ്പോള്‍ ഞാന്‍ കാണാറില്ല. ആവശ്യമില്ലാതെ ഒരുപാട് എക്‌സ്പ്രഷനൊക്കെ ഇട്ട് ഞാന്‍ നശിപ്പിച്ചിട്ടുണ്ട്. നല്ല ഓവര്‍ ആക്ടിങ്ങായിരുന്നു.

അന്നത്തെ എന്റെ വസ്ത്രധാരണവും മേക്കപ്പും എല്ലാം കാണുമ്പോള്‍ എനിക്ക് എന്തോപോലെ തോന്നും. ഞാനും കാണാറില്ല. മക്കളെ കാണിക്കാറുമില്ല.

അവരത് കണ്ടാല്‍ ചിലപ്പോള്‍ കരഞ്ഞുകൊണ്ട് ഓടിയേക്കും. ഞാന്‍ കാണിക്കാത്തതിനാല്‍ അവര്‍ക്ക് എന്റെ സിനിമകളെ കുറിച്ച് വലിയ ധാരണയൊന്നും ഇല്ല’ ജോമോള്‍ പറയുന്നു.

സിനിമാഭിനയം നിര്‍ത്തിയതോടെ ചില മിനിസ്‌ക്രീന്‍ സീരിയലൂകളിലൂടെ താരം അഭിനയ രംഗത്ത് സജീവമായിരുന്നു, എന്നാല്‍ കുറച്ചു നാളുകള്‍ക്ക് ശേഷം താരം അതും നിര്‍ത്തിയിരുന്നു. താരത്തിന്റെ മലയാള സിനിമയിലേക്കുള്ള തിരിച്ചുവരവിനാണ് ആരാധകര്‍ ഇപ്പോള്‍ കാത്തിരിക്കുന്നത്.

Content Highlight: Actress Jomol about her films