ജോലി ചെയ്യുന്ന സ്ഥലത്തുള്ളവര്‍ക്ക് ഞാന്‍ സിനിമയിലഭിനയിച്ച കാര്യം അറിയില്ലായിരുന്നു: എസ്തര്‍ അനില്‍
Malayalam Cinema
ജോലി ചെയ്യുന്ന സ്ഥലത്തുള്ളവര്‍ക്ക് ഞാന്‍ സിനിമയിലഭിനയിച്ച കാര്യം അറിയില്ലായിരുന്നു: എസ്തര്‍ അനില്‍
അശ്വിന്‍ രാജേന്ദ്രന്‍
Sunday, 10th May 2026, 9:09 pm

മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള നടിയാണ് എസ്തര്‍ അനില്‍. ബാലതാരമായി സിനിമയിലെത്തി പിന്നീട് യുവ നടിയായി വളര്‍ന്ന താരം, ദൃശ്യത്തിലെ അനുമോള്‍ എന്ന കഥാപാത്രത്തിലൂടെയാണ് പ്രേക്ഷക ഹൃദയങ്ങളില്‍ ഇടം നേടിയെടുത്തത്. അജി ജോണിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ നല്ലവന്‍ ആണ് താരത്തിന്റെ ആദ്യ ചിത്രം. ദൃശ്യത്തിന്റെ റീമേക്കായി തമിഴില്‍ പുറത്തിറങ്ങിയ പാപാനാശത്തിലും താരം തന്നെയായിരുന്നു അനു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്.

സിനിമയ്ക്ക് പുറത്തുള്ള തന്റെ ജീവിതത്തെക്കുറിച്ച് മാഗസിനായ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ എസ്തര്‍ അനില്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ദൃശ്യം, പാപനാശനം തുടങ്ങി മലയാളത്തിലെയും തമിഴിലെയും രണ്ട് ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടും താന്‍ സിനിമാ താരമാണെന്നത് പറയാതെ ജോലി ചെയ്തതിനെക്കുറിച്ചാണ് എസ്തര്‍ അനില്‍ സംസാരിച്ചത്.

ദൃശ്യം 2. Photo: IMDB

സിനിമയ്ക്ക് പുറമെ താനൊരു എന്‍.ജി.ഒ ഓര്‍ഗനൈസേഷനില്‍ ജോലി ചെയ്തിരുന്നുവെന്ന് പറയുകയാണ് എസ്തര്‍ അനില്‍. ജോലി ചെയതിരുന്ന സ്ഥലത്ത് ഓരോ രണ്ട് മാസം കൂടുമ്പോഴും പെര്‍ഫോമന്‍സിന്റെ അടിസ്ഥാനത്തില്‍ മികച്ച എംപ്ലോയിയെ തെരഞ്ഞെടുത്തിരുന്നു. ഒരിക്കല്‍ തനിക്ക് ഈ അംഗീകാരം ലഭിച്ചപ്പോള്‍ കമ്പനിയുടെ ഫൗണ്ടറായ രശ്മി തന്റെ ചിത്രം ലിങ്ക്ഡ് ഇന്‍ പേജില്‍ അപ്‌ഡേറ്റ് ചെയ്‌തെന്ന് താരം പറയുന്നു. ഈ പോസ്റ്റിന് താഴെ പാപനാശനത്തില്‍ അഭിനയിച്ച കുട്ടിയല്ലേ എന്നൊരാള്‍ കമന്റ് ചെയ്യുകയും അങ്ങനെ താനൊരു സിനിമാ താരമാണെന്നാണ് പലരും തിരിച്ചറിയുകയുമായിരുന്നെന്ന് താരം പറഞ്ഞു.

‘എന്റെ പേര് ഗൂഗിള്‍ ചെയ്താണ് അവര്‍ അത് ഞാന്‍ തന്നെയാണെന്ന് ഉറപ്പിച്ചത്. കാരണം ഔദ്യോഗിക രേഖകളില്‍ ആഗ്നസ് എസ്തര്‍ അനില്‍ എന്നാണ്. അതുകൊണ്ട് തന്നെ എല്ലാവരും എന്നെ ആഗ്നസ് എന്നാണ് വിളിച്ചിരുന്നത്. എനിക്കത് കേട്ടപ്പോള്‍ നേരത്തേ പറയേണ്ടതായിരുന്നു എന്ന് തോന്നി. രശ്മിയോട് സോറി പറഞ്ഞു. അവര്‍ക്ക് പക്ഷേ അതൊരു പ്രശ്‌നമേ ആയിരുന്നില്ല. ഞങ്ങളിപ്പോഴും നല്ല സുഹൃത്തുക്കളാണ്,’ എസ്തര്‍ അനില്‍ കൂട്ടിച്ചേര്‍ത്തു.

ദൃശ്യം 3. Photo: IMDB

എസ്തറിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായ ദൃശ്യത്തിന്റെ മൂന്നാം ഭാഗം മെയ് 21നാണ് തിയേറ്ററുകളിലെത്തുന്നത്. മലയാളത്തിലെ ഏറ്റവും മികച്ച ക്രൈം ത്രില്ലര്‍ ഫ്രാഞ്ചൈസിലെ മൂന്നാം ഭാഗത്തിനുള്ള ബുക്കിങ്ങും ഇതോടകം ആരംഭിച്ചിട്ടുണ്ട്. വലിയ പ്രതികരണമാണ് ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്.

Content Highlight: Actress Esther Anil talks about Her Work life experience

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.