സിനിമാപ്രേമികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ആവേശം. രോമാഞ്ചത്തിന് ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഫഹദ് ഫാസിലാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബാംഗ്ലൂര്‍ പശ്ചാത്തലമാക്കി ഒരുങ്ങുന്ന ചിത്രത്തില്‍ രംഗന്‍ എന്ന ഗുണ്ടാ കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്. ചിത്രത്തിലെ ഫഹദിന്റെ ഗെറ്റപ്പ് വലിയ ചര്‍ച്ചയായിരുന്നു.

റിലീസിന് ഒരു ദിവസം ബാക്കിനില്‍ക്കെ വെല്‍ക്കം ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍. പക്കാ ലോക്കല്‍ ബീറ്റിന് കിടിലന്‍ ചുവടുകളുമായി നൃത്തം വെക്കുന്ന ഫഹദിനെയാണ് ടീസറില്‍ കാണിക്കുന്നത്. സുഷിന്റെ സംഗീതം തിയേറ്ററുകളെ ഇളക്കിമറിക്കുമെന്നതിനെ അടിവരയിടുന്നതാണ് ടീസറിലെ സംഗീതം.

അന്‍വര്‍ റഷീദ് എന്റര്‍ടൈന്മെന്റ്‌സിന്റെയും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സിന്റെയും ബാനറില്‍ അന്‍വര്‍ റഷീദും ഫഹദുമാണ് ചിത്രം നിര്‍മിക്കുന്നത്. രോമാഞ്ചത്തിലൂടെ സുപരിചിതനായ സജിന്‍ ഗോപുവും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ആശിഷ് വിദ്യാര്‍ത്ഥി, മന്‍സൂര്‍ അലി ഖാന്‍, ഹിപ്പ്സ്റ്റര്‍, മിഥുന്‍ ജയശങ്കര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.

ഈദ്-വിഷു ഫെസ്റ്റിവല്‍ സീസണ് യുവാക്കളെ ആകര്‍ഷിക്കാനുള്ള സകല ചേരുവകളും ഉള്‍പ്പെടുന്നതാണ് ആവേശമെന്നാണ് ഇതുവരെ പുറത്തുവന്ന അപ്‌ഡേറ്റുകള്‍ സൂചിപ്പിക്കുന്നത്. സമീര്‍ താഹിര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് വിവേക് ഹര്‍ഷനാണ്. ഏപ്രില്‍ 11ന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Aavesham welcome teaser out