2026 ടി – 20 ലോകകപ്പില്‍ രണ്ടാം മത്സരത്തിന് ഒരുങ്ങുന്ന ഇന്ത്യന്‍ ടീമിന് ആശ്വാസം. പരിക്കേറ്റ ഓള്‍ റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദര്‍ ടീമിനൊപ്പം ചേര്‍ന്നു. കഴിഞ്ഞ ദിവസമാണ് താരം ടീമിനൊപ്പം ചേര്‍ന്നത്. ഓള്‍റൗണ്ടര്‍ രണ്ടാം മത്സരത്തിന് മുന്നോടിയായി ടീമിനൊപ്പം പരിശീലനം നടത്തും.
ഇതിനൊപ്പം ഒരു ഇന്ത്യന്‍ ടീമിന് മറ്റൊരു സന്തോഷ വാര്‍ത്ത കൂടിയുണ്ട്. ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ കളിക്കാതിരുന്ന ജസ്പ്രീത് ബുംറയും സുഖം പ്രാപിച്ചു. താരവും ഇന്ന് ടീമിനൊപ്പം പരിശീലനം നടത്തും. ഇന്ത്യന്‍ ടീം സഹ പരിശീലകന്‍ റയാന്‍ ടെന്‍ ഡോഷേറ്റാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
🚨 UPDATE ON INDIAN TEAM PRESS CONFERENCE 🚨
– Abhishek Sharma has an illness.
– Washington Sundar joined.
– Jasprit Bumrah will bowl today. pic.twitter.com/i8pWrUkFbb
അതേസമയം, ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മയ്ക്ക് ഇതുവരെ സുഖം പ്രാപിച്ചിട്ടില്ല. താരത്തിനിപ്പോഴും വയറിന് അസ്വസ്ഥതയുണ്ടെന്ന് ഡോഷേറ്റ് അറിയിച്ചു. എന്നാല്‍, അടുത്ത മത്സരത്തിന് മുമ്പ് താരം സുഖം പ്രാപിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘വാഷിങ്ടണ്‍ സുന്ദര്‍ കഴിഞ്ഞ ദിവസം ടീമിനൊപ്പം ചേര്‍ന്നിട്ടുണ്ട്. അവന്‍ ഇന്ന് പരിശീലനം നടത്തും. അഭിയ്ക്ക് (അഭിഷേക് ശര്‍മ) ഇപ്പോഴും വയറിന് അസ്വസ്ഥതയുണ്ട്. പക്ഷേ, അടുത്ത മത്സരത്തിന് മുമ്പ് അവന്‍ തിരിച്ച് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജസ്പ്രീത് ബുംറയും ഇന്ന് പന്തെറിയും. അവന്‍ കഴിഞ്ഞ പത്ത് ദിവസമായി വിശ്രമത്തിലായിരുന്നു. ഇപ്പോള്‍ അവന്റെ ആരോഗ്യ സ്ഥിതിയില്‍ നല്ല മാറ്റമുണ്ട്. ഇന്നത്തെ പരിശീലനത്തിന് ശേഷം ടീമിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും,’ ടെന്‍ ഡോഷേറ്റ് പറഞ്ഞു.
യു.എസ്.എക്ക് എതിരെയുള്ള ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ അഭിഷേക് ശര്‍മ കളിച്ചിരുന്നു. എന്നാല്‍ ഗോള്‍ഡന്‍ ഡക്കായി മടങ്ങിയതിന് ശേഷം താരം വയറുവേദന കാരണം ഫീല്‍ഡിങ്ങില്‍ എത്തിയിരുന്നില്ല. യു.എസ്.എയുടെ ഇന്നിങ്‌സില്‍ താരത്തിന് പകരം മലയാളി താരം സഞ്ജു സാംസണായിരുന്നു ഫീല്‍ഡ് ചെയ്തിരുന്നത്.
Content Highlight: Abhishek Sharma still unwell; Washington Sundar and Jasprit Bumrah train ahead of second match in T20 World Cup