‘ബെത്ലഹേം കുടുംബയൂണിറ്റ്’ എന്ന സിനിമയ്ക്ക് പ്രേക്ഷകരില്‍ നിന്ന് ലഭിച്ച വലിയ സ്വീകാര്യതയുടെ പ്രധാന കാരണം സിനിമയ്ക്ക് അവരുമായി കൃത്യമായി കണക്ട് ചെയ്യാന്‍ കഴിഞ്ഞതാണെന്ന് നടന്‍ നിവിന്‍ പോളി.
എല്ലാ പ്രായത്തിലുള്ളവരിലേക്കും സിനിമ എത്തിയത് കഥാപാത്രങ്ങളെല്ലാം വളരെ റിയലായി അനുഭവപ്പെട്ടതുകൊണ്ടാണെന്നും നിവിന്‍ പറയുന്നു. ഇതിന്റെ മുഴുവന്‍ ക്രെഡിറ്റും സംവിധായകന്‍ ഗിരീഷ് എ.ഡിക്കാണെന്നും താരം വ്യക്തമാക്കി.
അഭിനേതാക്കളോട് അമിതമായി അഭിനയിക്കാന്‍ ആവശ്യപ്പെടാതെ, സ്വാഭാവികമായി പെരുമാറാനാണ് ഗിരീഷ് എ.ഡി പറയാറുള്ളതെന്നും നിവിന്‍ പറഞ്ഞു.
‘നമ്മള്‍ അഭിനയിക്കുമ്പോള്‍ തന്നെ പുള്ളിക്ക് ഈ ഡ്രാമ പരിപാടിയൊന്നും പിടിക്കില്ല. നാച്ചുറലായി ചെയ്യാനാണ് പറയുക. വീട്ടിലും സുഹൃത്തുക്കളോടും എങ്ങനെയാണോ അങ്ങനെ ചെയ്യൂ എന്ന് പറയും. ‘അത് മതി, നിങ്ങള്‍ ബിഹേവ് ചെയ്താല്‍ മാത്രം മതി, അഭിനയിക്കേണ്ട’ എന്നാണ് പറയുക,’ നിവിന്‍ പറഞ്ഞു.
അഭിനേതാക്കളുടെ പ്രകടനം മോണിറ്ററില്‍ വളരെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന സംവിധായകനാണ് ഗിരീഷ് എ.ഡിയെന്നും നിവിന്‍ പറയുന്നു. ഓരോ കഥാപാത്രവും എത്രത്തോളം എക്‌സ്പ്രസീവ് ആകണം എന്നതിന് അദ്ദേഹത്തിന്റെ മനസില്‍ കൃത്യമായ ഒരു അളവുകോലുണ്ടെന്നും താരം വ്യക്തമാക്കി.

‘അദ്ദേഹത്തിന്റെ മനസില്‍ ഒരു മീറ്ററുണ്ട്. അതിന് മുകളില്‍ പോയാല്‍ ‘അത്രയും വേണ്ട, കുറച്ച് താഴെ മതി’ എന്ന് പറയും. നേരെ തിരിച്ചും പറയും. നമ്മുടെ വീടിനടുത്തുള്ള ആളായി പ്രേക്ഷകന് തോന്നണം. അപ്പോള്‍ മാത്രമേ ഒരു സിനിമ ആളുകളുമായി കണക്ട് ആവുകയുള്ളൂ. എത്ര വലിയ സിനിമയായാലും ആളുകളുമായി കണക്ട് ചെയ്തില്ലെങ്കില്‍ അത് വര്‍ക്കാവില്ല,’ നിവിന്‍ പറഞ്ഞു.
അതേസമയം, ‘ബെത്ലഹേം കുടുംബയൂണിറ്റി’ലെ തന്റെ കഥാപാത്രമായ ജസ്റ്റിന്‍ തന്റെ സ്വഭാവത്തില്‍ നിന്ന് ഏറെ വ്യത്യസ്തനാണെന്നും നിവിന്‍ പറയുന്നു. താന്‍ വളരെ കാഷ്വലായ വ്യക്തിയാണെങ്കില്‍ ജസ്റ്റിന്‍ കുറച്ചുകൂടി റിസര്‍വ്ഡ് ആയ വ്യക്തിയാണ്.

‘ജസ്റ്റിന്‍ ഇങ്ങനെ ചെയ്യില്ല, നിവിന്‍ പോളി ചെയ്യുമെന്ന് പറയും. അദ്ദേഹത്തിന്റെ മനസിലെ ജസ്റ്റിനും നമ്മുടെ മനസിലെ ജസ്റ്റിനും മാച്ച് ആവണം. ഞാന്‍ വളരെ കാഷ്വലാണ്. പക്ഷേ ജസ്റ്റിന്‍ കുറച്ച് റിസര്‍വ്ഡ് ആണ്. അദ്ദേഹത്തിന്റെ ലൈഫില്‍ ഒരു ട്രോമയുണ്ടായിട്ടുണ്ട്. ഫാമിലിയും സുഹൃത്തുക്കളുമൊക്കെയുള്ളതുകൊണ്ടാണ് അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചുവന്നത്,’ നിവിന്‍ പറഞ്ഞു.
ആ അനുഭവങ്ങള്‍ ജസ്റ്റിന്റെ പെരുമാറ്റത്തിലും സ്വഭാവത്തിലും ഒരു മിതത്വം കൊണ്ടുവന്നിട്ടുണ്ടെന്നും താരം വിശദീകരിച്ചു. വളരെ അധികം ചിരിക്കുകയോ വികാരങ്ങള്‍ തുറന്നുകാണിക്കുകയോ ചെയ്യാതെ, ജീവിതത്തില്‍ ഒരു നിയന്ത്രണം സൂക്ഷിക്കുന്ന വ്യക്തിയാണ് ജസ്റ്റിനെന്നും നിവിന്‍ കൂട്ടിച്ചേര്‍ത്തു.
Content Highlight: That’s What I See as the Main Reason Behind Bethlehem’s Success says Nivin pauly
