വെസ്റ്റ് ഇന്‍ഡീസ്-പാകിസ്ഥാന്‍ രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ അവസാന മത്സരത്തിന്റെ മത്സരം നാലാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ വെസ്റ്റ് ഇന്‍ഡീസ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 106 റണ്‍സ് എന്ന നിലയിലാണ്. വിന്‍ഡീസിന് നിലവില്‍ 60 റണ്‍സ് ലീഡുണ്ട്. പാക് ബൗളിങ്ങില്‍ സാജിദ് ഖാന്‍ നാല് വിക്കറ്റുകളും അലി ഉസ്മാന്‍ രണ്ട് വിക്കറ്റുകളും നേടിയിട്ടുണ്ട്.
ഓവലിലെ ക്വീന്‍സ് പാര്‍ക്കില്‍ നടക്കുന്ന മത്സരത്തില്‍ ആദ്യ ഇന്നിങ്‌സില്‍ പാകിസ്ഥാന്‍ 387 റണ്‍സിനാണ് പുറത്തായത്. സെഞ്ച്വറി നേടി തിളങ്ങിയ അബ്ദുല്ല ഷഫീഖിന്റെ കരുത്തിലാണ് പാക് മികച്ച സ്‌കോര്‍ നേടിയത്. 323 പന്തുകളില്‍ നിന്നും പുറത്താവാതെ 160 റണ്‍സ് നേടിയാണ് താരം തിളങ്ങിയത്. 15 ഫോറുകളും മൂന്ന് സിക്‌സുകളും അടങ്ങുന്നതായിരുന്നു ഷഫീഖിന്റെ ഇന്നിങ്സ്.
നീണ്ട 47 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു പാക് താരം വെസ്റ്റ് ഇന്‍ഡീസില്‍ ടെസ്റ്റില്‍ 150+ റണ്‍സ് നേടുന്നത്. ഇതിന് മുമ്പ് 1977ല്‍ മജീദ് ഖാന്‍ ആയിരുന്നു വിന്‍ഡീസ് മണ്ണില്‍ 150 കടന്ന പാക് താരം. 167 റണ്‍സായിരുന്നു മജീദ് ഖാന്‍ വിന്ഡീസിനെതിരെ നേടിയത്. ഇപ്പോള്‍ 49 വര്‍ഷങ്ങളുടെ കാത്തിരിപ്പ് ഷഫീഖിന്റെ ബാറ്റിലൂടെ അവസാനിച്ചിരിക്കുകയാണ്.
ഒന്നാം ഇന്നിങ്‌സില്‍ ഷഫീഖിന് പുറമെ പാകിസ്ഥാന്‍ നിരയില്‍ ക്യാപ്റ്റന്‍ ബാബര്‍ അസാം, അസന്‍ അവായിസ് എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടിയും കരുത്തുകാട്ടി. 147 പന്തില്‍ 10 ഫോറുകളും ഒരു സിക്സും അടക്കം 88 റണ്‍സാണ് ബാബര്‍ സ്വന്തമാക്കിയത്. അസന്‍ 77 പന്തില്‍ നിന്നും 55 റണ്‍സുമാണ് നേടിയത്. 10 ഫോറുകള്‍ അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്സ്.
വിന്‍ഡീസ് ബൗളിങ്ങില്‍ ജോമല്‍ വാരിക്കന്‍ ആറ് വിക്കറ്റുകള്‍ നേടി മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. ഷമര്‍ ജോസഫ് രണ്ട് വിക്കറ്റും കാമര്‍ റോച്ച് ഒരു വിക്കറ്റും നേടി.
ഒന്നാം ഇന്നിങ്‌സില്‍ വിന്‍ഡീസ് 344 റണ്‍സാണ് നേടിയത്. ജസ്റ്റിന്‍ ഗ്രീവ്‌സ് 73 റണ്‍സും ക്യാപ്റ്റന്‍ റാസ്റ്റണ്‍ ചെയ്സ് 70 റണ്‍സും നേടി വിന്‍ഡീസ് നിരയില്‍ തിളങ്ങി. ബ്രാന്‍ഡന്‍ കിങ്സ് 46 റണ്‍സും നേടി മികവ് പുലര്‍ത്തി.
പാകിസ്ഥാന് വേണ്ടി സാജിദ് ഖാന്‍ നാല് വിക്കറ്റും മുഹമ്മദ് അലി, ഉബൈദ് ഷാ, അലി ഉസ്മാന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും വീഴ്ത്തി.
അതേസമയം പരമ്പരയിലെ ആദ്യ മത്സരത്തില്‍ പാകിസ്ഥാന്‍ 90 റണ്‍സിന് പരാജയപ്പെട്ടിരുന്നു. ഈ മത്സരം വിജയിച്ചുകൊണ്ട് പരമ്പര തൂത്തുവാരാനായിരിക്കും കരീബിയന്‍ പടയുടെ ലക്ഷ്യം. മറുഭാഗത്ത് പരമ്പര സമനിലയിലാക്കാന്‍ പാകിസ്ഥാന് വിജയം അനിവാര്യമാണ്.
Content Highlight: Abdullah Shafique score a historical century in West Indies