ബിഗ് ബജറ്റ് മാസ് മസാല ആക്ഷന്‍ ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ കൂപ്പുകുത്തുന്ന കാഴ്ചയ്ക്കായിരുന്നു 2026 സാക്ഷ്യം വഹിച്ചത്. യഷ് നായകനായ ടോക്‌സിക്കടക്കം ഒട്ടനവധി ചിത്രങ്ങളാണ് ഇത്തരത്തില്‍ മുടക്കുമുതല്‍ പോലും തിരിച്ചുകിട്ടാതെ തിയേറ്റര്‍ വിട്ടത്. ഈ സാഹചര്യത്തില്‍ സൗത്ത് ഇന്ത്യയില്‍ നിന്നും വലിയ വിജയം നേടിയ രണ്ട് ചിത്രങ്ങളാണ് മലയാളത്തില്‍ പുറത്തിറങ്ങിയ നിവിന്‍ പോളി ചിത്രം ബെത്‌ലഹേം കുടുംബ യൂണിറ്റും സൂരി നായകനായ തമിഴ് ചിത്രം മണ്ടാടിയും.

ഓണം റിലീസായെത്തിയ നിവിന്‍ പോളിയുടെ ബെത്ലഹേം കുടുംബ യൂണിറ്റ് ചരിത്രവിജയമായിരുന്നു സ്വന്തമാക്കിയത്. കേരള ബോക്സ് ഓഫീസില്‍ നിന്നും 320 കോടിയിലധികം നേടി മലയാളത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ കളക്ഷന്‍ സ്വന്തമാക്കിയ ചിത്രമായി ബെത്ലഹേം മാറിയിരിക്കുകയാണ്. കേരള ബോക്സ് ഓഫീസില്‍ നിന്നും 150 കോടി നേടുന്ന ആദ്യ ചിത്രമെന്ന റെക്കോഡും ഗിരീഷ് എ.ഡി ചിത്രം സ്വന്തമാക്കിയിരുന്നു.

Photo: Screen Grab/ Behindwoods/ Youtube.com

പ്രേമലുവിന് ശേഷം ഭാവന സ്റ്റുഡിയോസും ഗിരീഷ് എ.ഡിയും വീണ്ടും കൈകോര്‍ത്തപ്പോള്‍ മറ്റൊരു മികച്ച റോം-കോം എന്റര്‍ടെയിനറാണ് മലയാളത്തിന് ലഭിച്ചിരിക്കുന്നത്. നിവിനും മമിതയ്ക്കും പുറമെ റോഷന്‍ ഷാനവാസ്, സുരേഷ് കൃഷ്ണ, ശ്യാം മോഹന്‍, ശ്രിന്ദ, മീനാക്ഷി തുടങ്ങി വലിയ താരനിരയുള്ള ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളും ഒന്നിനൊന്ന് മികച്ച പ്രകടനം കാഴ്ചവെച്ചതോടെയാണ് ചിത്രം പ്രേക്ഷകര്‍ ഏറ്റെടുത്തത്.

മറുവശത്ത് കോമഡി റോളുകളിലൂടെ കരിയര്‍ ആരംഭിച്ച സൂരി നായകനായെത്തിയ മണ്ടാടി നൂറ് കോടി വിജയവുമായാണ് തിയേറ്ററുകളില്‍ മുന്നേറുന്നത്. കടലിലെ പായ് വഞ്ചിറേസിനെ പശ്ചാത്തലമാക്കി വന്‍ ബജറ്റില്‍ ഒരുക്കിയ ചിത്രമാണ് മണ്ടാടി. പുഗഴേന്തി മാരന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ബോട്ടിന്റെ ക്യാപ്റ്റനായാണ് സൂരി വേഷമിട്ടത്. ആവേശത്തിലൂടെ ശ്രദ്ധ നേടിയ മിഥുനും ചിത്രത്തില്‍ പ്രധാനവേഷം കൈകാര്യം ചെയ്തിരുന്നു. തെലുങ്ക് താരം സുഹാസാണ് മണ്ടാടിയിലെ വില്ലന്‍. മഹിമ നമ്പ്യാര്‍, സത്യരാജ്, അച്യുത് കുമാര്‍ തുടങ്ങി വന്‍ താരനിര ചിത്രത്തില്‍ അണിനിരന്നിരുന്നു.

ഇരു ചിത്രങ്ങളുടെയും വിജയത്തിന് പിന്നാലെ നിവിനും സൂരിയും പ്രധാനവേഷത്തിലെത്തുന്ന യേഴ് കടല്‍ യേഴ് മലൈ തിയേറ്ററുകളിലേക്കെത്താന്‍ തയ്യാറെടുക്കുകയാണ്. തമിഴിലെ പ്രശസ്ത സംവിധായകന്‍ റാം സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബര്‍ ഒന്നിനാണ് തിയേറ്ററുകളിലെത്തുക. ചിത്രത്തിന്റെ പ്രൊമോഷന്‍ ഇവന്റില്‍ വെച്ച് ബെത്‌ലഹേമിന്റെയും മണ്ടാടിയുടെയും വിജയാഘോഷവും അണിയറപ്രവര്‍ത്തകര്‍ സംഘടിപ്പിച്ചിരുന്നു. നിവിനും സൂരിയും ഒന്നിച്ച് കേക്ക് മുറിച്ചാണ് ഇരു ചിത്രങ്ങളുടെയും വിജയം ആഘോഷിച്ചത്. ഇതിനിടെയുണ്ടായ രസകരമായ സംഭവമാണ് ഇപ്പോള്‍ സിനിമാ പേജുകളില്‍ വൈറലാകുന്നത്.

യേഴ് കടല്‍ യേഴ് മലൈ. Photo: X.com

നിങ്ങളുടെ ചിത്രം വലിയ കളക്ഷനിലേക്കെത്തിയതിനാല്‍ ഒരുപാട് അഭിനന്ദനങ്ങള്‍ എന്ന് പറഞ്ഞുകൊണ്ട് സൂരി നിവിന് വേദിയില്‍ വെച്ച് ഒരു ബൊക്ക സമ്മാനിച്ചിരുന്നു. ഇതിന് നന്ദി പറഞ്ഞ നിവിന്‍ എന്നാല്‍ സൂരിയ്ക്ക് കൊടുക്കാന്‍ താനൊന്നും കൊണ്ടുവന്നിട്ടില്ലല്ലോ എന്ന് പറയുന്നുണ്ട്. ഇത് തന്നെ തിരിച്ച് തന്നോളൂ എന്ന് സൂരി പറഞ്ഞപ്പോള്‍ ഇതേ ബൊക്ക തിരിച്ച് കൊടുത്ത് സൂരി പറഞ്ഞ അതേ വാക്കുകള്‍ തിരിച്ച് പറഞ്ഞുകൊണ്ടാണ് നിവിന്‍ വേദിയില്‍ ചിരിയുണര്‍ത്തിയത്.

Content Highlight: Actor Soori and Nivin Pauly congratulates each other for their hit moves