തനിക്ക് പ്രണയം ഉണ്ടെങ്കിലും പ്രണയിക്കുന്ന ആളെ വിവാഹം കഴിക്കുമോയെന്ന് ചോദിച്ചാല്‍ ഭയമാണെന്ന് നടി അനുശ്രീ. കൂട്ടുകാരനായി നില്‍ക്കുന്ന ആളായിരിക്കണം തന്റെ കാമുകനെന്നുമാണ് താരം പറഞ്ഞത്.

പ്രണയത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് ഉണ്ടായിട്ടും താന്‍ ബ്രേക്ക് അപ്പ് ആയിട്ടുണ്ടെന്നും അനുശ്രീ പറഞ്ഞു. പ്രണയം എപ്പോഴും തന്റെ ഉള്ളില്‍ ഉണ്ടെന്നും ഏത് വയസിലും പ്രണയം ഉള്ളിലുണ്ടാവണമെന്നും താരം കൂട്ടിച്ചേര്‍ത്തു.

”കൂട്ടുകാരായി നില്‍ക്കാന്‍ പറ്റുന്ന ആളായിരിക്കണം എന്റെ കാമുകന്‍. ഞാന്‍ ആണ്, നീ പെണ്ണ് എന്നിങ്ങനെയുള്ള സാധനങ്ങളൊന്നും പാടില്ല. സൗഹൃദങ്ങള്‍ക്ക് വലിയ വില കൊടുക്കുന്ന ആളാണ് ഞാന്‍. അതുകൊണ്ട് തന്നെ എന്റെ ഫ്രണ്ട്ഷിപ്പ് ഗ്യാങ്ങിന്റെ ഇടയില്‍ നിങ്ങളുടെ ചേട്ടന്‍ അല്ലെങ്കില്‍ അനിയന്‍ എന്ന് പറഞ്ഞ് നിര്‍ത്താനുള്ള ആളാവരുത്.

പ്രണയം എന്ന് പറയുന്നത് ബഹുമാനം കൊണ്ട് കൂടി വരേണ്ടതാണ്. ഇയാള്‍ പ്രശ്നമാവുമോ എന്ന ചിന്തക്ക് അപ്പുറത്ത് ഇയാളെ എനിക്ക് ശരിയാകൂ എന്നതിലേക്ക് വേണം എത്തിച്ചേരാന്‍. ഇത്രയും ചിന്തയൊക്കെ ഉണ്ടായിട്ടും നല്ല അന്തസായിട്ട് ഞാന്‍ ബ്രേക്ക് അപ്പ് ആയിട്ടുണ്ട്.

ആ കരച്ചിലും സങ്കടവും എന്റെ സുഹൃത്തുക്കളോട് തന്നെയാണ് ഞാന്‍ പറയുക. പ്രണയവും കാര്യങ്ങളും എന്റെ മനസില്‍ ഉണ്ട്. പക്ഷെ കല്യാണം കഴിക്കുന്നോ എന്ന് ചോദിച്ചാല്‍ ഞാന്‍ പേടിക്കും. കാരണം എനിക്ക് ഭയങ്കര കൂളായിട്ട് മുന്നോട്ട് പോവണം. അവിടെ ഇത് എന്താ ഇങ്ങനെ എന്ന് ചോദിക്കുന്ന വ്യക്തിയാണെങ്കില്‍ ഞാന്‍ സഹിക്കില്ല.

പ്രണയിക്കുന്ന ആളെ കല്യാണം കഴിച്ചൂടെയെന്ന് ചോദിച്ചാല്‍ എനിക്ക് ഭയങ്കര ടെന്‍ഷനാണ്. പ്രണയം എപ്പോഴും നമ്മുടെ ഉള്ളില്‍ ഉണ്ടാവണം. അത് ഏത് വയസിലായാലും ഉണ്ടാവണം,” അനുശ്രീ പറഞ്ഞു.

കള്ളനും ഭഗവതിയുമാണ് പുറത്തിറങ്ങിയ അനുശ്രിയുടെ അവസാന ചിത്രം. വിഷ്ണു ഉണ്ണികൃഷ്ണനായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രമായി എത്തിയത്. രാജേഷ് മാധവന്‍, പ്രേം കുമാര്‍, മോക്ഷ, സലീം കുമാര്‍, മാലാ പാര്‍വതി തുടങ്ങിയവരായിരുന്നു മറ്റ് പ്രധാന വേഷത്തിലെത്തിയത്.

content highlight: actress anusree about marriage