വലിയ സംഭവവികാസങ്ങള്‍ക്കായിരുന്നു തമിഴ് സിനിമാ ലോകവും രാഷ്ട്രീയവും കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ സാക്ഷ്യം വഹിച്ചത്. തമിഴിലെ ഏറ്റവുമധികം സ്റ്റാര്‍വാല്യൂവുള്ള അഭിനേതാവായ വിജയ് സിനിമാ ജീവിതം അവസാനിപ്പിക്കുകയും തമിഴക വെട്രി കഴകം എന്ന രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് രാഷ്ട്രീയ ജീവിതത്തിന് തുടക്കം കുറിക്കുകയും ചെയ്തപ്പോള്‍ നേരംപോക്ക് മാത്രമായിരിക്കുമെന്നാണ് പലരും അഭിപ്രായപ്പെട്ടത്. എന്നാല്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍ നിന്നും ഭൂരിപക്ഷം നേടി വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ സിനിമാക്കഥയെ വെല്ലുന്ന ക്ലൈമാക്സിനായിരുന്നു ലോകം സാക്ഷ്യം വഹിച്ചത്.
രാഷ്ട്രീയ വിവാദങ്ങളുടെ ഭാഗമായി വിജയിയുടെ വ്യക്തിജീവിതത്തെ കുറിച്ചുള്ള ഒട്ടനവധി അഭ്യൂഹങ്ങളും വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചിരുന്നു. മകന്‍ ജേസണ്‍ വിജയിയുമായി അകല്‍ച്ചയിലാണെന്നത് അതിലൊന്നായിരുന്നു. എന്നാല്‍ അടുത്തിടെ പുറത്തുവന്ന ജേസണിന്റെ അഭിമുഖം ഇതിനെയെല്ലാം കാറ്റില്‍ പറത്തിയിരുന്നു. വിജയ് സിനിമയില്‍ നിന്നും പിന്മാറിയപ്പോള്‍ മകന്‍ ജേസണ്‍ സംവിധായകനായി സിനിമാ മേഖലയിലേക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ്.

ജേസണ്‍ സഞ്ജയ്. Photo: Screen Grab/ Galatta Plus/ Youtube.com
ഒക്ടോബര്‍ രണ്ടിന് റിലീസിനൊരുങ്ങുന്ന സിഗ്മ എന്ന ചിത്രത്തിലൂടെയാണ് ജേസണ്‍ സിനിമാ ലോകത്തേക്ക് തന്റെ ആദ്യ ചുവട് വെക്കുന്നത്.
തെലുങ്ക് താരം സന്ദീപ് കിഷനെ നായകനാക്കി സംവിധായകനായാണ് ജേസണ്‍ സഞ്ജയ് തന്റെ ആദ്യ ചിത്രവുമായി അരങ്ങേറ്റത്തിനൊരുങ്ങുന്നത്. ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുക്കുന്ന ചിത്രം ആക്ഷന്‍ റൊമാന്‍സ് ഡ്രാമയായാണ് സംവിധായകന്‍ ഒരുക്കിയിരിക്കുന്നത്. ചിത്രവുമായി ബന്ധപ്പെട്ട പ്രൊമോഷനുകളെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ വൈറലായിരുന്നു.
സിഗ്മയുമായി ബന്ധപ്പെട്ട് ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ തന്റെ പിതാവിനെ നായകനാക്കാന്‍ ഒരവസരം കിട്ടിയാല്‍ ഏത് ടൈപ്പ് ചിത്രമായിരിക്കും ചെയ്യുക എന്ന അവതാരകന്റെ ചോദ്യത്തിന് താരം പറഞ്ഞ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. തന്റെ അച്ഛന്റെ ഉള്ളിലെ കുട്ടിത്തത്തെ എക്‌സ്‌പ്ലോര്‍ ചെയ്യാനായിരിക്കും അത്തരത്തില്‍ ഒരു അവസരം ലഭിച്ചാല്‍ ശ്രമിക്കുക എന്ന് പറയുകയാണ് ജേസണ്‍.
‘അദ്ദേഹത്തിന്റെ സെന്‍സ് ഓഫ് ഹ്യൂമര്‍ എനിക്ക് വളരെയധികം ഇഷ്ടമാണ്. അച്ഛന്റെ സിനിമകളില്‍ എനിക്ക് ഏറ്റവുമധികം ഇഷ്ടമുള്ളതും അത്തരത്തിലുള്ള ഭാഗങ്ങളാണ്. ഇത്തരം സീനുകള്‍ ചെയ്യുമ്പോഴാണ് അച്ഛന്‍ അദ്ദേഹത്തിന്റെ വ്യക്തിജീവിതവുമായി ഏറെ അടുത്ത് നില്‍ക്കുന്നത്. കാരണം ഞാന്‍ വീട്ടില്‍ ഏറ്റവും കൂടുതല്‍ കണ്ടിട്ടുള്ളത് അദ്ദേഹത്തിന്റെ ആ സ്വഭാവമാണ്.

സിഗ്മ. Photo: District
ഒരു ചെറിയ കുട്ടിയെ പോലുള്ള പ്രകൃതം എപ്പോഴും അദ്ദേഹത്തിന്റെ ഉള്ളിലുണ്ട്. പക്ഷേ അദ്ദേഹത്തിന്റെ കരിയറില്‍ ഈ ഴോണറിലുള്ള ചിത്രങ്ങള്‍ ചെയ്യുന്നത് അച്ഛന്‍ പതിയെ കുറച്ചുകൊണ്ടുവന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തെ വെച്ച് ഒരു ചിത്രം ചെയ്യാന്‍ എനിക്ക് അവസരം ലഭിച്ചാല്‍ ആ സെന്‍സ് ഓഫ് ഹ്യൂമര്‍ കൂടുതല്‍ കൊണ്ടുവരാനായിരിക്കും ഞാന്‍ ശ്രമിക്കുക,’ ജേസണ്‍ പറഞ്ഞു.
Content Highlight: Jason Sanjay talks about his father Vijay
