മലയാളികള്‍ക്ക് പരിചിതനായ ഡാന്‍സറും ആക്ടറുമാണ് റംസാന്‍. ഭീഷ്മപര്‍വത്തിന് മുമ്പ് ഈ പട്ടണത്തില്‍ ഭൂതം എന്ന ചിത്രത്തിലും താന്‍ മമ്മൂട്ടിയുടെ കൂടെ അഭിനയിച്ചിരുന്നുവെന്ന് പറയുകയാണ് അദ്ദേഹം.

ഭീഷ്മയില്‍ കോമ്പിനേഷന്‍ സീന്‍ ഇല്ലായിരുന്നുവെന്നും പട്ടണത്തില്‍ ഭൂതത്തിന് ശേഷം മമ്മൂട്ടിയെ പ്രൊമോഷന്‍ പരിപാടിയിലാണ് കണ്ടതെന്നും റംസാന്‍ പറഞ്ഞു. പട്ടണത്തില്‍ ഭൂതത്തില്‍ കൂടെ അഭിനയിച്ച കുട്ടി താനായിരുന്നുവെന്ന് പറയാന്‍ ആഗ്രഹമുണ്ടായിരുന്നുവെന്നും പക്ഷെ ധൈര്യമില്ലായിരുന്നുവെന്നും റംസാന്‍ പറഞ്ഞു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”ഞാന്‍ ആദ്യമായിട്ട് അഭിനയിച്ചത് മമ്മൂക്കയോടൊപ്പം ഈ പട്ടണത്തില്‍ ഭൂതത്തിലാണ്. അന്ന് മമ്മൂക്ക സിനിമയെ കാണുന്നത് കണ്ടാണ് ഞാന്‍ പഠിച്ചത്. ശരിക്ക് പറഞ്ഞാല്‍ അന്ന് തുടങ്ങിയതാണ് സിനിമയോടുള്ള ഭ്രാന്ത്.

അത് കഴിഞ്ഞിട്ട് കുറച്ച് പടങ്ങള്‍ ചെയ്തു. പിന്നെയാണ് ഭീഷ്മപര്‍വം ചെയ്യുന്നത്. ഭീഷ്മപര്‍വത്തിന് ശേഷം ഒരുപാട് സിനിമകളുടെ സ്‌ക്രിപ്റ്റ് കേട്ടു. പക്ഷെ ഞാന്‍ ചാടി കേറി ചെയ്യുന്നില്ല. മമ്മൂക്ക അടിപൊളിയല്ലേ.

ഫസ്റ്റ് സിനിമ ചെയ്തപ്പോള്‍ എനിക്ക് അദ്ദേഹം ഒരു സൂപ്പര്‍ സ്റ്റാറായിരുന്നു. ഞാന്‍ അടുത്തേക്ക് പോയി അവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കേണ്ടയെന്ന് വിചാരിക്കും. മറ്റുള്ളവര്‍ അദ്ദേഹത്തോട് സംസാരിക്കുമ്പോള്‍ ഞാന്‍ നോക്കി നില്‍ക്കുകയല്ലാതെ പോയി മിണ്ടാനൊന്നും നില്‍ക്കാറില്ല.

പട്ടണത്തില്‍ ഭൂതത്തില്‍ ഒരു കോമ്പിനേഷന്‍ സീന്‍ ഉണ്ടായിരുന്നു. അന്നാണ് ഞാന്‍ അദ്ദേഹത്തോട് അടുത്ത് നിന്ന് സംസാരിക്കുന്നത്. ഭീഷ്മയുടെ പ്രൊമോഷന് പോയപ്പോഴാണ് പിന്നെ ഞാന്‍ അദ്ദേഹത്തെ കാണുന്നത്.

അടുത്ത് ചെന്ന് ഞാന്‍ പട്ടണത്തില്‍ ഭൂതത്തില്‍ കൂടെ അഭിനയിച്ചിരുന്നു എന്ന് പറയാന്‍ ധൈര്യമില്ലായിരുന്നു. ആര്‍ക്കും അത് അറിയില്ല. ഞാനായിരുന്നു അതില്‍ അഭിനയിച്ചതെന്ന്,” റംസാന്‍ പറഞ്ഞു.

content highlight: actor ramzan about mammootty