സജിന്‍ ബാബു സംവിധാനം ചെയ്ത പുതിയ ചിത്രമായ ബിരിയാണി എന്ന സിനിമയെ വിമര്‍ശിക്കുന്നതിനെതിരെ നടി അനുമോള്‍. എന്തിനാണ് സിനിമയില്‍ അശ്ലീലം മാത്രം കാണുന്നതെന്നാണ് നടി ചോദിക്കുന്നത്. റിപ്പോര്‍ട്ടര്‍ ലൈവിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അനുമോള്‍.

ബിരിയാണി എന്ന ചിത്രവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ നിരവധി പേര്‍ മോശം കമന്റുമായി രംഗത്തെത്തിയിരുന്നു. ഇതിന് താരം മറുപടി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഒരു ചിത്രം കണ്ടിട്ട് എന്തിനാണ് ഇങ്ങനെ ഫ്രസ്‌ട്രേറ്റഡ് ആവുന്നതെന്നതെന്നാണ് അനു ചോദിക്കുന്നത്.

‘എന്തിനാണ് ഇങ്ങനെ ഫ്രസ്‌ട്രേറ്റഡ് ആകുന്നത്? ഒരു കലാരൂപമാണ്. അങ്ങനെ കണ്ടുകൂടെ? എന്തിനാണ് അതില്‍ അശ്ലീലം കാണുന്നത്? ഞാന്‍ കണ്ടതാണ് ബിരിയാണി സിനിമ. എനിക്ക് അതില്‍ ഒരു സ്ത്രീയുടെ നിസഹായത മാത്രമാണ് കാണാനായത്. നമുക്ക് എന്തുകൊണ്ടാണ് ആ ഒരു തിരിച്ചറിവ് ഉണ്ടാകാത്തത് എന്ന് മനസിലാവുന്നില്ല. ഇത്തരം സിനിമകള്‍ കൂടുതല്‍ കാണിക്കുകയും ഇത്തരം കാര്യങ്ങള്‍ ഇനിയും സംസാരിക്കുകയും ചെയ്താല്‍ മാത്രമേ ആളുകള്‍ക്ക് ഈ വകതിരിവ് ഉണ്ടാവുകയുള്ളു,’ അനുമോള്‍ പറഞ്ഞു.

അടുത്തിടെയാണ് ഇന്‍സ്റ്റഗ്രാമില്‍ ബിരിയാണി എന്ന ചിത്രത്തിലെ ഒരു ചെറിയ ഭാഗം പങ്കുവെച്ചത്. എന്നാല്‍ പോസ്റ്റിന് താഴെ അശ്ലീല ചുവ നിറഞ്ഞ കമന്റുകള്‍ വരികയായിരുന്നു.

Content Highlight: Actress Anumol response about Biriryani movie criticisms