കൊച്ചി: മലയാളി സിനിമാ പ്രേക്ഷകര്‍ക്കിടയില്‍ ഇന്ന് ഏറെ ചര്‍ച്ചയായിരിക്കുന്ന ചിത്രമാണ് റോജിന്‍ തോമസ് സംവിധാനം ചെയ്ത ഹോം. ഇന്ദ്രന്‍സ് കേന്ദ്രകഥാപാത്രമായെത്തിയ ഹോമിലെ എല്ലാ അഭിനേതാക്കളും മികച്ച പ്രകടനമാണ് നടത്തിയിട്ടുള്ളത്.
സിനിമയിലെ ചാള്‍സ് എന്ന അനിയന്‍ കഥാപാത്രമായെത്തി പ്രേക്ഷകരെ കയ്യിലെടുത്ത നസ്‌ലന്റെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ചിത്രം ഇറങ്ങിയ ഉടന്‍ തന്നെ നസ്‌ലന്റെ പ്രകടനത്തിന് മികച്ച അഭിപ്രായങ്ങള്‍ വന്നിരുന്നു. ഇപ്പോഴിതാ നസ്‌ലന്റെ ഡബ്ബിംഗ് സമയത്തെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് സംവിധായകന്‍ റോജിന്‍ തോമസ്.
ചിത്രത്തിലെ ഒരു ഡയലോഗ് ഡബ്ബ് ചെയ്യുന്നതിനായി പല തവണ ആവര്‍ത്തിക്കുന്ന നസ്‌ലന്റെ വീഡിയോയാണ് റോജിന്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്.
തണ്ണീര്‍മത്തന്‍ ദിനങ്ങളിലൂടെ സിനിമയിലെത്തിയ നസ്‌ലന്‍ കുരുതിയില്‍ റസൂല്‍ എന്ന തികച്ചും വ്യത്യസ്തമായ കഥാപാത്രത്തെയായിരുന്നു അവതരിപ്പിച്ചിരുന്നത്. ഇപ്പോള്‍ ഹോമില്‍ സ്വാഭാവിക അഭിനയത്തിലൂടെ ഒരിക്കല്‍ കൂടി കഴിവ് തെളിയിച്ച നസ്‌ലന്‍ മലയാള സിനിമയുടെ മികച്ച ഭാവിതാരങ്ങളുടെ പട്ടികയില്‍ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണെന്ന് പലരും ചൂണ്ടിക്കാണിച്ചിരുന്നു.
നേരത്തെ ഹോമിന്റെ നിര്‍മാതാവായ വിജയ് ബാബു നസ്‌ലനെപറ്റി പറഞ്ഞ ഒരു കമന്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. മലയാള സിനിമയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ പ്രാപ്തനായ അഭിനേതാവാണ് നസ്‌ലനെന്നായിരുന്നു വിജയ് ബാബുവിന്റെ പ്രതികരണം.
ആഗസ്റ്റ് 19നായിരുന്നു ഹോം ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. ഇന്ദ്രന്‍സ് പ്രധാന വേഷത്തിലെത്തുന്ന ഹോമില്‍ മഞ്ജു പിള്ള, ശ്രീനാഥ് ഭാസി, വിജയ് ബാബു, നസ്‌ലന്‍, ശ്രീകാന്ത് മുരളി, കൈനകരി തങ്കരാജ്, ദീപ തോമസ്, ജോണി ആന്റണി എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളായെത്തിയത്.
അതേസമയം ചിത്രത്തിന്റെ മേക്കിങ്ങും പെര്‍ഫോമന്‍സുകളും മികച്ച അഭിപ്രായം നേടിയപ്പോഴും അവതരിപ്പിച്ചിരിക്കുന്ന ചില ആശയങ്ങളോടുള്ള വിമര്‍ശനങ്ങളും ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.
Content Highlight: Actor Naslan Home Movie Dubbing Video Out
