‘മുമ്പ് ബോഡി ഷെയിമിങ് റോളുകളില്‍ അഭിനയിച്ചിരുന്ന ഇന്ദ്രന്‍സ്, ഇന്ന് തന്റെ അഭിനയമികവിലൂടെ എല്ലാവരെയും ഷെയിം ചെയ്യുകയാണ്. ഇന്ദ്രന്‍സിന്റെ പല പുതിയ സിനിമകള്‍ കണ്ട ഞാന്‍ അമ്പരന്നു പോയിട്ടുണ്ട്’ ആശാന്‍ സിനിമയുടെ പ്രീമിയര്‍ ഷോയില്‍ ഇന്ദ്രന്‍സിനെ കുറിച്ച് മഹാനടന്‍ മമ്മൂട്ടി പറഞ്ഞ വാക്കുകളാണിവ. അതേ… ഒരു സമയത്ത് ഹാസ്യവേഷങ്ങള്‍ക്കായി മാത്രം എഴുതി ചേര്‍ക്കപ്പെട്ട ആ പേര് പിന്നീട് ദേശീയ പുരസ്‌കാര വേദിയി വരെ മുഴങ്ങി കേട്ടു.
തുന്നല്‍ക്കാരനായി ജീവിതം ആരംഭിക്കുകയും പിന്നീട് 1981 ല്‍ വസ്ത്രാലങ്കാരക്കാരനായും നടനായും സിനിമയിലേക്ക് ചുവടുവെക്കുകയും ചെയ്ത വ്യക്തിയാണ് ഇന്ദ്രന്‍സ്. ചൂതാട്ടം എന്ന ചിത്രത്തിലൂടെ വസ്ത്രാലങ്കാരം ആരംഭിച്ച ഇന്ദ്രന്‍സ് പിന്നീട് പത്മരാജാന്‍ അടക്കമുള്ള പ്രമുഖ സംവിധായകരുടെ സിനിമയില്‍ കോസ്റ്റിയൂം ഡിസൈനറായി പ്രവര്‍ത്തിച്ചു.
പിന്നീട് സി.ഐ.ഡി ഉണ്ണികൃഷ്ണന്‍, പഞ്ചാബി, ഹൗസ്, പാണ്ടിപ്പട, വെള്ളിനക്ഷത്രം തുടങ്ങിയ സിനിമകളില്‍ ഹാസ്യവേഷങ്ങളില്‍ തിളങ്ങി. കോമഡി വേഷങ്ങളിലേക്കു മാത്രം ഒതുങ്ങിയിരുന്ന ഇന്ദ്രന്‍സ്, അഞ്ചാം പാതിര, ഹോം എന്നീ ചിത്രങ്ങളിലൂടെ ഗൗരവുമുള്ള വേഷങ്ങളും തനിക്കിണങ്ങുമെന്ന് തെളിയിച്ചു.
ജോണ്‍ പോള്‍ ജോര്‍ജിന്റെ സംവിധാനത്തില്‍ തിയേറ്ററുകളിലെത്തിയ ഏറ്റവും പുതിയ ചിത്രമായ ആശാനിലും തന്റെ പ്രകടനം കൊണ്ട് വിസ്മയിപ്പിക്കുന്ന ഇന്ദ്രന്‍സിനെയാണ് നമുക്ക് കാണാന്‍ കഴിയുന്നത്. അമ്പിളി എന്ന ചിത്രത്തിന് ശേഷം ജോണ്‍ പോള്‍ ഒരുക്കിയ ആശാനില്‍ നായകവേഷത്തിലാണ് ഇന്ദ്രന്‍സ് എത്തിയത്. അദ്ദേഹം നായക വേഷത്തിലെത്തിയ ആദ്യ കൊമേഴ്ഷ്യല്‍ ചിത്രം കൂടിയായിരുന്നു ആശാന്‍.
അഭിനയ മോഹം ഉള്ളില്‍ കൊണ്ടു നടക്കുന്ന, കമല്‍ഹാസന്റെ ബ്ലഡ് ഗ്രൂപ്പാണ് തന്റേതെന്ന് ഒരു കുട്ടിയുടെ കൗതുകത്തോടെ വിളിച്ച് പറയുന്ന പൂക്കി ആശാനെ പ്രേക്ഷകരും ഇരും കൈയ്യും നീട്ടി സ്വീകരിക്കുന്നുണ്ട്. സന്തോഷമാണെങ്കിലും കൗതുകമാണെങ്കിലും ഉത്കണ്ഠയാണെങ്കിലും ഒരുപാട് ഭാവങ്ങള്‍ ആ മുഖത്ത് മിന്നി മറയുന്നുണ്ട്. അദ്ദേഹത്തിന്റെ ശബ്ദം പോലും നമ്മെ ചിരിപ്പിക്കുന്നുണ്ട്.
ആ പാന്റും ഷര്‍ട്ടും മുടിയിലെ കെട്ടും വര്‍ത്തമാനവും കണ്ടാല്‍ ഏതൊരാളും നോക്കി നിന്ന് പോകും. ആദ്യപകുതിയില്‍ നമ്മെ കുടു കുടാ ചിരിപ്പിക്കുന്ന ആശാന്‍ രണ്ടാം പകുതിയില്‍ നമ്മെ സങ്കടത്തിലാഴ്ത്തുന്നുണ്ട്.
നര്‍മമാണെങ്കിലും ഗൗരവമുള്ള വേഷമാണെങ്കിലും അത് ഇന്ദ്രന്‍സിന്റെ കയ്യില്‍ ഭദ്രമാണ്. ആശാനായി എപ്പോള്‍ സിനിമയില്‍ ഇന്ദ്രന്‍സ് എത്തുന്നുവോ അവിടെ മുതല്‍ ബിഗ് സ്‌ക്രീനൊരു മാജിക്കായി മാറുന്നു. ഇന്ദ്രന്‍സിന്റെ കരിയറിലെ ബെസ്റ്റ് പെര്‍ഫോമന്‍സിലൊന്നായി ആശാനെ കണക്കാക്കാം.
Content Highlight: About Indrans’ character in the movie Aashan