ധവാനെ വീഴ്ത്താന്‍ അഭിഷേകും ഇഷാനും; ഒരേ റെക്കോഡിലേക്ക് വമ്പന്മാരുടെ പടയോട്ടം!
Cricket
ധവാനെ വീഴ്ത്താന്‍ അഭിഷേകും ഇഷാനും; ഒരേ റെക്കോഡിലേക്ക് വമ്പന്മാരുടെ പടയോട്ടം!
ശ്രീരാഗ് പാറക്കല്‍
Saturday, 25th July 2026, 2:08 pm

സിംബാബ്‌വേയ്‌ക്കെതിരായ രണ്ടാം ടി-20 മത്സരത്തിനൊരുങ്ങുകയാണ് ഇന്ത്യ. ഹരാരെ സ്‌പോര്‍ട്‌സ് ക്ലബ്ബിലാണ് മത്സരം നടക്കുന്നത്. പരമ്പ ലക്ഷ്യംവെച്ചാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. മത്സരത്തിനിറങ്ങുമ്പോള്‍ ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മയെ കാത്തിരിക്കുന്നത് ഒരു മിന്നും നേട്ടമാണ്.

സിംബാബ്‌വേയ്‌ക്കെതിരെ ഒരു അര്‍ധ സെഞ്ച്വറി നേടിയാല്‍ ടി-20യില്‍ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ അര്‍ധസെഞ്ച്വറി നേടുന്ന താരങ്ങളുടെ ലിസ്റ്റില്‍ മുന്‍ താരം ശിഖര്‍ ധവാനെയും ഇഷാന്‍ കിഷനെയും മറികടക്കാനാണ് അഭിഷേകിന് സാധിക്കുക. നിലവില്‍ ഈ നേട്ടത്തില്‍ ആരായിരിക്കും ആദ്യം എത്തുക എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഇഷാന്‍ കിഷനും അഭിഷേക് ശര്‍മയും നേട്ടത്തിലെത്താന്‍ തകര്‍ത്തടിക്കുമെന്ന് ഉറപ്പാണ്.

ഇന്ത്യയ്ക്ക് വേണ്ടി അന്താരാഷ്ട്ര ടി-20യില്‍ ഏറ്റവും കൂടുതല്‍ തവണ അര്‍ധ സെഞ്ച്വറി നേടുന്ന താരം

വിരാട് കോഹ്‌ലി – 38

രോഹിത് ശര്‍മ – 32

സൂര്യകുമാര്‍ യാദവ് – 25

കെ.എല്‍. രാഹുല്‍ – 22

ശിഖര്‍ ധവാന്‍ -11

അഭിഷേക് ശര്‍മ – 11

ഇഷാന്‍ കിഷന്‍ – 11

ശ്രേയസ് അയ്യര്‍ – 10

അതേസമയം സിംബാബ്വേക്കെതിരെയുള്ള മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ഏഴ് വിക്കറ്റിന്റെ വിജയമാണ് സ്വന്തമാക്കിയത്. ഹരാരേ സ്പോര്‍ട്സ് ക്ലബ്ബില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സിംബാബ്വേ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സാണ് നേടിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 13.2 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സ് നേടി വിജയലക്ഷ്യം മറികടക്കുകയായിരുന്നു. ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ കീഴിലുള്ള ഇന്ത്യയുടെ ആദ്യ വിജയമാണിത്.

മത്സരത്തില്‍ അഭിഷേക് ശര്‍മയ്ക്ക് മികച്ച പ്രകടനം നടത്താന്‍ സാധിച്ചില്ലായിരുന്നു. എട്ട് പന്തില്‍ ഒരു റണ്‍സ് നേടിയാണ് താരം മടങ്ങിയത്. കിഷന്‍ 24 പന്തില്‍ രണ്ട് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 35 റണ്‍സാണ് നേടിയത്.

യുവതാരം വൈഭവ് സൂര്യവംശിയുടെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ വിജയിച്ചു കയറിയത്. 19 പന്തുകളില്‍ നിന്നും 50 റണ്‍സ് നേടിയാണ് വൈഭവ് തിളങ്ങിയത്. നാല് വീതം ഫോറുകളും സിക്‌സുകളും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്സ്.

Content Highlight: Abhishek Sharma And Ishan Kishan Need A Fifty To Create A Record Achievement

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ