നടന്‍ ശ്രീനിവാസന്‍ ഏറെ നാളത്തെ ഇടവേളകള്‍ക്ക് ശേഷം ആരോഗ്യം വീണ്ടെടുത്ത് സിനിമയിലേക്ക് തിരിച്ചു വരികയാണെന്ന് മകനും സിനിമാതാരവുമായ വിനീത് ശ്രീനിവാസന്‍.

ശ്രീനിവാസന്‍ അഭിനയിക്കുന്ന കുറുക്കന്‍ എന്ന സിനിമയുടെ ഷൂട്ട് ആരംഭിക്കാനിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ദുബായില്‍ വെച്ച് നടന്ന അഡ്വക്കേറ്റ് മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ് എന്ന സിനിമയുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വിനീത്.

”അച്ഛന്‍ സിനിമയിലേക്ക് തിരിച്ച് വരികയാണ്. ആ സിനിമയുടെ ഷൂട്ട് തുടങ്ങും അടുത്ത് തന്നെ. കുറുക്കന്‍ എന്നാണ് സിനിമയുടെ പേര്. ഏതാണ്ട് ഒരു വര്‍ഷത്തിന് മേലെ ആയി അച്ഛന്‍ അഭിനയിച്ചിട്ട്.

ഞങ്ങളും അച്ഛന്റെ വരവിനായി കാത്തിരിക്കുകയാണ്. എറണാകുളത്ത് വെച്ചാണ് സിനിമയുടെ ഷൂട്ട് തുടങ്ങുക. ഞാനും അച്ഛനും ഷൈന്‍ ടോം ചാക്കോയുമാണ് കുറുക്കനില്‍ അഭിനയിക്കുന്നത്. അച്ഛന്റെ ആരോഗ്യനിലയില്‍ വളരെ വ്യത്യാസമുണ്ട്,” വിനീത് പറഞ്ഞു.

സിനിമയുടെ പ്രൊമോഷന് വേണ്ടി അഡ്വക്കേറ്റ് മുകുന്ദന്‍ ഉണ്ണി എന്ന പ്രൊഫൈല്‍ ഉണ്ടാക്കാനുള്ള കാരണവും വാര്‍ത്താസമ്മേളനത്തില്‍ വിനീത് പറഞ്ഞു.

സിനിമയിലെ കഥാപാത്രത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ അക്കൗണ്ട് തുടങ്ങി ആളുകളുമായി സംസാരിക്കാമെന്നത് ഡയറക്ടറുടെ ഐഡിയ ആയിരുന്നു. നന്മയുള്ള മുകുന്ദന്‍ ഉണ്ണിയെന്ന ചിന്ത ആളുകളില്‍ നിന്നും മാറ്റാന്‍ വേണ്ടിയാണ് അങ്ങനെ ചെയ്തത്. നമ്മള്‍ ആരും സംസാരിക്കാത്ത രിതിയില്‍ സംസാരിക്കുന്ന വ്യക്തി എന്ന ഇമേജ് ഉണ്ടാക്കാനാണ് അത്തരം പോസ്റ്റുകള്‍ ഇട്ടത്,” വീനീത് കൂട്ടിച്ചേര്‍ത്തു.

വളരെ വ്യത്യസ്തമായ പ്രൊമോഷന്‍ പരിപാടികളാണ് അഡ്വക്കേറ്റ് മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ് എന്ന ചിത്രത്തിന് വേണ്ടി അണിയറ പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നടത്തിക്കൊണ്ടിരുന്നത്. അഡ്വ. മുകുന്ദന്‍ ഉണ്ണി, കോര്‍പറേറ്റ് ലോയര്‍, എന്ന പേരില്‍ ഫേസ്ബുക്ക് പേജ് നിര്‍മിച്ച് അതിലൂടെയാണ് ചിത്രത്തിന്റെ വെറൈറ്റി പ്രൊമോഷന്‍ നടത്തുന്നത്.

content highlight: actor Srinivasan is back in the movies, making a comeback with Shine Tom