ലിജോ പെല്ലിശ്ശേരി സംവിധാനം ചെയ്ത ചുരുളിയില്‍ മെയിന്‍ ലീഡായിരുന്നു വിനയ് ഫോര്‍ട്ട്. വിനയ് ഫോര്‍ട്ടിനൊപ്പം ചെമ്പന്‍ വിനോദും ശ്രദ്ധേമായ അഭിനയം കാഴ്ചവെച്ചിരുന്നു. ഷൂട്ടിങ്ങിലെ ചില അനുഭവങ്ങള്‍ പറയുകയാണ് വിനയ്.

ഏറെ പ്രേക്ഷക ശ്രദ്ധനേടിയ ചിത്രത്തിന്റെ ഷൂട്ടിങ്ങില്‍ മോണിറ്റര്‍ ഉണ്ടായിരുന്നില്ലെന്ന് വിനയ് ഫോര്‍ട്ട് പറഞ്ഞു. തനിക്ക് അദ്ദേഹത്തിനോട് വലിയ ബഹുമാനമുള്ളത് കൊണ്ട് പേടി ആയിരുന്നു ചില കാര്യങ്ങള്‍ പറയാനെന്നും വിനയ് പറഞ്ഞു.

”ചുരുളിയുടെ സെറ്റില്‍ മോണിറ്റര്‍ ഇല്ലായിരുന്നു. പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. ചെറിയ ഒരു മൊബൈല്‍ പോലെ ഒരു സാധനത്തില്‍ നോക്കിയാണ് ഈ പരിപാടികള്‍ മൊത്തം ചെയ്തത്. ലിജോ ചേട്ടന്റെ സിനിമകളില്‍ അദ്ദേഹത്തിന്റെ വിഷന്‍ മാത്രമേ ഉണ്ടാകുകയുള്ളു. ഒരു വണ്‍ മാന്‍ ഷോയാണ് അദ്ദേഹത്തിന്റെ സിനിമകള്‍.

ലിജോ ചേട്ടന്റെ അടുത്ത് ചിലത് പറയാന്‍ എനിക്ക് പേടിയാണ്. പേടിയുടെ ആവശ്യമില്ല. എന്നിരുന്നാലും നമുക്ക് ഒരാളോടുള്ള റെസ്‌പെക്ട് കൂടുമ്പോള്‍ നമ്മള്‍ കുറച്ച് കൂടെ ശ്രദ്ധിക്കും. സിനിമയില്‍ ചെമ്പന്‍ ചേട്ടനും സുര്‍ജിത്ത് ചേട്ടനും കൂടെ വേട്ടക്ക് പോകുന്ന സീനുണ്ട്. വേട്ട കഴിഞ്ഞ് വരുമ്പോള്‍ നീ ഒന്നിനും കൊള്ളാത്തവനാണ് എന്ന് പറയുന്ന ഡയലോഗ് പറഞ്ഞ് അവര്‍ അടി ആകുന്നുണ്ട്.

അതൊക്കെ കഴിഞ്ഞ് ചേച്ചി ഇറങ്ങി വരും അങ്ങനെ അവരും തെറി പറയും. അങ്ങനെ തെറിയുടെ അഭിഷേകമാണ്. ഞാന്‍ ഇതെല്ലാം കണ്ട് കുറച്ച് ആലോചിച്ച് നിന്നു. സംഭവം കാര്യം കഴിഞ്ഞല്ലോ എന്നിട്ടും ഇവരെല്ലാം അദ്ദേഹത്തെ തെറി പറയുകയാണ്. എന്റെ കഥാപാത്രം നോക്കുകയാണങ്കില്‍ ആ സമയത്ത് പാവത്തില്‍ നിന്നും പതുക്കെ മാറി വരുന്ന സിറ്റുവേഷനാണ്. സുര്‍ജിത്തേട്ടന്‍ വീണ്ടും തെറി പറയാന്‍ വന്നപ്പോള്‍ ഞാനും ഇടയില്‍ കേറി പറയുന്നുണ്ട്.

സിനിമ കണ്ടവര്‍ക്ക് ഓര്‍മ ഉണ്ടാകും. അത് ഞാന്‍ ഡയലോഗില്‍ ഇല്ലാത്തതാണ് പറഞ്ഞത്. ലിജോ ചേട്ടനോട് ചോദിക്കാന്‍ ബുദ്ധിമുട്ട് തോന്നിയത് കൊണ്ട് ഞാന്‍ ചെമ്പന്‍ ചേട്ടനോട് ചോദിച്ചു പറയട്ടെയെന്ന്. നീ പറഞ്ഞോടാ എന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ കേറി പറഞ്ഞു,” വിനയ് ഫോര്‍ട്ട് പറഞ്ഞു.

സോണി ലിവിലാണ് ചുരുളി റിലീസ് ചെയ്തത്. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ചിത്രത്തില്‍ വിനയ് ഫോര്‍ട്ടിനും ചെമ്പന്‍ വിനോദിനും പുറമെ ജോജു ജോര്‍ജ്, സൗബിന്‍, സുര്‍ജിത്ത് സുമതി, ലുക്ക് മാന്‍, ഗീതി സംഗീത, സജിന്‍ തുടങ്ങി നിരവധി കഥാപാത്രങ്ങളുണ്ട്.

content highlight: actor vinay forrt about churuli movie