അസിസ്റ്റന്റ് ഡയറക്ടറായി സിനിമയിലെത്തിയ ശേഷം ചെറിയ വേഷങ്ങളിലൂടെ അഭിനയ രംഗത്ത് സജീവമാകുകയും മലയാള സിനിമയില്‍ ഒരിടം കണ്ടെത്തുകയും ചെയ്ത നടനാണ് ഷൈന്‍ ടോം ചാക്കോ.

‘ഗദ്ദാമ’, ‘ഇഷ്‌ക്’, ‘ഭീഷ്മപര്‍വം’, ‘കുറുപ്പ്’, ‘തല്ലുമാല’ തുടങ്ങി നിരവധി സിനിമകളിലെ വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ഷൈന്‍, അഭിനയത്തിലെ വേറിട്ട ശൈലിയും സ്വാഭാവികമായ പ്രകടനവും കൊണ്ട് പ്രേക്ഷകര്‍ക്കിടയില്‍ സ്വന്തമായൊരു സ്ഥാനം നേടിയിട്ടുണ്ട്.

എന്നാല്‍ സിനിമയിലേക്ക് എത്തുന്നതിനും ഏറെ മുമ്പ്, അഞ്ചാം ക്ലാസുകാരനായിരിക്കുമ്പോള്‍ തന്നെ മമ്മൂട്ടിയെ നേരില്‍ കാണാനുള്ള ആഗ്രഹവുമായി ഒരു ലൊക്കേഷനിലെത്തിയിരുന്നു ഷൈന്‍.

മമ്മൂട്ടിയെ ആദ്യമായി കാണാന്‍ ശ്രമിച്ച ആ അനുഭവം ഇപ്പോഴും ഓര്‍മയിലുണ്ടെന്ന് പറയുകയാണ് ഷൈന്‍ ടോം ചാക്കോ. ‘വാത്സല്യം’ സിനിമയുടെ ലൊക്കേഷനിലായിരുന്നു അന്ന് മമ്മൂട്ടിയെ കാണാന്‍ പോയത്. എന്നാല്‍ അന്ന് മമ്മൂട്ടിയുടെ അടുത്തുപോലും എത്താന്‍ കഴിഞ്ഞില്ലെന്നും ദൂരെ നിന്ന് കണ്ട് തിരിച്ചുപോവുകയായിരുന്നുവെന്നും ഷൈന്‍ പറയുന്നു.

‘രാപ്പകല്‍’ സെറ്റിലാണ് മമ്മൂക്കയുമായി ആദ്യമായി വര്‍ക്ക് ചെയ്യുന്നത്. അതിന് മുമ്പ് ആദ്യമായി മമ്മൂക്കയെ കാണാനായി ‘വാത്സല്യത്തിന്റെ’ ലൊക്കേഷനില്‍ ചെന്നിട്ടുണ്ട്. അന്ന് ഞാന്‍ ചെറിയ കുട്ടിയാണ്, അഞ്ചാം ക്ലാസിലോ മറ്റോ. പക്ഷേ മമ്മൂക്കയുടെ അടുത്തുപോലും എത്താന്‍ പറ്റിയില്ല. ഇന്നത്തെ പോലെ പ്ലാന്‍ ചെയ്ത് വരാനൊന്നും പറ്റില്ലല്ലോ. അന്ന് ദൂരെ നിന്ന് കണ്ട് ഞാനും എന്റെ ഒരു കസിനും കൂടി തിരിച്ചുവന്നു,’ ഷൈന്‍ പറഞ്ഞു.

വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിക്കൊപ്പം ‘രാപ്പകല്‍’ എന്ന സിനിമയില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചപ്പോഴും വലിയ അടുപ്പത്തിലേക്ക് പെട്ടെന്ന് എത്താന്‍ കഴിഞ്ഞില്ലെന്നും ഷൈന്‍ പറയുന്നു.

‘രാപ്പകലി’ല്‍ വര്‍ക്ക് ചെയ്യുന്ന സമയത്തും നമ്മള്‍ അദ്ദേഹത്തിന്റെ അടുത്തേക്ക് എത്തുക, ഷോട്ട് ഓക്കെ എന്ന കാര്യം പറയുക എന്നല്ലാതെ അതിനപ്പുറത്തേക്ക് ചര്‍ച്ചയൊന്നുമില്ല. പിന്നെ ആക്ടറായ ശേഷം ഒരു പടം ചെയ്ത്, രണ്ട് പടം ചെയ്ത്, മൂന്ന് പടം ചെയ്ത് അങ്ങനെയാണ് ഗ്രാജ്വലായി മമ്മൂക്കയുമായുള്ള സംസാരം ബില്‍ഡ് ചെയ്ത് കൊണ്ടുവരാന്‍ പറ്റിയത്,’ അദ്ദേഹം പറഞ്ഞു.

മമ്മൂട്ടിയുമായി വളരെ പെട്ടെന്ന് അടുപ്പം സ്ഥാപിക്കുന്ന ചിലരെ കണ്ടിട്ടുണ്ടെന്നും അത് എങ്ങനെയാണെന്ന് തനിക്ക് പലപ്പോഴും അത്ഭുതം തോന്നിയിട്ടുണ്ടെന്നും ഷൈന്‍ കൂട്ടിച്ചേര്‍ത്തു.

സിനിമയിലേക്ക് കടക്കാന്‍ ഒരു വഴിയുമില്ലാതെ നില്‍ക്കുന്ന നിരവധി പേരെ കണ്ടിട്ടുണ്ടെന്നും ഷൈന്‍ പറയുന്നു. അസിസ്റ്റന്റ് ഡയറക്ടറായി സിനിമയിലെത്തിയപ്പോള്‍ തന്നെ തന്റെ മനസില്‍ അഭിനയിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

‘സിനിമയിലേക്ക് കടക്കാന്‍ ഒരു വഴിയുമില്ലാതെ നില്‍ക്കുന്ന ആളുകളെ അറിയാം. ഞങ്ങളൊക്കെ അസിസ്റ്റന്റ് ഡയറക്ടര്‍മാരാകുന്നത് മുഴുവന്‍ സമയവും ലൊക്കേഷനില്‍ നില്‍ക്കാമല്ലോ എന്ന് ആലോചിച്ചിട്ടാണ്. നടനാകുകയെന്ന ലക്ഷ്യത്തോടെ തന്നെയാണ് എ.ഡിയാകാനായി വരുന്നത്,’ ഷൈന്‍ പറഞ്ഞു.

തുടക്കത്തില്‍ അസിസ്റ്റന്റ് ഡയറക്ടറാകുന്നതിന് പിന്നിലെ തന്റെ ചിന്തയും അദ്ദേഹം പങ്കുവെച്ചു. ‘ആരെങ്കിലും ഏതെങ്കിലും സീന്‍ തെറ്റിച്ചാല്‍ അവിടെ കയറി അഭിനയിക്കാമല്ലോ എന്നാണ് തുടക്കത്തില്‍ ഞാന്‍ വിചാരിച്ചിരുന്നത്. അല്ലാതെ വേറെ ഒരു അവസരവും ഇല്ലായിരുന്നു,’ ഷൈന്‍ പറയുന്നു.

അവസരം തേടി സിനിമയിലെത്തുന്നവര്‍ക്ക് അന്നുണ്ടായിരുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും ഷൈന്‍ സംസാരിച്ചു. കഴിവുണ്ടായിട്ടും സിനിമയില്‍ ഒരു അവസരം പോലും ലഭിക്കാതെ മാറിനില്‍ക്കേണ്ടിവന്നവരെ കണ്ടിട്ടുണ്ട്. നാടകത്തില്‍ നിന്നുള്ളവരൊക്കെ വന്ന് ഒന്നുമല്ലാതായിപ്പോയവരെ കണ്ടിട്ടുണ്ട്.

ലൊക്കേഷനില്‍ നിന്നാല്‍ ആക്ടറാകണമെന്ന് പറയാന്‍ പോലും പറ്റാത്ത അവസ്ഥയുണ്ടാകും. പരിഹസിക്കപ്പെടും. അവസരം ചോദിച്ചുവരുന്നവര്‍ക്ക് ഇന്‍ഡസ്ട്രിയില്‍ സ്ഥാനമേയില്ല. അവരവരുടെ കഴിവുകൊണ്ടും ഒറ്റബുദ്ധികൊണ്ടും അവര്‍ എവിടെയെങ്കിലും എത്തിച്ചേരുന്നതാണ്,’ഷൈന്‍ ടോം ചാക്കോ പറഞ്ഞു.

Content Highlight: Actor Shine Tom Chacko about mammootty and Valsalyam Movie