'എനിക്ക് തന്നെ പ്രതീക്ഷയില്ല, പിന്നെന്തിനാണ് മറ്റുള്ളവര്‍ക്ക്'..; എന്റെ സിനിമകള്‍ക്ക് അങ്ങനെയൊരു അമിത പ്രതീക്ഷയും വെക്കേണ്ടതില്ല: പൃഥ്വിരാജ്
Movie Day
'എനിക്ക് തന്നെ പ്രതീക്ഷയില്ല, പിന്നെന്തിനാണ് മറ്റുള്ളവര്‍ക്ക്'..; എന്റെ സിനിമകള്‍ക്ക് അങ്ങനെയൊരു അമിത പ്രതീക്ഷയും വെക്കേണ്ടതില്ല: പൃഥ്വിരാജ്
അക്ഷര
Wednesday, 1st July 2026, 10:58 am

പൃഥ്വിരാജ് സിനിമകള്‍ക്ക് ആളുകള്‍ അമിത പ്രതീക്ഷ വെക്കുന്നതായി തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് നടന്‍ പൃഥ്വി. അങ്ങനെ ഒരു പ്രതീക്ഷ തോന്നേണ്ട എന്ത് കാര്യമാണ് ഉള്ളത് എന്നായിരുന്നു പൃഥ്വിരാജിന്റെ മറുപടി.

താന്‍ ചെയ്ത എല്ലാ സിനിമകളും വലിയ ഹിറ്റുകളല്ലെന്നും തന്റെ ഒരുപാട് സിനിമകള്‍ പരാജയപ്പെട്ടിട്ടുണ്ടെന്നും പൃഥ്വിരാജ് പറഞ്ഞു. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘ അങ്ങനെ പ്രതീക്ഷ തോന്നേണ്ട എന്ത് കാര്യമാണ് ഉള്ളത്. ഞാന്‍ ചെയ്ത എല്ലാ സിനിമകളും വലിയ ഹിറ്റുകളാണോ? അല്ല. ഒരുപാട് സിനിമകള്‍ പരാജയപ്പെട്ടിട്ടില്ലേ. സിനിമകള്‍ വിജയിച്ച പോലെ തന്നെ സിനിമകള്‍ പരാജയപ്പെട്ടിട്ടുണ്ട്,’ പൃഥ്വി പറഞ്ഞു.

എന്നാല്‍ മാര്‍ക്കറ്റില്‍ ഒരു ഇളക്കമുണ്ടാക്കാന്‍ എപ്പോഴും പറ്റാറില്ലേ എന്ന ചോദ്യത്തിന് മാര്‍ക്കറ്റില്‍ ഇളക്കം ഉണ്ടാക്കാനൊന്നും താന്‍ ശ്രമിച്ചിട്ടില്ലെന്നായിരുന്നു താരത്തിന്റെ മറുപടി. ‘ ഞാന്‍ അങ്ങനെ എന്നാല്‍ ഒന്ന് ഇളക്കാം എന്ന് പറഞ്ഞ് ഒരു സിനിമയും ചെയ്തിട്ടില്ല. കേട്ടിട്ട് ഇഷ്ടം തോന്നുന്ന കഥകളാണ് ഞാന്‍ ചെയ്യുന്നത്.

തീര്‍ച്ചയായും നമ്മള്‍ ഒരു കഥ കേള്‍ക്കുമ്പോള്‍ ഇമാജിന്‍ ചെയ്യുന്ന സിനിമയാകില്ല ഫൈനാലിറ്റിയില്‍ വരുന്നത്. ചിലപ്പോള്‍ നമ്മള്‍ ഇമാജിന്‍ ചെയ്യുന്നതിനേക്കാള്‍ നല്ല സിനിമ സൃഷ്ടിക്കപ്പെടും. അങ്ങനെ നന്നായി വന്നിട്ടും തിയേറ്ററില്‍ ഓടാതെ പോകുന്ന സിനിമകള്‍ ഉണ്ടാകാറുണ്ട്.

പാര്‍വതിയും ഞാനും ഒന്നിച്ച് അഭിനയിച്ച ഒരു സിനിമയുണ്ട്. സിറ്റി ഓഫ് ഗോഡ്. ഇവിടെ ഒരു പോപ്പുലര്‍ നരേറ്റീവ് ഉണ്ടല്ലോ ന്യൂജന്‍ മലയാള സിനിമയുടെ സോ കോള്‍ഡ് വേവ് തുടങ്ങുന്നത് ട്രാഫിക് എന്ന സിനിമയിലൂടെയാണെന്ന്. ശരിയാണ്. ട്രാഫിക്കാണ് നമ്മുടെ മനസില്‍ വരുന്ന ന്യൂ ടൈപ്പ് സ്‌ക്രീന്‍ പ്ലേയൊക്കെയുള്ള സിനിമ.

എന്നാല്‍ ട്രാഫിക്കിന് മുന്‍പ് സംഭവിച്ച സിനിമയാണ് സിറ്റി ഓഫ് ഗോഡ്. ഞാന്‍ അതിന്റെ കഥ കേട്ടു ഇങ്ങനെയൊരു സിനിമയാകുമെന്ന് ഇമാജിന്‍ ചെയ്തു. അതിനേക്കാള്‍ മികച്ച സിനിമ ലിജോ സൃഷ്ടിച്ചു. എന്തുകൊണ്ടോ ആളുകള്‍ അത് സ്വകീരിച്ചില്ല. അതുകൊണ്ട് തന്നെ പൃഥ്വിരാജ് സിനിമകള്‍ക്ക് അങ്ങനെ ഒരു അമിത പ്രതീക്ഷയുണ്ടെന്ന് പറയേണ്ടതില്ല..പൃഥ്വിരാജിന് തന്നെയില്ല. പിന്നെന്തിനാ മറ്റുള്ളവര്‍ക്ക്,’ പൃഥ്വിരാജ് പറഞ്ഞു.

കെട്ട്യോളാണെന്റെ മാലാഖ, റോഷാക്ക് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ഐ നോബഡിയാണ് പൃഥ്വിരാജിന്റെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. പാര്‍വതിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

Content Highlight: Actor Prithviraj about Audiance Expecatation on His Movies