rabb

കോഴിക്കോട്: ഇനി ഒരിക്കലും ഒരു ചടങ്ങിലും താന്‍ നിലവിളക്ക് കൊളുത്തുകയില്ലെന്ന് വിദ്യഭ്യാസമന്ത്രി പി.കെ അബ്ദുറബ്ബ്. സി.എച്ച് അടക്കമുള്ള മുന്‍ഗാമികളുടെ പാരമ്പര്യമാണിത്. മറ്റുള്ള ലീഗ് നേതാക്കളും നിലവിളക്ക് കൊളുത്തില്ലെന്നും അബ്ദുറബ്ബ് പറഞ്ഞു. വിവാദത്തില്‍ താന്‍ ഒറ്റപ്പെട്ട് പോയെന്ന് കരുതുന്നില്ലെന്നും അബ്ദുറബ്ബ് പറഞ്ഞു.

നേരത്തെ മമ്മൂട്ടി പങ്കെടുത്ത ചടങ്ങില്‍ അബ്ദുറബ്ബ് നിലവിളക്ക് കൊളുത്താന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ആരംഭിച്ച വിവാദം ലീഗ് നേതാക്കള്‍ തമ്മില്‍ പരസ്യമായി വിയോജിപ്പ് പ്രകടിപ്പിക്കുന്നത് വരെ എത്തിയിരുന്നു. ഇ.ടി മുഹമ്മദ് ബഷീറും എം.കെ മുനീറും കെ.എം ഷാജിയുമായിരുന്നു പരസ്യമായി ഏറ്റുമുട്ടിയിരുന്നത്.

കെ.എം ഷാജി  നിയമസഭയില്‍ നടത്തിയ അഭിപ്രായ പ്രകടനത്തിന് പിന്നാലെയാണ് ലീഗില്‍ നിലവിളക്ക് വിവാദം വീണ്ടും ഉയര്‍ന്നിരുന്നത്. ഇതിനെതിരെ പാര്‍ട്ടി ദേശീയ സെക്രട്ടറി കൂടിയായ ഇ.ടി. മുഹമ്മദ് ബഷീര്‍ രംഗത്ത് വരികയും നിലവിളക്ക് കൊളുത്തേണ്ടതില്ലെന്ന നിലപാട് സ്വീകരിക്കുകയും ചെയ്യുകയായിരുന്നു.

എന്നാല്‍ നില വിളക്ക് കത്തിക്കുന്നതും കത്തിക്കാതിരിക്കുന്നതും ഒരോരുത്തരുടേയും വ്യക്തിപരമായ കാര്യമാണെന്നും ലീഗ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നുമാണ് എം.കെ മുനീര്‍ പ്രതികരിച്ചിരുന്നത്.

എന്നാല്‍ വിഷയത്തില്‍ പിന്നീട് ലീഗ് പരസ്യ പ്രസ്താവന വിലക്കിയിരുന്നു. അതിനിടെ നിലവിളക്ക് കൊളുത്തുന്നത് അനിസ്‌ലാമികമാണെന്ന് ചൂണ്ടിക്കാട്ടി സമസ്ത നിലപാട് വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ലീഗ് നേതാക്കളായ എം.കെ.മുനീര്‍, കെ.എം.ഷാജി, കെ.എന്‍.എ.ഖാദര്‍  എന്നിവരെ വിമര്‍ശിച്ച് കൊണ്ട് സമസ്ത ലേഖനം പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.