കൊച്ചി: പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരഭം എന്ന പേരില്‍ പുറത്തിറങ്ങിയ ചിത്രമാണ് ലൂസിഫര്‍. മോഹന്‍ലാലും മഞ്ജു വാര്യരും ടൊവിനോ തോമസും വിവേക് ഒബ്‌റോയിയും അതിഥി താരമായി പൃഥ്വിരാജും എത്തിയ ചിത്രം സൂപ്പര്‍ഹിറ്റായിരുന്നു.

സ്റ്റീഫന്‍ നെടുമ്പള്ളിയെന്നും ഖുറേഷി അബ്രാമെന്നും പേരുള്ള കഥാപാത്രമായി മോഹന്‍ലാല്‍ തകര്‍ത്താടിയ ചിത്രത്തിന് തിരക്കഥയൊരുക്കിയത് മുരളി ഗോപിയായിരുന്നു. ലൂസിഫറിന്റെ വിജയത്തിന് പിന്നാലെ എമ്പുരാന്‍ എന്ന രണ്ടാം ഭാഗവും പ്രഖ്യാപിച്ചിട്ടുണ്ട്.

സയീദ് മസൂദ് എന്ന കഥാപാത്രമായാണ് പൃഥ്വി ചിത്രത്തിലെത്തിയിരുന്നത്. ലൂസിഫറില്‍ മോഹന്‍ലാലിന്റെ സ്റ്റീഫന്‍ നെടുമ്പള്ളിയെന്ന കഥാപാത്രത്തിന്റെ ഗെറ്റപ്പ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

താരം ഖുറേഷിയായപ്പോള്‍ ഉപയോഗിച്ച കണ്ണടയും ഏവര്‍ക്കും ഇഷ്ടമായിരുന്നു. ഇപ്പോഴിതാ ആ കണ്ണട പൃഥ്വിയ്ക്ക് സമ്മാനിച്ചിരിക്കുകയാണ് മോഹന്‍ലാല്‍.

പൃഥ്വി തന്നെയാണ് ഇക്കാര്യം തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിച്ചത്. ഖുറേഷി അബ്രാം നിങ്ങള്‍ക്ക് ഏറ്റവും മികച്ചത് സമ്മാനിക്കുമ്പോള്‍ എന്ന കുറിപ്പോടെയാണ് പൃഥ്വി വിവരം പങ്കുവെച്ചത്.

Content Highlight: Actor Prithviraj Sukumaran Mohanlal Lucifer Empuran Abraam Khureshi Sayeed Mazood