മലയാളത്തിന്റെ മൈക്കില്‍ ജാക്‌സണെ കുറിച്ച് ചിന്തിക്കുന്നവരുടെ മനസില്‍ ആദ്യം എത്തുന്ന ഒരു മുഖം പ്രിയ നടന്‍ സലീം കുമാറിന്റേതാവും. ചതിക്കാത്ത ചന്തു എന്ന സിനിമിലെ ഡാന്‍സ് മാസ്റ്റര്‍ വിക്രം ഒരു തരത്തില്‍ മലയാളത്തിന്റെ ഹാസ്യ മൈക്കിള്‍ ജാക്‌സണ്‍ തന്നെയായിരുന്നു.

മൈക്കിള്‍ ജാക്‌സന്റെ വസ്ത്രധാരണവുമായി പ്രേക്ഷകര്‍ക്കുമുന്നിലെത്തിയ സലീം കുമാറിന്റെ കഥാപാത്രം തിയേറ്ററില്‍ ചിരിപ്പൂരവും തീര്‍ത്തു.

എന്നാല്‍ മൈക്കിള്‍ ജാക്‌സണുമായി ബന്ധപ്പെട്ട് തന്റെ ജീവിതത്തിലുണ്ടായ ഒരു സംഭവം വളരെ രസകരമായി അവതരിപ്പിക്കുകയാണ് സലീം കുമാര്‍. സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലില്‍ എഴുതിയ ‘ എന്റെ ചിരിയോര്‍മ്മകള്‍’ എന്ന പംക്തിയിലാണ് സലിം കുമാര്‍ അനുഭവം പങ്കുവെക്കുന്നത്.

‘മൈക്കിള്‍ ജാക്‌സണ്‍ മരിച്ച വാര്‍ത്ത ലോകം അറിഞ്ഞുകൊണ്ടിരിക്കുന്ന സമയം. തൃശൂരിലെ ഒരു ലൊക്കേഷനിലാണ് ഞാനപ്പോള്‍. ചിലര്‍ എന്നെ വിളിച്ച് വാര്‍ത്ത അറിയിക്കുന്നു. മൈക്കിള്‍ ജാക്‌സണെ കുറിച്ചുള്ള അറിവുകള്‍ പ്രകടിപ്പിക്കുന്നു. ഇതെല്ലാം ഇവരെന്തിനാണ് എന്നോട് പറയുന്നതെന്ന് മനസിലായില്ലെങ്കിലും ഞാന്‍ ചുമ്മാ നിന്നുകൊടുത്തു. അല്‍പം കഴിഞ്ഞപ്പോള്‍ ഒരു ചാനലില്‍ നിന്ന് ഒരു റിപ്പോര്‍ട്ടര്‍ വിളിച്ച് അനുശോചനം ലൈവായി വേണമെന്ന് പറയുന്നു.

ഞാനും മൈക്കിള്‍ ജാക്‌സണും തമ്മില്‍ എന്താണ് ബന്ധമെന്ന് എത്ര ആലോചിച്ചിട്ടും എനിക്കൊരു പിടിയും കിട്ടിയില്ല. അനുശോചനത്തിനായി വിളികള്‍ കൂടുതലായി എത്തിയപ്പോള്‍ ഞാനുമായുള്ള മൈക്കിള്‍ ജാക്‌സന്റെ ബന്ധം ഞാന്‍ തിരിച്ചറിഞ്ഞു. മൈക്കിള്‍ ജാക്‌സന്റെ രൂപത്തില്‍ കണ്ട ഏക മലയാളി വ്യക്തി ഞാനാണ്. ചതിക്കാത്ത ചന്തുവിലെ ഡാന്‍സ് മാസ്റ്ററുടെ കഥാപാത്രം.

മൈക്കിള്‍ ജാക്‌സണുമായി യഥാര്‍ത്ഥ ബന്ധമുള്ളവരില്‍ നിന്നൊന്നും കമന്റുകളെടുക്കാന്‍ കഴിയാത്ത കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ എന്നെ വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. ചിരിയല്ല, അത്ഭുതമായിരുന്നു ആദ്യം നിറഞ്ഞത്. പക്ഷേ ചാനലുകാര്‍ തിരക്കുകൂട്ടി, ഞങ്ങള്‍ക്ക് സലിം കുമാര്‍ ചേട്ടന്റെ അനുശോചനം കൂടിയേ തീരൂ.

അന്ന് ഞാന്‍ അണപൊട്ടുന്ന ദു:ഖത്തോടെ ചാനലുകളില്‍ സംസാരിച്ചു. അടുത്ത ദിവസം പുറത്തുവന്ന ഇംഗ്ലീഷ് പത്രത്തില്‍ എന്റേയും പ്രഭുദേവയുടേയും അനുശോചന കുറിപ്പുകള്‍ പ്രാധാന്യത്തോടെ നല്‍കിയിരിക്കുന്നു. ഓര്‍ക്കുമ്പോള്‍ ഇന്നും ചിരി നിറയുന്നു’ സലീം കുമാര്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actor Salim Kumar Share Experience About Michael Jackson