മേക്കപ്പ് ചെയ്യുന്നതിനിടക്ക് നരയിട്ടത് ഞാനറിഞ്ഞില്ല, കഥാപാത്രം ഡിമാന്‍ഡ് ചെയ്യുന്നതുകൊണ്ട് എനിക്കത് കുഴപ്പമായി തോന്നിയില്ല: അഭിരാമി
Malayalam Cinema
മേക്കപ്പ് ചെയ്യുന്നതിനിടക്ക് നരയിട്ടത് ഞാനറിഞ്ഞില്ല, കഥാപാത്രം ഡിമാന്‍ഡ് ചെയ്യുന്നതുകൊണ്ട് എനിക്കത് കുഴപ്പമായി തോന്നിയില്ല: അഭിരാമി
അമര്‍നാഥ് എം.
Tuesday, 18th August 2026, 9:00 pm

അടൂര്‍ ഗോപാലകൃഷ്ണന്റെ കഥാപുരുഷനിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന താരമാണ് അഭിരാമി. പിന്നീട് നായികയായി സൗത്ത് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയില്‍ നിറഞ്ഞുനിന്ന അഭിരാമി ഗംഭീര കഥാപാത്രങ്ങളുമായി നിറഞ്ഞുനിന്നു. വിവാഹശേഷം 10 വര്‍ഷത്തോളം സിനിമയില്‍ നിന്ന് ഇടവേളയെടുത്ത താരം 2014 മുതല്‍ വീണ്ടും സജീവമായി.

ഈ വര്‍ഷത്തെ ഗംഭീര തിയേറ്റര്‍ എക്‌സ്പീരിയന്‍സായി മാറിയ ബ്ലാസ്റ്റില്‍ പലരുടെയും ശ്രദ്ധയാകര്‍ഷിച്ചത് അഭിരാമിയായിരുന്നു. ആക്ഷന്‍ സീനുകളില്‍ അഭിരാമിയുടെ പെര്‍ഫോമന്‍സ് കൈയടി നേടുകയും ചെയ്തു. രഞ്ജിത് സംവിധാനം ചെയ്യുന്ന ലോ ആന്‍ഡ് ഓര്‍ഡറിലൂടെ മലയാളത്തില്‍ വീണ്ടും സാന്നിധ്യമറിയിക്കുകയാണ് താരം.

അഭിരാമി Photo: Screen grab/ Club FM

മൂന്ന് വര്‍ഷത്തിന് ശേഷമാണ് അഭിരാമി മലയാളത്തിലേക്കെത്തുന്നത്. പ്രകാശ് വര്‍മ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഭാര്യയായിട്ടാണ് അഭിരാമി വേഷമിടുന്നത്. ചിത്രത്തിലെ കഥാപാത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് അഭിരാമി. ആദ്യ നരേഷനില്‍ തന്നെ കഥയും കഥാപാത്രവും ഇഷ്ടമായതുകൊണ്ടാണ് താന്‍ ഓക്കെ പറഞ്ഞതെന്ന് താരം പറയുന്നു. ക്ലബ്ബ് എഫ്.എമ്മിനോട് സംസാരിക്കുകയായിരുന്നു അഭിരാമി.

‘ഈ നര ഞാന്‍ പോലും അറിയാതെ ഇട്ടതാണ്. അത് എങ്ങനെയാണെന്ന് വെച്ചാല്‍ പടത്തിന്റെ ലുക്ക് ടെസ്റ്റിന് വേണ്ടി രഞ്ജിത് സാറിന്റെ അപ്പാര്‍ട്ട്‌മെന്റിലേക്ക് പോയി. മേക്കപ്പ് എങ്ങനെയൊക്കെ വേണമെന്ന് സാര്‍ അവര്‍ക്ക് സജസ്റ്റ് ചെയ്തുകൊണ്ടിരുന്നു. കണ്ണടയും ബാക്കി കാര്യങ്ങളുമെല്ലാം വെച്ചിട്ട് ഏറ്റവും ലാസ്റ്റ് നോക്കിയപ്പോള്‍ നരയും ഇട്ടു.

നരയിട്ട് അഭിനയിക്കുന്നതില്‍ എനിക്ക് ഒരു കുഴപ്പവുമില്ല. നരയിടേണ്ട ക്യാരക്ടര്‍ ഞാന്‍ ചെയ്യില്ല എന്നൊന്നുമില്ല. കഥാപാത്രം ഡിമാന്‍ഡ് ചെയ്യുന്നുണ്ടെങ്കില്‍ അതില്‍ എനിക്ക് കുഴപ്പമില്ല. ഈ പടത്തില്‍ എന്റെ ക്യാരക്ടര്‍ കുറച്ച് മെച്വറായിട്ടുള്ള ഒരാളാണ്. ഇമോഷനൊക്കെ പ്രാധാന്യമുള്ള ഒരു സിനിമയാണിത്. പ്രകാശ് സാറൊക്കെ കുറച്ചധികം ഹെല്പ് ചെയ്തിട്ടുണ്ട്,’ അഭിരാമി പറയുന്നു.

ഏറെക്കാലത്തിന് ശേഷം രഞ്ജിത് സംവിധായക കുപ്പായമണിയുന്ന ചിത്രമാണ് ലോ ആന്‍ഡ് ഓര്‍ഡര്‍. ഉദയകൃഷ്ണയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. കൊച്ചിയിലെ മയക്കുമരുന്ന് കടത്തിനെക്കുറിച്ചാണ് ചിത്രം സംസാരിക്കുന്നത്. രഞ്ജിത് സൃഷ്ടിച്ച ഐക്കോണിക് കഥാപാത്രങ്ങളിലൊന്നായ കരിക്കാമുറി ഷണ്മുഖനായി മമ്മൂട്ടി അതിഥിവേഷത്തില്‍ പ്രത്യക്ഷപ്പെടുന്നുമുണ്ട്.

Content Highlight: Abhirami about her character in Law and Order movie

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം