അന്നും ഇന്നും മമ്മൂട്ടിയാണ് തന്റെ പ്രചോദനമെന്ന് നടന്‍ നിവിന്‍ പോളി. സിനിമകള്‍ തെരഞ്ഞടുക്കുന്നതിലും അഭിനയിക്കുന്നതിലും മമ്മൂട്ടി പണ്ടും തന്നെ ഞെട്ടിച്ചിരുന്ന വ്യക്തിയാണെന്ന് നിവിന്‍ പറഞ്ഞു. പുതിയ ചിത്രം പടവെട്ടിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന പ്രസ് മീറ്റിലാണ് മമ്മൂട്ടിയെക്കുറിച്ച് നിവിന്‍ സംസാരിച്ചത്.

”വളരെ വ്യത്യസ്തമായുള്ള കഥാപാത്രങ്ങളാണ് മമ്മൂക്ക ഈ വര്‍ഷം ചെയ്തിട്ടുള്ളത്. വളരെ ഇന്ററസ്റ്റിങ് കോണ്‍സെപ്റ്റ്‌സും തീംസും കൂടാതെ മമ്മൂക്ക തെരഞ്ഞെടുക്കുന്ന സിനിമകളെല്ലാം വളരെ നല്ലതാണ്.

റോഷാക്ക് ഒരുപാട് ഇഷ്ടമായ സിനിമയാണ്. അതുപോലെ വരാനിരിക്കുന്ന ലിജോ ചേട്ടന്റെ സിനിമയും വളരെ വ്യത്യസ്തമാണ്.

എല്ലാ നടന്മാരും നമ്മള്‍ സിനിമ ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ഒരു വര്‍ഷത്തെ സിനിമകളെക്കുറിച്ചായിരിക്കും എപ്പോഴും സംസാരിക്കുക. അതായത് ഈ വര്‍ഷം എന്ത് സംഭവിക്കും എന്നായിരിക്കും അവര്‍ സംസാരിക്കുക. വരുന്ന സിനിമകളെല്ലാം വ്യത്യസ്തമാവുകയും അവ എന്തെങ്കിലും സ്വാധീനമുണ്ടാക്കുന്നതാവണം എന്നൊക്കെയാണ് ആഗ്രഹിക്കുക. അതുപോലെയൊക്കെ ചില വര്‍ഷങ്ങളില്‍ നമുക്ക് സംഭവിക്കാം.

എന്നാല്‍ മമ്മൂക്കയെ സംബന്ധിച്ച് വരുന്ന എല്ലാ സിനിമകളും വ്യത്യസ്ത ഴോണറില്‍ ഉള്ളതും വേറിട്ട് നില്‍ക്കുന്ന പെര്‍ഫോമന്‍സ് ഉള്ളതുമായിരിക്കും.

മമ്മൂക്കക്ക് ആദ്യമായല്ല ഇത്തരത്തില്‍ സിനിമകള്‍ ഉണ്ടാകുന്നത്. പണ്ടും നമ്മളെ ഞെട്ടിച്ചിട്ടുള്ള ആളാണ് അദ്ദേഹം. അന്നും അദ്ദേഹം എന്റെ ഇന്‍സ്പിറേഷനായിരുന്നു അതുപോലെ ഇന്നും ഒരുമാറ്റവുമില്ലാതെ അദ്ദേഹമാണെന്റെ പ്രചോദനം,” നിവിന്‍ പോളി പറഞ്ഞു.

 

അതേസമയം നിവിന്‍ പോളിയുടെ പുതിയ സിനിമ പടവെട്ട് ഒക്ടോബര്‍ 21ന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും. രവി എന്ന കഥാപാത്രമായാണ് നിവിന്‍ പോളി ചിത്രത്തിലെത്തുന്നത്. നിവിന്‍ പോളിക്ക് പുറമേ അദിതി ബാലന്‍, ഷമ്മി തിലകന്‍, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Content Highlight: Actor Nivin Pauly about his favorite mammootty