കെട്ടിപ്പിടിക്കാനാണോ തല്ലാനാണോ വന്നതെന്ന് അറിയില്ലല്ലോ; വൈറല്‍ താരത്തെ കണ്ട അനുഭവം പങ്കുവെച്ച് ബിജുക്കുട്ടന്‍
Malayalam Cinema
കെട്ടിപ്പിടിക്കാനാണോ തല്ലാനാണോ വന്നതെന്ന് അറിയില്ലല്ലോ; വൈറല്‍ താരത്തെ കണ്ട അനുഭവം പങ്കുവെച്ച് ബിജുക്കുട്ടന്‍
അശ്വിന്‍ രാജേന്ദ്രന്‍
Monday, 27th April 2026, 1:17 pm

2026ല്‍ മലയാള സിനിമ ഏറ്റവും കൂടുതല്‍ ആഘോഷിച്ച, ഇപ്പോഴും തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന ചിത്രമാണ് വിപിന്‍ ദാസ് സംവിധാനം ചെയ്ത വാഴ 2. റിലീസ് ചെയ്ത് 25 ദിവസത്തിനുള്ളില്‍ കേരള ബോക്‌സ് ഓഫീസില്‍ നിന്നും 122 കോടിയിലധികം നേടി ഇന്‍ഡസ്ട്രി ഹിറ്റെന്ന നേട്ടവും വാഴ 2 സ്വന്തമാക്കിയിരുന്നു. ഇന്‍സ്റ്റഗ്രാം റീല്‍സ് താരങ്ങളായ ഹാഷിര്‍, അലന്‍, വിനായക്, അജിന്‍ തുടങ്ങിയവരുടെ പ്രകടനവും മറ്റ് പ്രധാനവേഷങ്ങളിലെത്തിയ ദേവരാജ്, ബിജുക്കുട്ടന്‍, സുധീഷ്, അല്‍ഫോണ്‍സ് പുത്രന്‍ എന്നിവരുടെ അഭിനയമികവും ചിത്രത്തെ പ്രേക്ഷകര്‍ക്ക് മികച്ച അനുഭവമാക്കി മാറ്റുകയായിരുന്നു.

ചിത്രത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട രംഗമായിരുന്നു വിനായകിന്റെ അച്ഛനായി വേഷമിട്ട ബിജുക്കുട്ടന്റെ കഥാപാത്രം പടക്കം പൊട്ടിക്കുന്നതിനിടയില്‍ വീഴുന്നത്. കേരളത്തില്‍ വലിയ രീതിയില്‍ വൈറലായ ഒരു വീഡിയോയുടെ റീക്രിയേഷനായിരുന്നു ഈ രംഗം. സാധാരണയായി കാണുന്നവരില്‍ ചിരി പടര്‍ത്തുന്ന വീഡിയോ പക്ഷേ ഒരച്ഛനും മകനും തമ്മിലുള്ള ആത്മബന്ധം പറയുന്നതിനായിട്ടാണ് സംവിധായകന്‍ ഉപയോഗിച്ചിരുന്നത്. ഇത് വലിയ രീതിയില്‍ പ്രേക്ഷകരില്‍ കണക്ടാകുകയും ചെയ്തിരുന്നു.

വാഴ 2. Photo: X.com

ചിത്രം തിയേറ്ററുകളില്‍ വിജയമായതോടെ കഴിഞ്ഞ വിഷുദിനത്തില്‍ ബിജുക്കുട്ടന്റെ വീട്ടിലെത്തി ഈ വൈറല്‍ താരം സന്ദര്‍ശനം നടത്തിയത് വാര്‍ത്തയായിരുന്നു. താരം തന്നെയാണ് ഷിബന്‍ എന്ന വൈറല്‍ താരത്തെ തന്റെ ഫേസ്ബുക്ക് പേജിലൂടെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിയത്. ഇതുമായി ബന്ധപ്പെട്ട് ചിയേഴ്‌സ് ഫിറ്റിന് താരം നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്.

‘അദ്ദേഹത്തെ അന്വേഷിച്ച് ഒരുപാട് പോകേണ്ടി വന്നിരുന്നില്ല. അപ്രതീക്ഷിതമായാണ് അദ്ദേഹം വിഷു ദിവസം വീട്ടിലേക്ക് വന്നത്. വീട് റോഡ് സൈഡില്‍ തന്നെയായത് കൊണ്ട് സാധാരണയായി ഫോട്ടോ എടുക്കാന്‍ വരുന്ന ആരെങ്കിലും ആയിരിക്കും എന്നാണ് കരുതിയത്. പക്ഷേ കണ്ടപ്പോള്‍ വല്ലാത്ത സന്തോഷം തോന്നി കൂട്ടത്തില്‍ ചെറിയ പേടിയുമുണ്ടായിരുന്നു. അദ്ദേഹത്തെ കാണുമ്പോള്‍ പേടിയാകും, കീരിക്കാടന്‍ ജോസിനെ പോലെ വലിയ പൊക്കവും വണ്ണവുമെല്ലാമുള്ള ആളാണ്.

ബിജുക്കുട്ടന്‍ റീല്‍ താരത്തിനൊപ്പം. Bijukuttan/ Facebook.com

കാരണം ഞാനാണ് ആ സീന്‍ ചെയ്തതെന്നറിഞ്ഞ് കെട്ടിപിടിക്കാനാണോ ഇടിക്കാനാണോ വന്നതെന്നറിയില്ലല്ലോ. പക്ഷേ പച്ച മനുഷ്യന്‍ എന്ന് പറയുന്ന കൂട്ടത്തില്‍ പെടുന്ന ഒരു നല്ല മനുഷ്യനാണ് അദ്ദേഹം. അത് സവിന്റെയും വിപിന്റെയും മാജിക്കാണെന്നാണ് ഞാന്‍ പറഞ്ഞത്. വിപിന്‍ ഒരു വീഡിയോ കണ്ട് അതിന്റെ മൈന്യൂട്ടായിട്ടുള്ള ഓഡിയോ കേട്ടിട്ടാണ് അങ്ങനെയൊരു സീന്‍ എഴുതുന്നത്. അത് അദ്ദേഹത്തിന്റെ സിനിമയോടുള്ള ഡെഡിക്കേഷന്‍ കൊണ്ട് സംഭവിച്ചതാണ്,’ ബിജുക്കുട്ടന്‍ പറഞ്ഞു.

Content Highlight: Actor Biju kuttan talks about his experience of meeting viral reel person which he portrayed in Vaazha 2

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.