'ഗവര്‍ണര്‍ കലാമണ്ഡലത്തിന് പുറത്ത്'; ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കി
Kerala News
'ഗവര്‍ണര്‍ കലാമണ്ഡലത്തിന് പുറത്ത്'; ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 10th November 2022, 7:48 pm

തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കേരള കലാമണ്ഡലത്തിന്റെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കി. ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കിക്കൊണ്ട് സാംസ്‌കാരിക വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു.

സംസ്ഥാനത്തെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കുന്നതിന്റെ ആദ്യ പടിയായാണ് ഗവര്‍ണറെ കേരള കലാമണ്ഡലത്തിന്റെ ചാന്‍സലര്‍ പദവിയില്‍ നിന്ന് നീക്കിയത്.

സംസ്ഥാനത്തെ കല്‍പ്പിത സര്‍വകലാശാലയാണ് കലാമണ്ഡലം. സാംസ്‌കാരിക വകുപ്പിന് കീഴിലാണ് കലാമണ്ഡലം പ്രവര്‍ത്തിക്കുന്നത്. കലാമണ്ഡലം സര്‍വകലാശാലയുടെ നിയമമനുസരിച്ച് സ്‌പോണ്‍സറാണ് ചാന്‍സിലറെ നിയമിക്കേണ്ടത്. ഈ വ്യവസ്ഥ പ്രകാരമാണ് ഗവര്‍ണറെ നീക്കിയത്.

പുതിയ ചാന്‍സലര്‍ ചുമതലയേറ്റെടുക്കും വരെ പ്രോ ചാന്‍സലര്‍ ചാന്‍സലറുടെ ചുമതല വഹിക്കും. അഞ്ച് വര്‍ഷത്തേക്കാവും കലാമണ്ഡലത്തിന്റെ ചാന്‍സലര്‍ പദവിയിലേക്ക് നിയമനം നടത്തുകയെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

കലാ സാംസ്‌കാരിക രംഗത്ത പ്രമുഖന്‍ ചാന്‍സിലറാകുമെന്നാണ് വിവരം. 75 വയസാണ് പരമാവധി പ്രായമായി നിശ്ചയിച്ചിരിക്കുന്നത്. 2006 മുതല്‍ സംസ്ഥാന ഗവര്‍ണറാണ് കലാമണ്ഡലത്തിന്റെ ചാന്‍സലര്‍.

അതേസമയം, ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കാനുള്ള ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ മടക്കിയാല്‍ നിയമസഭയില്‍ ബില്ലായി വിഷയം കൊണ്ടുവരുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു വ്യക്തമാക്കിയിരുന്നു.

ഭരണഘടനാപരമായ ചുമതല വഹിക്കാന്‍ ഗവര്‍ണര്‍ക്ക് ബാധ്യതയുണ്ട്. അത് അദ്ദേഹം നിര്‍വഹിക്കുമെന്നാണ് കരുതുന്നത്. ഓര്‍ഡിനന്‍സ് മടക്കിയാല്‍ ഡിസംബറില്‍ നിയമസഭ ചേരുമ്പോള്‍ വിഷയം ബില്ലായി കൊണ്ടുവരുമെന്നും മന്ത്രി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കാനുള്ള ഓര്‍ഡിനന്‍സിന് കഴിഞ്ഞ മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയിരുന്നു. ഇതിനായി അടുത്ത മാസം നിയമസഭാ സമ്മേളനം ചേരും. ഡിസംബര്‍ അഞ്ച് മുതല്‍ 15 വരെ സഭാ സമ്മേളനം ചേരാനാണ് ധാരണ.

നിയമ സര്‍വകലാശാലകള്‍ ഒഴികെ സംസ്ഥാനത്തെ 15 സര്‍വകലാശാലകളുടേയും ചാന്‍സലര്‍ നിലവില്‍ ഗവര്‍ണറാണ്. ഓരോ സര്‍വകലാശാലകളുടേയും നിയമത്തില്‍ ഭേദഗതി കൊണ്ടുവരാന്‍ പ്രത്യേകം പ്രത്യേകം ബില്‍ അവതരിപ്പിക്കാനാണ് ശ്രമം.

ഇതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ നടപടി. ഗവര്‍ണറെ നീക്കാനുള്ള ചട്ട ഭേദഗതിയിലേക്ക് സര്‍ക്കാര്‍ കടക്കുന്നത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുള്ള ശക്തമായ മറുപടിയാണ്.

Content Highlight: Kerala Governor Arif Mohammad Khan has been removed as Chancellor of Kerala Kalamandalam